SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.39 AM IST

കർഷകർ സമരം തുടരും ; താങ്ങുവില ഉറപ്പാക്കണം, നഷ്ടപരിഹാരം നൽകണം

f

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും നിയമപരമായ താങ്ങുവില തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച കോർഡിനേഷൻ സമിതി തീരുമാനിച്ചു. കർഷകരോട് സമരവേദികളിൽ തുടരാനും ആഹ്വാനം ചെയ്‌തു. ഇന്ന് കിസാൻമോർച്ചയുടെ ജനറൽ ബോഡി ഇക്കാര്യം ചർച്ച ചെയ്യും.

കാർഷിക വിളകൾക്ക് അംഗീകൃത താങ്ങുവില ഉറപ്പാക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചിട്ടില്ല. കർഷകരുടെ പ്രധാന ആവശ്യമാണിത്. മോദി സർക്കാരിന്റെ നിയമങ്ങൾ ഇതിനെതിരായതിനാലാണ് സമരം വേണ്ടി വന്നത്. ജീവൻപണയം വച്ചുള്ള സമരം ഭാവി തലമുറയ്ക്കു വേണ്ടിയാണ്. കർഷക വിരുദ്ധ വ്യവസ്ഥകളുള്ള വൈദ്യുതി ഭേദഗതി ബിൽ, ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട പിഴവ്യവസ്ഥകൾ എന്നിവ പൂർണമായി പിൻവലിക്കണം.

ഒരു വർഷമായ സമരത്തിനിടെ മരിച്ച 670 കർഷകരുടെ രക്തസാക്ഷിത്വം അംഗീകരിച്ച് അവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരവും ജോലിയും നൽകണം. ഇക്കാര്യത്തിൽ സർക്കാർ ധാർഷ്‌ട്യം മാറ്റണം. മരിച്ചവർക്ക് പാർലമെന്റ് സമ്മേളനത്തിൽ ആദരാഞ്ജലി അർപ്പിക്കണം. അവർക്ക് സ്‌മാരകം നിർമ്മിക്കണം. കർഷകർക്കെതിരായ കേസുകൾ നിരുപാധികം പിൻവലിക്കണം.

ലഖിംപൂർഖേരിയിൽ കർഷകരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കൊപ്പം പ്രധാനമന്ത്രി വേദി പങ്കിട്ടതിനെ അപലപിച്ച സംയുക്ത കിസാൻ മോർച്ച മന്ത്രിയുടെ ചടങ്ങുകൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

സമര പരിപാടികൾ

നവംബർ 22ന് ലഖ്‌നൗവിൽ കിസാൻ മഹാപഞ്ചായത്ത്

കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികമായ നവംബർ 26ന് ഡൽഹി-ഹരിയാന ടോൾ പ്ളാസ ഉപരോധം

മറ്റ് സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്ടർ റാലി

നവംബർ 28ന് മുംബയ് ആസാദ് മൈതാനിയിൽ 100ലേറെ കർഷക സംഘടനകൾ ചേർന്നുള്ള മഹാരാഷ്‌ട്രവാദി കിസാൻ മസ്‌ദൂർ മഹാപഞ്ചായത്ത്

നവംബർ 29മുതൽ ദിവസവും പാർലമെന്റിലേക്ക് 500 പ്രവർത്തകരുടെ ട്രാക്ടർ റാലി നവംബർ 26ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹി-ഹരിയാന അതിർത്തിയിൽ ഒത്തുകൂടും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FARMERS STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360