SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.16 AM IST

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: പരമാവധി ശിക്ഷ നൽകിയെന്ന് ഐ.ജിയുടെ റിപ്പോർട്ട്

Increase Font Size Decrease Font Size Print Page
pink

തിരുവനന്തപുരം: മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയെയും പിതാവ് ജയചന്ദ്രനെയും ആറ്റിങ്ങലിൽ നടുറോഡിൽ പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരിയുടെ റിപ്പോർട്ട്. മൊബൈൽ ഫോൺ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. ഇടപെടലിലും വീഴ്ചയുണ്ടായി. എന്നാൽ, മോശം ഭാഷ ഉപയോഗിക്കുകയോ ജാതി അധിക്ഷേപം നടത്തുകയോ ചെയ്തിട്ടില്ല. തെറ്റാണെന്ന് മനസിലായിട്ടും മാപ്പു പറഞ്ഞില്ലെന്ന കുറ്റത്തിന് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി. 15 ദിവസത്തെ നല്ലനടപ്പിനയച്ചു. ഇതിലധികം 'ശിക്ഷിക്കാനു"ള്ള തെറ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

എന്നാൽ,​ ജയചന്ദ്രന്റെയോ മകളുടെയോ മൊഴിയെടുക്കാതെ, ഏകപക്ഷീയമായി ഐ.ജി തയ്യാറാക്കിയ റിപ്പോർട്ട് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. അന്വേഷണത്തിലെ നടപടിക്രമങ്ങൾ പാലിക്കാത്തത് കുരുക്കാവും. ബാലാവകാശ, പട്ടികജാതി പട്ടികഗോത്രവർഗ, മനുഷ്യാവകാശ കമ്മിഷനുകൾ സ്വമേധയാ കേസെടുക്കുകയും പരാതിക്കാരെ വിളിപ്പിച്ച് മുഖ്യമന്ത്രി നീതി ഉറപ്പുനൽകുകയും ചെയ്ത ശേഷമാണ് ഐ.ജിയുടെ ഈ റിപ്പോർട്ട്.

രജിതയ്ക്ക് പൊലീസ് യൂണിഫോമിൽ ജനങ്ങളുമായി ഇടപെടുന്ന ചുമതലകൾ നൽകരുതെന്നും ശക്തമായ ശിക്ഷാനടപടിയെടുക്കണമെന്നും പട്ടികജാതി, ഗോത്ര വർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി ഉത്തരവിട്ടിരുന്നു. ആഴ്ചയിലൊരുദിവസം യൂണിഫോമിടാവുന്ന കൊല്ലം ക്രൈം റെക്കാഡ്സ് ബ്യൂറോയിലാണ് രജിതയെ മാറ്റിനിയമിച്ചത്.

 നിർദ്ദേശം നടപ്പായില്ല

ജാതീയമായ അടിച്ചമർത്തലുണ്ടായോ എന്ന് ഡി.ജി.പി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അന്വേഷണം നടത്തണമെന്നും പട്ടികജാതി കമ്മിഷൻ നിർദ്ദേശിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

പിങ്ക് പൊലീസിന്റെ ലക്ഷ്യം ബോദ്ധ്യപ്പെടുത്താൻ സേനാംഗങ്ങൾക്ക് പരിശീലനം നൽകണമെന്ന നിർദ്ദേശത്തിലും നടപടിയുണ്ടായില്ല.

 കേസെടുക്കാൻ നിരവധി വകുപ്പുകൾ

കുട്ടിക്ക് മാനസികാഘാതമുണ്ടാക്കിയത് ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ 75പ്രകാരം കുറ്റകരം

ക്രിമിനൽ ഉദ്ദേശ്യത്തോടെ വിരട്ടിയതിനും ഭീതിയുണ്ടാക്കിയതിനും ഐ.പി.സി 503, അപമാനവും വ്യഥയുമുണ്ടായതിന് ഐ.പി.സി 504 പ്രകാരവും കേസെടുക്കാം

മാനസിക പീഡനത്തിൽനിന്നടക്കം കുട്ടികളെ സംരക്ഷിക്കാനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട്, കെയർ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് എന്നിവയിലെ വകുപ്പുകളും ചുമത്താം

എന്റെ ഭാഗംകേൾക്കാതെയാണ് ഐ.ജിയുടെ റിപ്പോർട്ട്. പൊലീസുകാരിയെ വീടിനടുത്തേക്ക് മാറ്റിയതാണോ നടപടി? നീതികിട്ടുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.

-ജയചന്ദ്രൻ,

പരാതിക്കാരൻ

TAGS: PINK POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER