SignIn
Kerala Kaumudi Online
Saturday, 28 May 2022 9.35 AM IST

പേടിയുടെ ഇടിമിന്നൽ സ്വപ്‌നമായി 2018

mallappally

ഒക്ടോബർ ഇങ്ങനെയാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. മൂന്നാഴ്ച പിന്നിടുമ്പോൾ മഴ മുറിഞ്ഞ ദിവസങ്ങളുണ്ടായിരുന്നില്ല. അറബിക്കടലിൽ പതിവില്ലാതെ പ്രത്യേകമായി രൂപപ്പെട്ട ന്യൂനമർദ്ദം മലയോര മേഖലയെ ഭീതിപ്പെടുത്തിയാണ് പെയ്തത്. കാലാവസ്ഥ പ്രവചനം അടുത്ത നാളുകൾ വരെ ഏറെക്കുറെ കൃത്യമായി ഫലിച്ചിരുന്നു. എന്നാൽ, ഒക്ടോബർ 15നും 16നും പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്ന് വിദഗ്ദ്ധർ കരുതിയില്ല. ന്യൂനമർദ്ദം തെക്കുനിന്ന് വടക്കോട്ട് സഞ്ചരിച്ച് കേരളത്തെ വേണ്ടതിലധികം നനച്ച് ഒഴിഞ്ഞു പോകുമെന്നായിരുന്നു നിഗമനം. പക്ഷെ, വടക്കോട്ടു പോകേണ്ട മേഘത്തുണ്ടുകളെ കിഴക്കൻ മലനിരകൾ തടഞ്ഞു നിറുത്തിയപ്പോൾ മണിക്കൂറുകൾ നീണ്ടുനിന്ന മഴ അവിചാരിത നാശം വിതച്ചു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും എല്ലാമായി 2018ലെ മഹാ പ്രളയത്തെ ഒാർമിപ്പിക്കുന്ന ഭയാനകമായ സാഹചര്യമാണ് മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും സൃഷ്ടിച്ചത്.

മഴ മലബാറിലേക്ക് തിരിക്കുന്നുവെന്ന പ്രവചനം തെക്കൻ ജില്ലകളിൽ മുൻകരുതൽ നടപ‌ടികൾക്ക് പ്രാധാന്യമില്ലാതാക്കിയിരുന്നു. പ്രവചനം തെറ്റിച്ച് മഴ കനത്തപ്പോഴേക്കും തയ്യാറെടുപ്പുകൾക്ക് സമയം ലഭിക്കാതെവന്നു. മുണ്ടക്കയത്തും മണിമലയിലും മല്ലപ്പള്ളിയിലും അപ്രതീക്ഷിത നാശത്തിന് ഇടവരുത്തുകയും ചെയ്തു. മണിമലയാർ കരകവിഞ്ഞ് കുതിച്ചപ്പോൾ മല്ലപ്പള്ളി നഗരവും പരിസരങ്ങളുമാണ് മുങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ മുങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് സൈനിക ഹെലികോപ്ടറുകളും മത്സ്യബന്ധന ബോട്ടുകളും രംഗത്തിറങ്ങിയത് ആശ്വാസമായി.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമാണ് കാലംതെറ്റിയുള്ള മഴയ്ക്കും ഉരുൾപൊട്ടലിനും കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കുന്നുകളും മലകളും നിറഞ്ഞ പശ്ചിമഘട്ടത്തിൽ കുത്തനെയുള്ള ചരിവുകൾ കൂടുതലായുണ്ട്. വൻകിട ക്വാറികൾ, മൈനിംഗ്, പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവ പശ്ചിമഘട്ടത്തെ പ്രതികൂലമായി ബാധിച്ചതായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ആഗോള താപനത്തിനൊപ്പം മഴയുടെ വ്യാപ്തിയും തീവ്രതയും സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം മുൻനിറുത്തി വേണം സംസ്ഥാനത്ത് ഇനിയുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതും നിർമാണ പ്രവർത്തനങ്ങൾ നടത്താനുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യുവിന്റെ വിലയിരുത്തൽ. അടുത്ത അൻപത് വർഷത്തിനുള്ളിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാണ്.

