SignIn
Kerala Kaumudi Online
Tuesday, 24 May 2022 2.33 PM IST

പരിസ്ഥിതിയെ തഴയുന്ന രാഷ്‌ട്രീയ കേരളം

vivadavela

ഒരു ഭാഗത്ത് കടലും ഒരു ഭാഗത്ത് മലയും നടുക്ക് കുറച്ച് സ്ഥലത്ത് ഒഴുകാൻ 44 നദികളും എന്ന അവസ്ഥയിൽ നില്‌ക്കുന്ന കേരളത്തിൽ വികസനപദ്ധതികൾ നടപ്പാക്കാനുള്ള ബുദ്ധിമുട്ട് നിയമസഭയിൽ വിവരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിൽ സുസ്ഥിര വികസനമാണ് സാദ്ധ്യമെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അപ്പറഞ്ഞതിൽ ചില കൂട്ടിച്ചേർക്കലുകളും നടത്തി. കിഴക്കുഭാഗത്ത് വനനിയമവും ഇടഭാഗത്ത് നെൽവയൽ സംരക്ഷണ നിയമവും തീരത്ത് തീരപരിപാലന നിയമവുമുള്ള കേരളമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒപ്പം വികസനവിരോധികളല്ല പ്രതിപക്ഷമെന്ന് സ്ഥാപിക്കാനുള്ള ശ്രമവും നടത്തേണ്ടി വന്നു അദ്ദേഹത്തിന് !

കഴിഞ്ഞ ചൊവ്വയും ബുധനും കേരള നിയമസഭയിൽ മുഴങ്ങിക്കേട്ടത് പരിസ്ഥിതിയുടെ വേദനയായിരുന്നു. തീരപരിപാലന നിയമവും അർദ്ധ അതിവേഗ റെയിൽപാതയും പ്രതിപക്ഷം രണ്ട് ദിവസങ്ങളിലായി അടിയന്തരപ്രമേയത്തിന്റെ രൂപത്തിൽ സഭയിലുയർത്തി. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഇരുമുന്നണികളുടെയും തത്രപ്പാടിൽ പ്രതിഫലിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. (കൂട്ടത്തിലല്പം ഉയർന്ന പരിസ്ഥിതിരാഷ്ട്രീയം പ്രഖ്യാപിച്ചത് പ്രതിപക്ഷനേതാവാണെന്ന് പറയാതെ വയ്യ.)

യാദൃശ്ചികമെന്ന് പറയട്ടെ, സഭയിലുയർന്നു കേട്ട ആകുലതകൾ കഴിഞ്ഞ ദിവസം കേരളത്തിൽ ഒരിക്കൽകൂടി ആവർത്തിച്ചു. കോട്ടയം കൂട്ടിക്കലിലെ ഉരുൾപൊട്ടൽ ദുരന്തം 2018ലെ മഹാപ്രളയത്തിന്റെയും തൊട്ടടുത്ത വർഷം വയനാട്ടിലും മലപ്പുറത്തും പോയ വർഷം ഇടുക്കി പെട്ടിമുടിയിലും സംഭവിച്ചതിന്റെ ആവർത്തനം.

രാജ്യത്ത് ഏറ്റവും സുരക്ഷിതവും സുഖകരവുമായ ജീവിതാന്തരീക്ഷവുമുള്ള ഇടമെന്ന പേരൊക്കെ കേരളത്തിന് നഷ്‌മായിരിക്കുന്നു. ഏതുതരം പ്രകൃതിദുരന്തവും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നാടായി കേരളം മാറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കൂട്ടിക്കൽ ദുരന്തം. കേരളത്തിന്റെ ഭൂപ്രകൃതി അറിഞ്ഞ് പെരുമാറുന്നവർക്ക് ഒട്ടും അദ്ഭുതമായി തോന്നുന്നില്ല ഈ ദുരന്തങ്ങൾ. പക്ഷേ രാഷ്ട്രീയനേതൃത്വങ്ങൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി കണ്ണടച്ചുകൊടുക്കാൻ നിർബന്ധിതരാകുന്നത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിപ്പിക്കുകയുമാണ്.

അശാസ്ത്രീയ ഭൂവിനിയോഗം

പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറൻ ചരിവിലായി കിടക്കുന്നതാണ് കേരളമെന്ന ഭൂപ്രദേശം. തീർത്തും പരിസ്ഥിതിലോല മേഖല. അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലുമായി നടപ്പിലാക്കപ്പെട്ട ഭൂപരിഷ്കരണം കേരളീയ ജീവിതത്തിനുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. വ്യക്തികൾക്ക് ഭൂമിക്കുമേൽ സ്ഥാപിച്ചു കിട്ടിയ അധീശത്വം നമ്മുടെ പരിസ്ഥിതിയെ വല്ലാതെ മാറ്റിമറിച്ചുകളഞ്ഞു. കേരളത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുത്ത് ഭൂവിനിയോഗം ഏതുതരത്തിലാകണമെന്ന ശാസ്ത്രീയ നയമോ സമീപനമോ ഇന്നുവരെ ഉണ്ടായിട്ടില്ല. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം സമ്മർദ്ദമേറ്റുന്നു. സമുദ്രത്തിന് ചൂട് കൂടുന്നു.

ഈ വർഷത്തെ ഭൗമദിനാചരണത്തിന്റെ മുദ്രാവാക്യം ഭൂമിയെ വീണ്ടെടുക്കുക എന്നതായിരുന്നു. ഭൂമിക്ക് അതിന്റെ സത്ത എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന സൂചനയാണല്ലോ അത്തരമൊരാഹ്വാനം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ആ നഷ്ടപ്പെട്ട സത്ത വീണ്ടെടുക്കുന്നതിന് പകരം, കേരളമടക്കമുള്ള ഭൂഭാഗങ്ങളിലെ മാനവരാശി ഭൂമിക്കുമേൽ കൂടുതൽ കടന്നാക്രമണം നടത്തുന്നു. ഇതാണ് ദുരന്തത്തിന്റെ ആഘാതമേറ്റുന്നത്.

പാരിസ്ഥിതിക ആശങ്കകളെ തീരെ പരിഗണിക്കാതെ വികസനത്തിന്റെ ബുൾഡോസറുകൾ അടിച്ചേല്പിക്കാൻ ഭരണകൂടങ്ങൾ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നു. അടിയ്‌ക്കടിയുണ്ടായ പ്രകൃതിദുരന്തങ്ങളിൽ നിന്ന് നാമെന്തെങ്കിലും പാഠങ്ങൾ പഠിച്ചോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടിയിരിക്കുന്നു.

2018ലെ മഹാപ്രളയത്തിന് ശേഷം നെതർലൻഡ്സിൽ പോയിവന്ന മുഖ്യമന്ത്രി, അവിടെ കണ്ട റൂം ഫോർ ദ റിവർ പ്രോജക്ട് കേരളത്തിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കാര്യം നിയമസഭയിൽ ഓർമ്മിപ്പിച്ചത് പ്രതിപക്ഷനേതാവാണ്. അതായത് വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്ന്. യഥാർത്ഥത്തിൽ കേരളത്തിലെ അവസ്ഥയെന്താണ് ? വെള്ളത്തിന് ഒഴുകിപ്പോകാൻ സ്ഥലമില്ലെന്ന് മാത്രമല്ല, മുമ്പ് ഒഴുകിപ്പോയിരുന്ന സ്ഥലങ്ങൾ പോലും അപ്രത്യക്ഷമായിരിക്കുന്നു. കഴിഞ്ഞദിവസത്തെ പേമാരിയിൽ ഇതുവരെ വെള്ളം കയറാത്ത ഇടങ്ങളിൽപ്പോലും വെള്ളം കയറിയത് ഇതിന്റെ സൂചനയാണ്.

കുട്ടനാട് മേഖലയെ ഏതാണ്ട് വെള്ളം കവർന്നുകഴിഞ്ഞതു പോലെയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി കുട്ടനാട്ടുകാർ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവില്ല.

കൂട്ടിക്കലിലുണ്ടായത്

കൂട്ടിക്കലിൽ ഇതാദ്യമായാണ് ഇത്രയും വലിയ ദുരന്തമുണ്ടാകുന്നതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കൂട്ടിക്കൽമേഖല പൊതുവിൽ ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശമായിരുന്നില്ല. ഈ മാറ്റം വ്യക്തമാക്കുന്നത് നമ്മുടെ ഭൂവിനിയോഗത്തിലെ അശാസ്ത്രീയത അതിരുകടന്നിരിക്കുന്നു എന്നാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

"ഈ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിന് 4- 5 കിലോമീറ്റർ ചുറ്റളവിലായി മൂന്ന് ക്വാറികളാണ് സജീവമായി പ്രവർത്തിച്ചുവരുന്നത്. അതിന്റെ സ്വാഭാവികമായ പരിണതിയാണിത്. അവിടെ താമസിക്കുന്ന ആളുകളെ പഴിപറയേണ്ട. ക്വാറികൾ എവിടെയൊക്കെ, എങ്ങനെയൊക്കെ, എത്രത്തോളം ആകാമെന്നത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്താതെ അനുവദിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ദുരന്തമാണിത്. മുമ്പൊക്കെ നദീതീരത്ത് ആളുകൾ വീടോ കെട്ടിടമോ നിർമ്മിക്കില്ലായിരുന്നു. ഇപ്പോൾ വാട്ടർ ഫ്രണ്ടേജ് അപാർട്ട്മെന്റ് എന്ന ഓമനപ്പേരിൽ ആളുകളെ ആകർഷിക്കാനായി അതും ചെയ്യുന്നു. അശാസ്ത്രീയ തടയണകളുടെയും പാലങ്ങളുടെയും നിർമ്മാണം, കുളങ്ങളും ചാലുകളും നെൽവയൽ-നീർത്തടങ്ങളും നികത്തൽ എന്നിവയെല്ലാം പ്രകൃതിയുടെ ആവാസവ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുകയാണ്"- പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.കെ.വി. തോമസ് പറയുന്നു.

" വർഗീയകലാപത്തിന്റെ അസ്വസ്ഥതകളില്ലാത്ത നാടെന്ന ആശ്വാസമേ ഇന്നിപ്പോൾ കേരളത്തെപ്പറ്റി പറയാനാകൂ.

ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തിൽ തീരെ സുരക്ഷിതമല്ലാത്ത ഇടമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ തീരങ്ങൾ ഒട്ടും സുരക്ഷിതമല്ലാതായി. ഹൈറേഞ്ച് മേഖലയാകട്ടെ തീർത്തും അപകടകരം. അപ്പോൾ ദുരന്തങ്ങൾ കേന്ദ്രീകരിക്കുന്നത് ഇടനാടിലാണ്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായത് കൂനിന്മേൽ കുരുവാകുന്നു. അറബിക്കടലിന്റെ ചൂട് 1.2 ഡിഗ്രി സെൽഷ്യസാണ്. അതാണിപ്പോൾ ന്യൂനമർദ്ദമുണ്ടാക്കിയതും മേഘവിസ്ഫോടനത്തിലേക്ക് നയിച്ചതുമെല്ലാം. നമ്മുടെ കാലാവസ്ഥയെ നിർവചിക്കാൻ പഴയകാല ഡേറ്റകളെല്ലാം അപ്രസക്തമായിരിക്കുകയാണ് " - പരിസ്ഥിതിശാസ്ത്രജ്ഞനായ വി.കെ. മധുസൂദനൻ പറയുന്നു.

ഗാഡ്ഗിലും കേരളവും

പശ്ചിമഘട്ടം നേരിടുന്ന നശീകരണഭീഷണി കണക്കിലെടുത്താണ് ആ മലനിരകളെ ആശ്രയിക്കുന്നവരുടെ ആവശ്യം കണക്കിലെടുത്ത് 2010 മാർച്ചിൽ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട വിദഗ്ദ്ധസമിതി രൂപീകരിച്ചത്. പശ്ചിമഘട്ടമേഖലയുടെ പരിധിയിൽ വരുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ, തദ്ദേശീയർ, വ്യവസായികൾ എന്നിവരുമായെല്ലാം ചർച്ചനടത്തി തയാറാക്കിയ റിപ്പോർട്ട് 2011 ആഗസ്റ്റിൽ കേന്ദ്രത്തിന് സമർപ്പിച്ചു. 2012 മേയ് വരെയും അത് ഫയലിലുറങ്ങി !

റിപ്പോർട്ട്, പ്രാദേശികമായി മൊഴിമാറ്റം ചെയ്തശേഷം കൂടുതൽ വിശദമായ ചർച്ചകൾ നടത്താമെന്ന് സമിതി കണക്കുകൂട്ടിയെങ്കിലും അത് നടന്നില്ലെന്ന് ഗാഡ്ഗിൽ തന്നെ പറഞ്ഞിട്ടുണ്ട്. പകരം വളരെ പ്രതികൂലമായ ചുറ്റുപാടുകളാണ് സംജാതമായത്. റിപ്പോർട്ട് അനുവദിക്കുന്നതും നിഷ്കർഷിക്കുന്നതും സംരക്ഷിക്കുന്നതും എന്താണെന്നറിയുന്നതിനുള്ള ശ്രദ്ധാപൂർവമുള്ള വായനപോലും നടത്താതെ വികസനം വഴിമുട്ടുന്നുവെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരുകൾ പോലും റിപ്പോർട്ടിനെ എതിർത്തെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തി.

ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ അന്ന് ഉയർന്നുകേട്ട പ്രധാന വിമർശനം അത് കർഷകവിരുദ്ധമാണെന്നും റിപ്പോർട്ടിലെ ശുപാർശകൾ മുഴുവൻ നടപ്പായാൽ കർഷകൻ മലയിറങ്ങേണ്ടി വരുമെന്നുമായിരുന്നു. മാറുന്ന കാലാവസ്ഥയും മണ്ണൊലിപ്പും മലയിടിച്ചിലും മറ്റും കാലാകാലങ്ങളായി പശ്ചിമഘട്ട മലയോര മേഖലയിലെ തെറ്റായ ഭൂവിനിയോഗത്തിന്റെയും വനനശീകരണത്തിന്റെയും അനിയന്ത്രിത നിർമ്മാണങ്ങളുടെയും ബാക്കിപത്രമാണെന്നിരിക്കെ, പരിസ്ഥിതി പുനരുദ്ധാരണം വഴി കാർഷികാടിത്തറ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നതെന്ന യാഥാർത്ഥ്യം ബോധപൂർവം ചില സ്ഥാപിത കേന്ദ്രങ്ങൾ മറച്ചുവയ്ക്കുകയായിരുന്നു.

അങ്ങേയറ്റം ജനാധിപത്യപരമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. പരിസ്ഥിതി ദുർബലമേഖലകളുടെ രൂപീകരണത്തിനും നടത്തിപ്പിനും സർക്കാർ ഏജൻസികളെ മാത്രം ആശ്രയിക്കുന്നത് ഉചിതമല്ലെന്ന് ഗാഡ്ഗിൽ സമിതി പറഞ്ഞു. വില്ലേജ് അതിർത്തികളും സൂക്ഷ്മ നീർമറികളും കണക്കിലെടുത്ത് സോണുകളുടെ അന്തിമാതിർത്തി തീരുമാനിക്കുന്നതും നിയന്ത്രണങ്ങളും പ്രോത്സാഹനങ്ങളും അടങ്ങിയ നിർദ്ദേശങ്ങൾ അന്തിമമാക്കുന്നതും പ്രാദേശിക സമൂഹങ്ങളിൽ നിന്നാവണം. ഗ്രാമ, താലൂക്ക്, ജില്ലാപ്പഞ്ചായത്തുകൾ, നഗരപാലികകൾ തുടങ്ങിയ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വലിയതോതിൽ അഭിപ്രായങ്ങൾ സ്വീകരിക്കണം. അത് പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയുടെയും സംസ്ഥാന അതോറിറ്റിയുടെയും ജില്ലാതല അതോറിറ്റികളുടെയും മേൽനോട്ടത്തിലും വേണം. ഇത് ഗ്രാമപഞ്ചായത്തുകൾ, താലൂക്ക് പഞ്ചായത്തുകൾ, ജില്ലാപ്പഞ്ചായത്തുകൾ, നഗരപാലികകൾ എന്നീ തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശികസമൂഹത്തിന്റെയും പങ്കാളിത്തത്തോടെയും പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയുടെയും സംസ്ഥാനതല അതോറിറ്റിയുടെയും ജില്ലാകമ്മിറ്റികളുടെയും പൊതുവായ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംവിധാനമായിരിക്കണം എന്നെല്ലാം സമിതി നിർദ്ദേശിച്ചു.

