SignIn
Kerala Kaumudi Online
Monday, 28 September 2026 11.57 AM IST

മന്ത്രിമാർ രാജിവച്ചു, രാജസ്ഥാനിൽ മന്ത്രിസഭാ പുനഃസംഘടന ഇന്ന്

ashok-gehlot

ജയ്‌പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കുന്നതിന് മുന്നോടിയായി എല്ലാ മന്ത്രിമാരും രാജിസമർപ്പിച്ചു. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി ഗെലോട്ട്, ഗവർണർ കൽരാജ് മിശ്രയെ കണ്ട് പുതിയ കാബിനറ്റ് മന്ത്രിമാരുടെ പട്ടിക കൈമാറിയതായും സച്ചിൻ പൈലറ്റ് ഗ്രൂപ്പിലെ 4-6 എം.എൽ.എമാർ പട്ടികയിൽ ഉൾപ്പെട്ടതായും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തോളം പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടും എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കനും പി.സി.സി അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊഡാസറയും പുതിയ മന്ത്രിമാരെ നിശ്ചയിക്കാൻ ചർച്ച നടത്തിയിരുന്നു.

ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് മന്ത്രിമാർ രാജിസമർപ്പിച്ചത്. ഇന്നുച്ചയ്‌ക്ക് പി.സി.സി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയാണെന്ന് തീരുമാനിക്കും.

റവന്യൂ മന്ത്രി ഹരീഷ് ചൗധരി, ആരോഗ്യ മന്ത്രി ഡോ. രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊഡാസറ എന്നിവരാണ് ആദ്യം രാജിവച്ചത്. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പ്രവർത്തകരായി പാർട്ടിയിൽ തുടരുമെന്ന് ഇവർ അറിയിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കാൻ പറഞ്ഞു.

പി.സി.സി അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊഡാസറ, ഗുജറാത്തിന്റെ ചുമതലയുള്ള രഘു ശർമ, പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ്ചൗധരി തുടങ്ങിയവർ ഇരട്ട പദവി ഒഴിവാക്കാനായി മന്ത്രിപദം രാജിവച്ചതാണ്. പിന്നീട് എല്ലാ മന്ത്രിമാരും രാജിസമർപ്പിക്കുകയായിരുന്നു.

ഗെലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. ഇതിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാമെന്ന നിലപാടിലാണ് സച്ചിൻ പൈലറ്റ്.

കഴിഞ്ഞദിവസങ്ങളിൽ സോണിയഗാന്ധി മുഖ്യമന്ത്രി ഗെലോട്ടുമായും സച്ചിൻ പൈലറ്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സച്ചിന്റെ പൈലറ്റിന്റെ നിരന്തരമായുള്ള ആവശ്യം അംഗീകരിച്ചാണ് ഇപ്പോൾ മന്ത്രിസഭാ പുന:സംഘടന നടത്തുന്നത്. ജാതി മത സമവാക്യങ്ങൾ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നാണ് പൈലറ്റ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിരിക്കുന്നത്.

എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗെലോട്ടിനെ നീക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാൻഡ് മന്ത്രിസഭയിൽ സച്ചിൻ നിർദ്ദേശിക്കുന്നവരെ ഉൾപ്പെടുത്താമെന്ന് സമവായമുണ്ടാക്കുകയായിരുന്നു. 2023ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിത്.

നിലവിൽ മുഖ്യമന്ത്രി അടക്കം ഗെലോട്ട് മന്ത്രിസഭയിൽ 21 പേരാണുള്ളത്. ഇത് പരമാവധി 30വരെയാകാം. 2020ൽ മുഖ്യമന്ത്രിയാകാൻ കലാപമുയർത്തിയ അന്നത്തെ ഉപമുഖ്യമന്ത്രി പൈലറ്റിനെയും ഒപ്പമുണ്ടായിരുന്ന മന്ത്രിമാരടക്കം 18 എം.എൽ.എമാരെയും പുറത്താക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ASHOK GEHLOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360