കൊല്ലം: അഴീക്കൽ ഗ്രാമവും തെക്കേടത്തുവീടും ഉറങ്ങിയിട്ട് മൂന്ന് ദിവസങ്ങളാവുന്നു. കഴിഞ്ഞ 13ന് അഴീക്കലിൽ കടലിൽ കാണാതായ രാഹുലിനായി തോരാത്ത കണ്ണുനീരുമായി കാത്തിരിക്കുകയാണ് അവർ. വൃദ്ധയും രോഗിയുമായ മാതാവ് കൃഷ്ണലീലയുടെയും പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന ഭാര്യ ഉണ്ണിമായയുടെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെയും ഏക ആശ്രയമായിരുന്നു കാണാതായ രാഹുൽ. പ്രതികൂല കാലാവസ്ഥയിലും രാഹുലിനായി
തെരച്ചിൽ തുടരുകയാണ്. 50 വള്ളങ്ങളിലായി നാട്ടുകാർ, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റ് ഗാർഡ് തുടങ്ങിയവരാണ് തെരച്ചിൽ നടത്തുന്നത്. മഴ കനത്തതോടെ തെരച്ചിൽ തുടരാനാവാത്ത സ്ഥിതിയാണിപ്പോൾ. അഴീക്കലിൽ നിന്ന് ദേവീ പ്രസാദം വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലെ അംഗമായിരുന്ന 32വയസുകാരനായ രാഹുൽ കഴിഞ്ഞ 13ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വള്ളത്തിൽ നിന്ന് കടലിൽ വീണത്. അഴീക്കലിൽ നിന്ന് 14 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
രാഹുലിന് ആറുവയസുള്ളപ്പോഴാണ് പിതാവ് രാജേന്ദ്രൻ മരിക്കുന്നത്. പിന്നെ മാതാവ് കൃഷ്ണ ലീല പശുവിനെ വളർത്തിയും കൃഷിപ്പണി ചെയ്തുമാണ് ഏക മകനെ വളർത്തിയത്. രണ്ടു വയസുള്ള ആരുഷും ഏഴ് മാസം പ്രായമായ ആദികേശുവുമാണ് മക്കൾ. കൃഷ്ണ ലീലയും ഉണ്ണി മായയും ഉറങ്ങിയിട്ട് ദിവസങ്ങളാകുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ രാഹുലിനെ കടലമ്മ തിരിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.