SignIn
Kerala Kaumudi Online
Wednesday, 09 July 2025 8.59 AM IST

മന്ത്രി ശിവൻകുട്ടിയുടെ ഉറപ്പും പ്രതിപക്ഷത്തിന്റെ രോഷവും

Increase Font Size Decrease Font Size Print Page

sivankutty

അർഹരായ കുട്ടികൾക്കെല്ലാം പ്ലസ് വൺ പ്രവേശനമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ഉറപ്പിനെ, കുറുപ്പിന്റെ ഉറപ്പ് പോലെയായി പ്രതിപക്ഷം സംശയിച്ചാൽ മന്ത്രി എന്തു ചെയ്യാനാണ്!

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടിക്ക് പോലും അഡ്മിഷനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്ലസ് വൺ വിഷയത്തിൽ ഉപക്ഷേപം അവതരിപ്പിക്കവെ ഉത്‌കണ്ഠാകുലനായി. കണക്ക് പറഞ്ഞ് വാദപ്രതിവാദത്തിനൊന്നും നിൽക്കുന്നില്ലെന്ന്,​ സമാധാനത്തിന് നോബൽ സമ്മാനം കിട്ടാൻ പോലും യോഗ്യതയുള്ളത്ര താഴ്മയോടെ മന്ത്രി ശിവൻകുട്ടി ഉണർത്തിച്ചു. എന്നിട്ടദ്ദേഹം പതിവുപോലെ, സീറ്റ് കണക്കുകൾ വായിക്കാനോങ്ങി. കണക്ക് വേണ്ടെന്ന് പ്രതിപക്ഷത്തെ ഘടാഘടിയൻ അംഗങ്ങളെല്ലാവരും എഴുന്നേറ്റ് ബഹളവും കൂട്ടി. ബഹളമൊരു പരിഹാരമാർഗമല്ലെന്നായിരുന്നു ശിവൻകുട്ടി തത്വം. രണ്ടാം അലോട്ട്മെന്റ് ഈ മാസം 23ന് പൂർത്തിയായാൽ ആർക്കൊക്കെ കിട്ടി, കിട്ടിയില്ല എന്ന കണക്കെല്ലാമെടുത്ത് സമാധാനമുണ്ടാക്കാമെന്ന് മന്ത്രി അറിയിച്ചു.

മൂന്നാമത്തെ പ്രാവശ്യം ഈ വിഷയമുന്നയിച്ചപ്പോഴും ഒരേ മറുപടിയാണ് മന്ത്രി തരുന്നതെന്ന് പ്രതിപക്ഷനേതാവ് രോഷാകുലനായി. കുട്ടികളുടെ ഉത്കണ്ഠ തീർത്തുതരൂ എന്നഭ്യർത്ഥിച്ച് അദ്ദേഹം ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു. ആവർത്തനമല്ല തന്റെ മറുപടിയെന്നും പ്രതിപക്ഷത്തിന് ദുഷ്ടലാക്കാണെന്നും സമാധാനവസ്ത്രം ഊരിവച്ച് മന്ത്രി ശിവൻകുട്ടിയും കയർത്തു.

ചിറക് മുളച്ച പക്ഷിയുടെ മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നത് സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്ന് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഇഴച്ചിലിനെപ്പറ്റി എം. വിൻസന്റ് സങ്കടപ്പെട്ടു. 2019 ഡിസംബറിൽ തീർക്കേണ്ട പദ്ധതി തീരാത്തതാണ് വിൻസന്റിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയമായത്. കാലാവസ്ഥാവ്യതിയാനങ്ങളും ഓഖി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും പദ്ധതിപ്രവർത്തനത്തെ ബാധിച്ചെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പറഞ്ഞ തീയതിക്ക് തീർത്തില്ലെങ്കിൽ പ്രതിദിനം 12ലക്ഷം രൂപ നിർമ്മാണക്കമ്പനിയിൽ നിന്ന് പിഴയീടാക്കണമെന്ന കരാർവ്യവസ്ഥ നടപ്പാക്കുമോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ആരും ഉത്തരം നൽകിയില്ല.

സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനദ്ധ്യാപകർക്ക് കൃത്യമായ സേവന-വേതന വ്യവസ്ഥകളുറപ്പാക്കുന്ന ബിൽ സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു. ഡിജിറ്റൽ സർവകലാശാലാബിൽ പാസാക്കി. സ്വാശ്രയരംഗത്തെ നിലവാരത്തകർച്ച മികച്ച അക്കാഡമിക് മസ്തിഷ്കങ്ങളെ സംസ്ഥാനത്തെത്തിക്കണമെന്ന ഇടതുസർക്കാരിന്റെ ലക്ഷ്യത്തിന് വിലങ്ങാകുന്നുവെന്ന് സ്വാശ്രയ ബില്ലവതരിപ്പിച്ച മന്ത്രി ആർ. ബിന്ദു പറഞ്ഞു. "അതിന് വേണ്ടിയാണ് ബിൽ, അല്ലാതെ സ്വാശ്രയസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തിലേക്ക് കടന്നുകയറാനല്ല"- പ്രതിപക്ഷത്തെ ചില 'ക്രമപ്രശ്ന'ക്കാരുടെ സംശയങ്ങൾ മന്ത്രി ദൂരീകരിക്കാൻ ശ്രമിച്ചു.

ബിൽ ചർച്ചയിൽ ആകാശത്തിന് കീഴിലെ ഏത് രാഷ്ട്രീയവും പറയാൻ വിനിയോഗിക്കുന്ന പ്രവണത ശക്തിപ്പെടുന്ന സാഹചര്യത്തിൽ സമയക്രമം പാലിക്കാനും ബില്ലിലൊതുങ്ങി ചർച്ചയെ ഗൗരവമാക്കാനുമായി ഗവ. ചീഫ് വിപ്പ് എൻ. ജയരാജ് ക്രമപ്രശ്നം കൊണ്ടുവന്നു. സർക്കാരിന്റെ ഇംഗിതത്തിനൊത്തുള്ളതും സ്പീക്കർ ഇച്ഛിച്ചതുമായ ക്രമപ്രശ്നമായതിനാൽ തിരുവഞ്ചൂരിന് ദഹിച്ചില്ല. അംഗങ്ങളുടെ,​ പറയാനുള്ള സ്വാതന്ത്ര്യത്തെ തടസപ്പെടുത്തരുതെന്ന് പറഞ്ഞ് തിരുവഞ്ചൂർ ഇടപെട്ടു. സഭയുടെ കളക്ടീവ് വിസ്ഡം പരിഗണിച്ചുള്ള സമയക്രമം ഉചിതമാകുമെന്ന്, ചെയറിനുള്ള അധികാരമടക്കം ഉദ്ധരിച്ച് സ്പീക്കർ റൂളിംഗ് നൽകിയിട്ടുണ്ട്. ഭാവി എങ്ങനെയാകുമെന്ന് കണ്ടറിയാം.

TAGS: MIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.