പ്രാദേശികമായ ജനപങ്കാളിത്തമില്ലാതെ പരിസ്ഥിതിസംരക്ഷണം പ്രായോഗികമല്ലെന്ന ജനാധിപത്യ ഉള്ളടക്കം അതീവജാഗ്രതയോടെ വച്ചുപുലർത്തിയ ഒരു സമിതി റിപ്പോർട്ടിനെ, ശത്രുപക്ഷത്ത് നിറുത്താൻ കൈയേറ്റ, ഖനന മാഫിയകൾ വലിയതോതിൽ ശ്രമിച്ചപ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ അഭയം തേടുന്ന രാഷ്ട്രീയനേതൃത്വങ്ങൾ അതിന് നിസഹായമായി കീഴടങ്ങുകയായിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഗാഡ്ഗിൽ സമിതിയെ പിന്തുണച്ചുവെന്ന ഒറ്റക്കാരണത്താൽ, ഇപ്പോഴത്തെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായ പി.ടി. തോമസിന് ഇടുക്കി ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ടതും ഓർക്കുക. പാരിസ്ഥിതികബോദ്ധ്യം ഉയർത്തിപ്പിടിക്കേണ്ട ഇടതുപക്ഷരാഷ്ട്രീയവും 'പ്രായോഗികമായ ബുദ്ധിമുട്ടുകളാൽ' കണ്ണടച്ചു!

ജലസ്രോതസുകൾ, ജലാശയങ്ങൾ, പ്രത്യേക വാസകേന്ദ്രങ്ങൾ, ഭൂമിശാസ്ത്രപരമായി പ്രത്യേകതയുള്ള ഇടങ്ങൾ, ജൈവവൈവിദ്ധ്യ സമ്പന്നമായ സ്ഥലങ്ങൾ, വിശുദ്ധവനങ്ങൾ എന്നിവിടങ്ങളിൽ യാതൊരു കടന്നുകയറ്റവും അനുവദിക്കരുതെന്ന് ഭൂവിനിയോഗം സംബന്ധിച്ച ഭാഗത്ത് ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ചിരുന്നു. ഇത് ഏത് ഖനന, ഭൂ മാഫിയയെ ആണ് പ്രകോപിപ്പിക്കാതിരിക്കുക! പക്ഷേ, അതിന്റെ വില നല്കേണ്ടി വരുന്നത് പ്രദേശവാസികളായ യഥാർത്ഥ കർഷകരാണെന്നത് എല്ലാവരും വിസ്മരിച്ചു. ഉരുൾപൊട്ടൽ ദുരന്തങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതുകൂടിയാണ്.

കെ-റെയിലും വികസനവും

ഇപ്പോൾ കേരളരാഷ്ട്രീയത്തിലെ സംവാദം കെ-റെയിൽ പദ്ധതിയുടെ ഭാഗമായുള്ള അർദ്ധ അതിവേഗ റെയിൽപാതയാണ്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് നാല് മണിക്കൂർ യാത്ര എന്നതാണ് അർദ്ധ അതിവേഗ റെയിൽപാതയുടെ (സിൽവർലൈൻ) പ്രധാന ആകർഷണം.

നദിക്ക്, വെള്ളത്തിന് ഒഴുകാൻ സ്ഥലം കണ്ടെത്താൻ പ്രയാസപ്പെടുന്ന കേരളത്തിൽ കൂടുതൽ ആഘാതം സൃഷ്ടിക്കാനുതകുന്ന പദ്ധതിയെന്ന് വിമർശകർ വാദിക്കുന്നു. റോഡുകളിലെ അനിയന്ത്രിതമായ വാഹനപ്പെരുക്കവും ഗതാഗതക്കുരുക്കും കേരളത്തിനൊരു ബദൽ ഗതാഗതസംവിധാനം ആവശ്യപ്പെടുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനം സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന തരത്തിൽ അതനിവാര്യമാണെന്നാണ് വാദം.

പക്ഷേ ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന അർദ്ധ അതിവേഗ റെയിൽപാത ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് പോലുമില്ലാതെയാണെന്നതും നമ്മുടെ ഭൂവിനിയോഗത്തിലുണ്ടായ ഭീകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പാരിസ്ഥിതികപ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നില്ല എന്നതും ആശങ്കയുണർത്തുന്നുവെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ ഭൂവിനിയോഗ നയമില്ലാത്ത കേരളത്തിൽ, വലിയ തോതിലല്ലെങ്കിൽ പോലും ചതുപ്പുകളിലും നദികളിലും മറ്റുമായി റെയിലിംഗ് സംവിധാനത്തിന് നിർമ്മിതികൾ വേണ്ടിവരുന്നുവെന്നത് ആശങ്കയുണർത്തുന്നതാണെന്ന് ഡോ.കെ.വി. തോമസ് പറയുന്നു.

സാമ്പത്തികമായും സാമൂഹ്യമായും ആഘാതം കുറയ്ക്കുന്ന തരത്തിൽ അർദ്ധ അതിവേഗ റെയിൽപാതയുടെ അലൈൻമെന്റ് മാറ്റുന്നതാകും അഭികാമ്യമെന്ന് വി.കെ. മധുസൂദനൻ വാദിക്കുന്നു. തിരുവനന്തപുരം- കാസർകോട് യാത്ര നാല് മണിക്കൂറിൽ എന്നത് ആറ് മണിക്കൂറിലേക്ക് ആക്കിയാൽ ഇത്തരമൊരു മാറ്റം സാധിക്കും. അതുകൊണ്ട് കുഴപ്പവുമില്ല. ആളുകൾക്ക് എളുപ്പത്തിൽ സ്റ്റേഷനുകളിലെത്തിച്ചേരാനും യാത്രക്കാരുടെ എണ്ണം കൂട്ടാനും അതുപകരിക്കും. നിർമാണപ്രവൃത്തികളുടെ സമ്മർദ്ദം കുറയ്ക്കാം. അപ്പോൾ പാറകളുടെയും മറ്റുമുള്ള ഉപയോഗം കുറയ്ക്കാം എന്നെല്ലാമുള്ള നിർദ്ദേശങ്ങളാണ് മധുസൂദനൻ പങ്കുവയ്ക്കുന്നത്. ഒരു പരിധിവരെ അത് ആശാസ്യമാണ്.

പെരുകുന്ന നഗരവത്കരണം

1981ലെ സെൻസസനുസരിച്ച് 18.47ശതമാനമായിരുന്നു കേരളത്തിന്റെ നഗരവത്കരണം. ഇരുപത് വർഷം പിന്നിട്ടപ്പോഴും അത് 26 ശതമാനമായേ ഉയർന്നുള്ളൂ. എന്നാൽ തുടർന്നുള്ള പത്തുവർഷത്തിൽ ഭീതിദമായാണ് നഗരവത്കരണം വ്യാപിച്ചത്. 47.7ശതമാനത്തിലേക്കുയർന്നു. ഇത്തവണത്തെ സെൻസസ് പൂർത്തിയാകുമ്പോൾ അത് അറുപത് ശതമാനത്തിലേക്കുയരാം. നഗരവത്കരണം കൂടുമ്പോൾ സ്വാഭാവികമായും പാരിസ്ഥിതികഘടനയിലും അത് പ്രതിഫലിക്കും. വീടുകൾ, റോഡുകൾ, ഡ്രെയിനേജുകൾ, അതിനനുബന്ധമായ സേവനമേഖലകൾ എന്നിവയെല്ലാം ആഘാതം സൃഷ്ടിക്കുന്നത് പരിസ്ഥിതിയിലാണ്. തദ്ദേശസ്ഥാപനങ്ങളൊക്കെ ഒരു ശാസ്ത്രീയപഠനവുമില്ലാതെ പുതിയ റോഡുകൾ വെട്ടുമ്പോൾ അതുണ്ടാക്കുന്ന ആഘാതം വലുതാണെന്ന് പരിസ്ഥിതിപ്രവർത്തകനായ ഹരിലാൽ ചൂണ്ടിക്കാട്ടുന്നു.

ഭൂകമ്പത്തിന് ശേഷം നേപ്പാൾ ഭരണകൂടം റോഡ് നിർമാണത്തിലുൾപ്പെടെ പരീക്ഷിക്കുന്നത് പരിസ്ഥിതിയെ പരമാവധി സംരക്ഷിച്ചുള്ള വഴികളാണ്. ആ ഒരു പാരിസ്ഥിതികബോദ്ധ്യത്തിലേക്ക്, അടിക്കടി ദുരന്തങ്ങളുണ്ടായിട്ടും കേരളം പോലൊരു പുരോഗമനസമൂഹം ഇനിയെന്നാണ് ഉണരുക!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA, CONSERVATION OF NATURE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.