SignIn
Kerala Kaumudi Online
Saturday, 21 May 2022 9.26 PM IST

ബിർസ മുണ്ട; ഇന്ത്യയുടെ അഭിമാന നക്ഷത്രം

-birsa-munda

ഇന്ത്യ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ കിരാതമായ ബ്രിട്ടീഷ് രാജിനെതിരെ നിർഭയം പോരാടിയ താരങ്ങൾക്കിടയിൽ ഉജ്വല നക്ഷത്രമായി തിളങ്ങി നില്‌ക്കുന്നു ഭഗവാൻ ബിർസ മുണ്ട . കേവലം 25 വർഷമായിരുന്നു മുണ്ടയുടെ ജീവിതം. വീരോചിതമായ പ്രവർത്തനങ്ങളും മാന്യമായ പെരുമാറ്റവും അദ്ദേഹത്തിന് അനേകം അനുയായികളെ നേടിക്കൊടുത്തു. ആ ജീവിതം ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെയുള്ള ശക്തമായ ചെറുത്തുനില്‌പായിരുന്നു. ഇന്നത്തെ ജാർഖണ്ഡിലെ ഉളിഹത്തു ഗ്രാമത്തിൽ, മുണ്ട ഗോത്ര കുടുംബത്തിൽ 1875 നവംബർ 15 ന് ബിർസ ജനിച്ചു. ബാല്യം കൊടിയ ദാരിദ്ര്യത്തിലായിരുന്നു. ഗോത്രസമൂഹങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തി മദ്ധ്യപൂർവ ഇന്ത്യയിലെ ഉൾവനങ്ങളിലേക്ക് ചൂഷിതരായ ബ്രിട്ടീഷ് ഭരണാധികാരികൾ നുഴഞ്ഞു കയറിയ കാലമായിരുന്നു അത്. ഗോത്രസമൂഹത്തിൽ അതുവരെ നിലനിന്നിരുന്ന ഖുന്ത്കട്ടി കാർഷിക സമ്പ്രദായം തകർത്തുകൊണ്ട് ഛോട്ടാ നാഗ്പൂർ പ്രവിശ്യയിൽ ബ്രിട്ടീഷുകാർ സെമിൻദാരി ജന്മിത്തഭരണം ആരംഭിച്ചു. ഗോത്രസമൂഹങ്ങളെ ചൂഷണം ചെയ്യാനായി ബ്രിട്ടീഷുകാർ പുറമെനിന്ന് വട്ടിപ്പലിശക്കാരെയും കരാറുകാരെയും ജന്മിമാരെയും കൊണ്ടുവന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ പിന്തുണയോടെ മിഷനറി പ്രവർത്തനങ്ങൾ കാട്ടിൽ താമസിച്ചിരുന്ന ആദിവാസികളുടെ മത- സാംസ്‌കാരിക ആചാരങ്ങളെ വ്രണപ്പെടുത്തി. തന്റെ കൺമുന്നിൽ സംഭവിക്കുന്ന ഈ കാര്യങ്ങളെല്ലാം നിരീക്ഷിച്ചാണ് ബാലനായ ബിർസ വളർന്നത്.

1880 കളിൽ ആ മേഖലയിൽ നടന്ന സർദാരി ലാറായി പ്രക്ഷോഭത്തെ വളരെ അടുത്തുനിന്ന് കാണാൻ യുവാവായ ബിർസയ്ക്ക് അവസരം ലഭിച്ചു. ഗോത്രസമൂഹത്തിന്റെ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഭരണാധികാരികൾക്ക് പരാതി അയച്ചുകൊണ്ടുള്ള അക്രമരഹിത പ്രതിഷേധ പരിപാടിയായിരുന്നു അത്. എന്നാൽ, ഈ ആവശ്യത്തെ കൊളോണിയൽ അധികാരികൾ നിഷ്‌കരുണം തള്ളിക്കളഞ്ഞു. ഭൂവുടമകളായിരുന്ന ഗോത്രവർഗക്കാർ സെമിൻദാരി സംവിധാനത്തിൽ വെറും തൊഴിലാളികളായി മാറി. ഭൂപ്രഭുത്വ വ്യവസ്ഥിതിയിൽ ഗോത്ര സമൂഹത്തിന്റെ വനമേഖലയിൽ നിർബന്ധിത കൂലിവേല കൂടുതൽ കർശനമാക്കി. ഗോത്രസമൂഹത്തിന്റെ മതപരമായ ആചാരങ്ങളെ ബിർസ പരിഷ്‌കരിച്ചു. നിരവധി അനാചാരങ്ങളെ നിരുത്സാഹപ്പെടുത്തി. ഗോത്രവർഗത്തിന്റെ പരമാധികാരവും ഭൂമിയിന്മേലുള്ള അവരുടെ പരമ്പരാഗത നിയന്ത്രണവും വീണ്ടെടുക്കാൻ അദ്ദേഹം പ്രചോദനമായി. കരം നൽകരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അഴിക്കുള്ളിലാക്കി. 1900 ജൂൺ ഒൻപതിന് കാരാഗൃഹത്തിൽ അദ്ദേഹം മരിച്ചു. പക്ഷെ ബിർസ മുണ്ടയുടെ പോരാട്ടം വ്യർത്ഥമായില്ല. ഗോത്രസമൂഹത്തെ ചൂഷണം ചെയ്യുന്നതിലെ അവസ്ഥ മനസിലാക്കാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരാവുകയും ആദിവാസി സമൂഹത്തിന്റെ സംരക്ഷണത്തിനായി ഛോട്ടാ നാഗപ്പൂർ കുടിയാന്മ നിയമം -1908 പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. ഗോത്രവർഗക്കാരുടെ ഭൂമി ഗോത്രവർഗക്കാരല്ലാത്തവർക്കു കൈമാറ്റം ചെയ്യുന്നതു തടയുന്ന സുപ്രധാന നിയമമാണത്. ഗോത്രസമൂഹത്തിന് ഈ നിയമം വലിയ ആശ്വാസമായി.
ഗോത്രസമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമത്തിലെ നാഴികക്കല്ലായി ഈ നിയമം മാറി. നിർബന്ധിത കൂലിവേല റദ്ദാക്കാനുള്ള നടപടികളും ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ചു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ് 121 സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഭഗവാൻ ബിർസ മുണ്ട ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആവേശവും പ്രചോദനവുമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഗോത്രസമൂഹങ്ങൾ സംഘടിപ്പിച്ച സമരങ്ങളോടും വിപ്ലവങ്ങളോടും വ്യവസ്ഥാപിത ചരിത്രകാരന്മാർക്ക് നീതിപുലർത്താൻ സാധിച്ചിട്ടില്ല. എന്നാൽ ക്രാന്തദർശിയായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി എല്ലാ ഇന്ത്യക്കാരോടും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കാനും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പുകഴ്ത്തപ്പെടാതെ പോയ ധീരരെയും അവരുടെ ത്യാഗത്തെയും ധൈര്യത്തെയും കുറിച്ച് മനസിലാക്കാനും പഠിക്കാനും അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ എല്ലാവർഷവും ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻ ജാതിയ ഗൗരവ് ദിവസമായി ആചരിച്ചുകൊണ്ട് ഇതാദ്യമായി ഗോത്രസമൂഹത്തിന്റെ അഭിമാനവും സംഭാവനകളും ആദരിക്കപ്പെടുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BIRSA MUNDA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.