മുൻകരുതലുകളില്ല

2018ലെ മഹാപ്രളയം നമുക്ക് വലിയൊരു പാഠമാണ്. 2019ലെ ആവർത്തന പ്രളയവും മുന്നിലുണ്ട്. യഥാർത്ഥത്തിൽ ഭയാനകമായ പ്രളയം 2019ലേതായിരുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. അപ്രതീക്ഷിതമായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കവളപ്പാറയിലും പുത്തുമലയിലും വയനാട്ടിലും കുട്ടനാട്ടിലുമെല്ലാം ദുരന്തം പെയ്തിറങ്ങി. മൂന്ന് വർഷം മുൻപ് തുടങ്ങിയ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള മുൻകരുതലുകൾ ഇല്ലാത്തത് ദുരന്തങ്ങൾ ആവർത്തിക്കാനിടയാക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ടോ മൂന്നോ ദിവസങ്ങളിലേക്കുള്ള മുൻകരുതലുകളാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്. അതിതീവ്ര മഴയുടെ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ നദീതീരങ്ങളിൽ താമസിക്കുന്നവരെയും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും താത്‌കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റുന്നു. മഴയൊഴിയുമ്പോൾ തിരികെ വീടുകളിലേക്ക്. പ്രളയം ഒഴിയുമ്പോൾ വീടുകൾക്കും സ്വത്തുക്കൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ വലുതാണ്. എല്ലാം ഒന്നേയെന്ന് തുടങ്ങേണ്ടുന്ന സ്ഥിതി. കാർഷിക ജോലികൾ ചെയ്തും മൃഗപരിപാലനത്തിലൂടെയും വരുമാനം കണ്ടെത്തുന്ന വലിയ ജനവിഭാഗത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടയുന്ന പ്രളയസ്ഥിതിയെ മറികടക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരുകൾ ഇപ്പോഴും ഉണർന്നിട്ടില്ല. വരൾച്ചക്കാലത്ത് നദീതീരങ്ങൾ കയ്യേറി വീടുകൾ നിർമിച്ച് താമസിച്ച പൂർവികരുടെ തലമുറകൾ കയ്യേറ്റം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പുഴയ്ക്ക് വഴി കൊടുക്കാതെയും പരിസ്ഥിതി നശിപ്പിച്ചും മുന്നേറുന്നവർക്ക് പ്രകൃതി നൽകുന്ന തിരിച്ചടിയാണ് പ്രളയം എന്ന നിരീക്ഷണങ്ങൾ ശക്തിയാർജ്ജിക്കുന്നുണ്ട്. കൈയ്യേറ്റം നടത്തുന്നവർക്ക് നേരെ കണ്ണടയ..ക്കുകയും ചൂഷണങ്ങൾക്ക് ചൂട്ടുപിടിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിരോധാഭാസം അരങ്ങേറുകയാണ്. ഖനന പ്രവർത്തനങ്ങളും അനധികൃത നിർമാണങ്ങളും കാരണം പശ്ചിമഘട്ടം പൊട്ടിത്തെറിയുടെ വക്കിലെന്ന് വിളിച്ചു പറഞ്ഞ ഗാഡ്ഗിലിനെ അധിക്ഷേപിക്കുന്ന ക്രൂരമായ മനോവ്യാപാരങ്ങളാണ് സംസ്ഥാനത്ത് കണ്ടത്. മതങ്ങളുട‌െ വൈകാരികതയെ ഉൗതിക്കത്തിച്ച് ആ മനീഷിക്കെതിരെ പോരാട്ടം നടത്തി. ഗാഡ്ഗിൽ റിപ്പോർട്ട് അവഗണനയുടെ അഗാധങ്ങളിലേക്ക് താഴ്ന്നു.

വേണം ദീർഘകാല പദ്ധതികൾ

കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതിക്ഷോഭങ്ങളെയും മുൻകൂട്ടി കണ്ട് ദീർഘകാലത്തേക്കുള്ള പ്രതിവിധി കണ്ടെത്താൻ ശാസ്ത്രജ്ഞരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ നിയമിക്കണമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കൊവിഡ് മഹാമാരിയെ നേരിട്ട വിജയകരമായ മാതൃക നമുക്കു മുന്നിലുണ്ട്. വിദഗ്ദ്ധ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്ന വലിയ നിരയാണ് കൊവിഡിനെ പ്രതിരോധിച്ചത്. പ്രകൃതിയുടെ വിളയാട്ടത്തെ അത്രത്തോളം ചെറുക്കാൻ കഴിയില്ലെങ്കിലും മുൻകരുതൽ സ്വീകരിക്കുന്നതിൽ വലിയ പരിഗണന നൽകേണ്ടതുണ്ട്. ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ ജനാധിവാസം ഏറെയുണ്ട്. നദികളോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലും നിരവധി വീടുകളുണ്ട്. ഇവരെ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കേണ്ടതുണ്ട്. 2018 മഹാപ്രളയത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമിച്ച് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഇൗ നടപടികൾ ദീർഘകാല അടിസ്ഥാനത്തിൽ പുനരധിവാസ പദ്ധതികളായി നടപ്പാക്കാനാവുമെന്നാണ് വിലയിരുത്തൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PTA DIARY, FLOOD
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.