SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.55 AM IST

മോൻസണും പൊലീസിന് പാഠമാകേണ്ട ബന്ധങ്ങളും

monson-mavunkal

തട്ടിപ്പുകാർക്ക് കുടപിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, പൊലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങൾക്കും നീക്കങ്ങൾക്കും ഒട്ടും കുറവില്ലെന്നത് മോൻസണിന്റെ പുരുവസ്‌തു തട്ടിപ്പ് ഓർമ്മപ്പെടുത്തുന്നു. ഒരു തട്ടിപ്പുകാരനെ സംസ്ഥാന പൊലീസ് മേധാവിക്കും പോലും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വിശ്വസിക്കണോ? അല്ലെങ്കിൽ മോൻസണ് പൊലീസ് മേധാവി കുടപിടിച്ചുവെന്ന് വിശ്വസിക്കേണ്ടി വരും. ഈ സംശയത്തെ പൊതിഞ്ഞായിരുന്നു പൊലീസിന്റെ അന്വേഷണങ്ങളും. എന്നാൽ, അങ്ങനെയങ്ങ് വിട്ടുകളയേണ്ട കേസല്ലെന്ന ഹൈക്കോടതിയുടെ രൂക്ഷ വിമർശനം പുതിയൊരു അന്വേഷണത്തിലേക്കാണ് വെളിച്ചം വീശുന്നത്.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ നിന്ന് അങ്ങനെയങ്ങു ഒഴിഞ്ഞു പോകാൻ പൊലീസ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും ഒന്നും ഒളിച്ചു വെക്കാൻ സമ്മതിക്കില്ലെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം. മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മുദ്രവച്ച കവറിൽ നൽകിയ രേഖകളിലെയും നേരത്തെ ഡി.ജി.പി നൽകിയ സത്യവാങ്മൂലത്തിലെയും വിവരങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കോടതി കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരെ കേസിൽ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും മോൻസണുമായി അടുത്ത ബന്ധമുള്ള ഐ.ജിയെ സസ്പൻഡ് ചെയ്‌തെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചെങ്കിലും സർക്കാരിനു നേരെ ഹൈക്കോടതി ചോദ്യശരങ്ങൾ തൊടുക്കുകയാണ് ചെയ്‌തത്.

പ്രതിയല്ലെങ്കിൽ എന്തിനാണ് ഐ.ജിയെ സസ്‌പെൻഡ് ചെയ്തത് ? ഒരു പ്രവാസി സംഘടനയുടെ വനിതാ വിഭാഗം ഗ്ളോബൽ കോ - ഓർഡിനേറ്റർ അനിത പുല്ലയിൽ ക്ഷണിച്ചതനുസരിച്ചാണ് അന്നത്തെ ഡി.ജി.പിയും എ.ഡി.ജി.പിയും പുരാവസ്തു ശേഖരം കാണാൻ മോൻസണിന്റെ വീട് സന്ദർശിച്ചത്. ഈ വിഷയങ്ങൾ അന്വേഷണത്തിന്റെ പരിധിയിലുണ്ടോ ? സന്ദർശനം കഴിഞ്ഞു പത്തുദിവസത്തേക്ക് ഒന്നും മിണ്ടുന്നില്ല. പിന്നീടാണ് എ.ഡി.ജി.പി നൽകിയ നോട്ടനുസരിച്ച് ഇന്റലിജൻസ് എ.ഡി.ജി.പിയോടു അന്വേഷണം നടത്താൻ ഡി.ജി.പി നിർദ്ദേശിച്ചത്. ഏഴ് മാസം കഴിഞ്ഞ് ഇന്റലിജൻസ് റിപ്പോർട്ട് നൽകി. എന്തുകൊണ്ടാണ് വൈകിയത് ? തുടർന്ന് അന്വേഷണം നടത്താൻ ഇ.ഡിക്ക് ഡി.ജി.പി കത്തു നൽകുന്നു. ഈ സയമത്തെല്ലാം പ്രതി സ്വതന്ത്രനായി നടക്കുന്നുണ്ട്. ഇ.ഡിക്ക് കത്തെഴുതിയതിനു ശേഷവും ഇതിനു മുമ്പും പൊലീസ് എന്തു നടപടിയാണ് എടുത്തത് ? ഇന്റലിജൻസ് റിപ്പോർട്ട് നൽകിയ ശേഷവും മോൻസണിനൊപ്പം ഡി.ജി.പി പരിപാടിയിൽ പങ്കെടുത്തു. പുരാവസ്തു നിയമം പാലിച്ചാണോ മ്യൂസിയം പ്രവർത്തിച്ചിരുന്നതെന്നും ഇവയ്ക്ക് ലൈസൻസുണ്ടോയെന്നും പരിശോധിച്ചില്ല. മോൻസൺ ഡോക്ടറാണെന്നും ഇയാൾക്ക് നിരവധി കാറുകളും പുരാവസ്തു ശേഖരവുമുണ്ടെന്നും പറയുന്നു. ഇയാൾ ആഡംബര ജീവിതം നയിച്ചിരുന്നെന്നും കൂടുതൽ സമയവും വിദേശത്തും ഡൽഹിയിലും കറങ്ങി നടക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. സാധാരണക്കാരനായിരുന്നെങ്കിൽ ജയിലിൽ അടയ്ക്കുമായിരുന്നില്ലേ ? മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം, ഗണേശ വിഗ്രഹം, കൈയെഴുത്തുരേഖകൾ തുടങ്ങിയവ ഉണ്ടെന്നു പറഞ്ഞിട്ടും ഇവയ്ക്ക് ലൈസൻസുണ്ടോയെന്ന് ആർക്കും തോന്നുന്ന സംശയം എന്തുകൊണ്ട് അന്വേഷിച്ചില്ല ? അങ്ങനെ ചെയ്തിരുന്നെങ്കിൽ തട്ടിപ്പിന് തടയിടാൻ അന്നേ കഴിയുമായിരുന്നു. ആഗസ്റ്റിൽ ഹർജിക്കാരൻ ഹൈക്കോടതിയിലെത്തുന്നതു വരെ മോൻസൺ എല്ലാവർക്കും 'വിശുദ്ധനായിരുന്നു'. ഇപ്പോൾ പോക്‌സോ കേസുൾപ്പെടെ നിലവിലുണ്ട്.

മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പു കേസിൽ ഇതുവരെ നാം കണ്ടതിനപ്പുറമാണ് കാര്യങ്ങളെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുരാവസ്തുക്കൾ വില്പന നടത്തുന്ന ഒരാൾ കൂടുതൽ സമയവും വിദേശത്തും ഡൽഹിയിലും കറങ്ങി നടക്കുകയാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് വന്നപ്പോഴെങ്കിലും പൊലീസ് ജാഗ്രത പാലിക്കണമായിരുന്നു. മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പു കേസിൽ ഇതുവരെ നാം കണ്ടതിനപ്പുറമാണ് കാര്യങ്ങളെന്ന് ഹൈക്കോടതി നിരീക്ഷിക്കണമെങ്കിൽ തട്ടിപ്പിന്റെ വ്യാപ്‌തി മനസിലായതുകൊണ്ടാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യം മനസിലാകാതെ പോയതാണോ അതോ മന:പൂർവം മറച്ചതാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്.

ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ വ്യക്തികളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സർക്കാരുകളും ഓർമ്മപ്പെടുത്തും. എന്നാൽ, ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം. പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോൾ കുറെ ന്യായീകരണങ്ങളുമായി രംഗത്തെത്തും. അതു നടക്കില്ലെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞത്. സ്‌പോൺസർഷിപ്പിലൂടെ സ്‌റ്റേഷനുകളിലേക്ക് ആവശ്യമായ സാധനങ്ങളും പൊലീസ് പരിപാടികളും സംഘടിപ്പിക്കാൻ ഒരു മാനദണ്ഡവുമില്ലാതെ കണ്ണിൽക്കണ്ടവരെയെല്ലാം ഉദ്യോഗസ്ഥർ സമീപിക്കുന്നത് അടുത്തകാലത്ത് സേനയിൽ പടർന്നുപിടിച്ച പ്രവണതയായിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികൾ പിന്നീട് ഉദ്യോഗസ്ഥരുമായി ചങ്ങാത്തം സ്ഥാപിച്ച് പലതിന്റെയും ഇടനിലക്കാരായി പ്രവർത്തിക്കും. സത്ക്കാരങ്ങൾ സ്വീകരിക്കുന്നതോടെ അഭേദ്യബന്ധമായി വളരുകയും പല ബിസിനസുകളിലും കൂട്ടുപങ്കാളിത്ത റോളിലേക്ക് മാറുകയും ചെയ്യും. മികച്ച പരിശീലനം ലഭിക്കുകയും സേനയിൽ കഴിവ് തെളിയിക്കുകയും ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥർ വരെ ഈ മോഹവലയത്തിൽ വീഴുന്നത് സേനയെ ബാധിച്ച ഗുരുതരമായ അച്ചടക്കലംഘനത്തിന്റെയും ബാഹ്യശക്തികളുടെ ഇടപെടലിന്റെയും തെളിവാണ്. രാഷ്ട്രീയ ബന്ധങ്ങൾക്ക് അപ്പുറമാണ് ഈ കൂട്ടുക്കെട്ടുകൾ.

മോൻസൺ കേസ് പൊലീസ് ഉദ്യോഗസ്ഥർക്ക് പാഠമാകണം. വ്യക്തി ബന്ധങ്ങളിൽ വഴുതിവീഴുന്ന മന്ത്രിമാർക്ക് ഓർമ്മപ്പെടുത്തലും. വ്യക്തികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പോകുമ്പോൾ ഇന്റലിജൻസ് റിപ്പോർട്ടുകൾ തേടാം. എന്നാൽ, റിപ്പോർട്ട് ഉണ്ടെങ്കിൽപ്പോലും അവഗണിക്കുന്നതിന്റെ നേർസാക്ഷ്യമാണ് അടുത്തകാലത്ത് പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും കുടുങ്ങിയ കേസുകൾ. എത്ര ഉന്നതരായാലും അവർ വഴിവിട്ട ഇടപാടുകളിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ പുറത്തു കൊണ്ടുവരിക തന്നെ വേണം. നിയമപാലകർ തന്നെ നിയമം ലംഘിക്കുന്നത് ഗുരുതര സ്ഥിതിവിശേഷമാണ്. അത് മനസിലാക്കിയാണ് വേഗത്തിൽ അവസാനിപ്പിക്കാവുന്ന കേസല്ല പുരാവസ്തു തട്ടിപ്പെന്ന് ഹൈക്കോടതി പറഞ്ഞത്. തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചോ എന്നാണ് ഇനി പുറത്തുവരേണ്ടത്. യഥാർത്ഥത്തിൽ കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാർഗനിർദ്ദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ നല്കി. ഇനി നേരായ വഴിക്കുള്ള അന്വേഷണമാണ് വേണ്ടത്. കുറ്റക്കാർ കുടുങ്ങട്ടെ. അവരെ സേനയിൽ തുടരാൻ ഒരിക്കലും അനുവദിക്കരുത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OPINOIN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.