SignIn
Kerala Kaumudi Online
Friday, 19 April 2024 5.52 AM IST

പൗരത്വരേഖയ്ക്ക് ലളിതപരിഹാരം

birth-certificate

തദ്ദേശസ്ഥാപനങ്ങൾ നല്‌കുന്ന ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി പരിഗണിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. പൗരത്വപ്രശ്നവുമായി ബന്ധപ്പെട്ട കേന്ദ്രനീക്കങ്ങൾ രാജ്യത്ത് വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവച്ചിരുന്നു. അസാമിലും മറ്റും പൗരത്വപ്രശ്നം കീറാമുട്ടിയായി തുടരുന്നു. ദേശീയ പൗരത്വരജിസ്റ്റർ സൃഷ്ടിക്കാനുള്ള കേന്ദ്ര ശ്രമം പ്രതിഷേധം കാരണം ഫലവത്തായിട്ടില്ല. അതിർത്തികൾക്കപ്പുറത്തുനിന്ന് കുടിയേറിയ വലിയൊരു വിഭാഗം ജനം അതിർത്തി സംസ്ഥാനങ്ങളിൽ കഴിയുന്നുണ്ട്. പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നവരാണ് അവരിൽ പലരും. ഈ വിഭാഗമാണ് നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി പൗരത്വപ്രശ്നത്തിൽ ഉഴലേണ്ടിവരുന്നത്.

സാങ്കേതികവിദ്യ പുരോഗതി പ്രാപിച്ച പശ്ചാത്തലത്തിൽ ജനന സർട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കാനും പൗരത്വരേഖയായി അംഗീകരിക്കാനും സാങ്കേതിക തടസമുണ്ടാകേണ്ടതില്ല. പല കാര്യത്തിലും ജനത്തെ ബുദ്ധിമുട്ടിക്കുന്ന സാങ്കേതികത്വങ്ങളുണ്ട് . സർക്കാർ സേവനങ്ങളിലെ പല നൂലാമാലകളും ഇപ്പോൾ ഇല്ലാതായത് ആശ്വാസകരമാണ്. ഡിജിറ്റൽ സംവിധാനം സാർവത്രികമായതോടെ സർട്ടിഫിക്കറ്റുകൾ എളുപ്പം ആവശ്യക്കാരിലെത്തുന്നുണ്ട്. പാസ്‌പോർട്ട് മുതലായ പ്രധാനപ്പെട്ട രേഖകൾക്കു പോലും കാത്തിരിപ്പും ക്ളേശങ്ങളും വേണ്ടെന്നായിട്ടുണ്ട്. ആധാർ കൊണ്ടുവന്നപ്പോൾ വൻ പ്രതിഷേധമുയർത്തിയവരും ആധാറിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. വിശ്വാസയോഗ്യമായ ഔദ്യോഗിക സാക്ഷ്യപത്രമായി ആധാർ സ്വീകരിക്കപ്പെടുന്നു. രാജ്യത്ത് പൗരത്വം തെളിയിക്കുന്നതിനു മാത്രമായി ഒരു രേഖയില്ലാത്ത സാഹചര്യത്തിൽ ജനന സർട്ടിഫിക്കറ്റ് ആ കുറവ് പരിഹരിക്കും. ആധാറുമായി ബന്ധിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാവും.

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൂട്ടിയിണക്കി നടപടിക്രമങ്ങൾ ലഘൂകരിച്ച് നടപ്പാക്കാനും ആലോചനയുണ്ട്. ഇതിനായി 60 ഇന കർമ്മപരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം താത്‌പ‌ര്യമെടുത്താണ് വിവിധ വകുപ്പുകൾ വഴി നടപ്പാക്കേണ്ട കർമ്മപദ്ധതിക്കു രൂപം നല്‌കിയിരിക്കുന്നത്. സാധാരണക്കാരായ വിദ്യാർത്ഥികളെ സഹായിക്കാൻ ചെലവു കുറഞ്ഞ പഠനോപകരണങ്ങൾ നിർമ്മിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. ടാബ്‌ലറ്റുകളും ലാപ്ടോപ്പുകളും മറ്റും ഇക്കൂട്ടത്തിൽപ്പെടും. ഓൺലൈൻ വിദ്യാഭ്യാസത്തിന് സാർവത്രിക പ്രചാരമായതോടെ സമൂഹത്തിലെ താഴെത്തട്ടുകളിലുള്ള കുട്ടികൾ പഠനോപകരണങ്ങളില്ലാതെ കഷ്ടപ്പെടുകയാണ്.

വികസനത്തിനും വളർച്ചയ്ക്കും തടസം നില്‌ക്കുന്ന നിയമങ്ങളും നടപടികളും ഒഴിവാക്കലും കർമ്മപരിപാടികളിൽ ഉൾപ്പെടുന്നു. വ്യവസായം തുടങ്ങാൻ ഓരോ വകുപ്പിലും കയറിയിറങ്ങേണ്ടുന്ന പഴഞ്ചൻരീതി പാടേ മാറ്റേണ്ടതുണ്ട്. വനം, പരിസ്ഥിതി നിയമങ്ങൾ പലതും വിരുദ്ധ സ്വഭാവത്തിലായത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പരിസ്ഥിതിവകുപ്പ് അനുവാദം നൽകുന്ന പദ്ധതികളെ വനംവകുപ്പ് എതിർക്കും. ഈ ബുദ്ധിമുട്ട് ഇല്ലാതാക്കാൻ ഏകീകൃത നിയമങ്ങളാണ് ആവശ്യം. വ്യവസായങ്ങൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും നയസമീപനങ്ങൾ ഉദാരമാകണം. അതിനിണങ്ങുന്ന കാര്യങ്ങൾ അറുപതിന കർമ്മപരിപാടിയിലുണ്ട്. വിദേശ രാജ്യങ്ങളുമായി ചേർന്ന് പത്ത് മേഖലകളിൽ ചെലവു കുറഞ്ഞ വ്യവസായങ്ങൾ തുടങ്ങാനും വ്യാപാരക്കരാറുകളിലൂടെ കൂടുതൽ തൊഴിലവസരം നൽകാനും പുതിയ സംരംഭകർക്കാവശ്യമായ സഹായം നൽകാനും നിർദ്ദേശങ്ങളുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കും മുന്തിയ പരിഗണന നൽകും.

ഇന്ത്യ പോലൊരു രാജ്യത്ത് സർവതല സ്പർശിയായ മാറ്റം ഒറ്റയടിക്കു സാദ്ധ്യമല്ലെന്ന് എല്ലാവർക്കുമറിയാം. അതിനുള്ള തീവ്രശ്രമം ഉണ്ടാകുന്നതു നല്ല കാൽവയ്പാണ്. പദ്ധതികളുടെ ഗുണഫലം അർഹരായവരിൽ എത്തിക്കുകയാണ് ഏറ്റവും പ്രധാനം. പല സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കിയതോടെ ചോർച്ച ഗണ്യമായി കുറയ്ക്കാനായി. സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അർഹരായവരിൽത്തന്നെ മുടക്കമില്ലാതെ എത്തുന്നുണ്ട്. നടപടിക്രമങ്ങളിലെ സാങ്കേതിക തടസങ്ങളും വകുപ്പുകൾക്കിടയിലെ ഏകോപനമില്ലായ്മയുമാണ് ശേഷിക്കുന്നത്. പുതിയ കർമ്മപദ്ധതി ഇതൊക്കെ ഉൾക്കൊണ്ട് തയ്യാറാക്കിയതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIRTH CERTIFICATE FOR CITIZENSHIP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.