ചെന്നൈ: 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് രണ്ട് വ്യവസായികൾക്കെതിരെ നടി സ്‌നേഹ പൊലീസിൽ പരാതി നൽകി. ചെന്നൈ കാനാതുർ പൊലീസ് സ്‌റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നതെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എക്സ്‌പോർട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തങ്ങളുടെ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു. എന്നാൽ അവർ വാക്കു പാലിച്ചില്ല. പണം തിരികെ ചോദിച്ചപ്പോൾ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും താരം പരാതിയിൽ പറയുന്നു. സ്‌നേഹയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.