ന്യൂഡൽഹി: കെ - റെയിലിന് പിന്നിൽ ലാവ്‌ലിന് സമാനമായ താല്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതി പൂർത്തികരിക്കുക എന്ന ലക്ഷ്യമൊന്നും സംസ്ഥാന സർക്കാരിനില്ല. പദ്ധതിയ്ക്ക് പിന്നിൽ പിൻവാതിൽ ലക്ഷ്യങ്ങളാണോയെന്ന് അന്വേഷിക്കണം. നരേന്ദ്ര മോദി സർക്കാർ കേരള വികസനത്തെ തടയുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം കെ - റെയിലുമായി മുന്നോട്ട് പോകുന്നത് ചൂണ്ടിക്കാട്ടിയതിനാണ്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പോലും നടത്തിയിട്ടില്ല. പദ്ധതിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പോകുന്ന ട്രെയിനുകൾ രാജ്യത്തുണ്ട്. ഇത് 250 കിലോമീറ്ററാക്കി ഉയർത്താൻ റെയിൽവെ ശ്രമിക്കുകയാണ്. ഇത്തരത്തിൽ സാങ്കേതികമായി അപ്ഡേഷൻ നിലവിൽ വരുന്നതോടെ നിലവിലെ റെയിൽ പാതയിലൂടെ തന്നെ തിരുവനന്തപുരം - കാസർക്കോട് പാതയിൽ മൂന്ന് മണിക്കൂർ കൊണ്ട് സഞ്ചരിക്കാം. ഇത് നടപ്പിലാക്കാമെന്നിരിക്കെ ഒരു ലക്ഷം കോടി രൂപ മുടക്കി പുതിയ പാതയൊരുക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതിവേഗ റെയിലിന്റെ ബാദ്ധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് നേരിട്ട് വായ്പ ലഭിക്കാൻ ഭരണഘടന അനുവദിക്കുമെങ്കിൽ അത് നടക്കട്ടെ.
പരിസ്ഥിതിയെ നശിപ്പിച്ച് പദ്ധതി നടപ്പിലാക്കുമ്പോൾ ബിനോയ് വിശ്വം അടക്കമുള്ളവർ സെലക്ടീവ് പരിസ്ഥിതി പ്രേമികളായി മാറി. കർഷകർക്ക് വേണ്ടി നിലകൊള്ളുന്ന എളമരം കരീമിന്റെ പാർട്ടി ആയിരക്കണക്കിന് കർഷകരുടെ ഭൂമിയിലൂടെ അതിവേഗ റെയിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തോട്ടംഭൂമി അനധികൃതമായി കൈവശം വച്ചനുഭവിക്കുന്നവർക്ക് ശബരിമല വിമാനത്താവളത്തിന്റെ പേരിൽ നഷ്ടപരിഹാരം നൽകാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |