SignIn
Kerala Kaumudi Online
Thursday, 19 May 2022 7.19 AM IST

മലകയറിയ നവോത്ഥാനം

qwty

ജനുവരി രണ്ട് നവോത്ഥാന ദിനം. രണ്ടു വർഷം മുമ്പ് ഈ ദിവസമാണ് ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നീ മദ്ധ്യവയസ്കരായ വനിതകൾ ഇരുമുടിക്കെട്ടില്ലാതെ പിൻവാതിലിലൂടെ ശബരിമലയിൽ ദർശനം നടത്തിയത്. അന്ന് അതൊരു വലിയ വിപ്ളവമായും നവോത്ഥാനത്തിന്റെ പൂർത്തീകരണമായും കൊണ്ടാടപ്പെട്ടു. ചരിത്രം മല കയറിയെന്നാണ് ചില പുരോഗമനവാദികൾ ആവേശം കൊണ്ടത്. മറുവശത്ത് പാരമ്പര്യവാദികൾ തീർത്തും നിരാശരായി. ശബരിമലയുടെ പവിത്രത നഷ്ടപ്പെട്ടെന്ന് യാഥാസ്ഥിതികർ പരിതപിച്ചു.

ഹിന്ദു ആചാരാനുഷ്ഠാനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണിതെന്ന് സംഘപരിവാർ സംഘടനകൾ ആക്രോശിച്ചു. സ്ത്രീകളടക്കം വലിയൊരു വിഭാഗം ഹിന്ദുമത വിശ്വാസികളെ ഈ മലകയറ്റം ദു:ഖിതരാക്കി. ജനുവരി ഒന്നാം തീയതി വൈകുന്നേരമാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നവോത്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ അതിഗംഭീരമായ വനിതാ മതിൽ തീർത്തത്. അതിന്റെ ആരവമൊടുങ്ങും മുമ്പാണ് രണ്ടു വനിതകളുടെ മലകയറ്റം നടന്നത്. സത്യം പറഞ്ഞാൽ വനിതാ മതിൽ തീർക്കുമ്പോഴും ഇതുപോലൊരു അതിക്രമം നവോത്ഥാന സമിതിക്കാർ പ്രതീക്ഷിച്ചിരുന്നില്ല. നവോത്ഥാനം വേറെ, മലകയറ്റം വേറെ എന്നായിരുന്നു അവരിൽ പലരുടെയും ചിന്താഗതി. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എൻ.എസ്.എസ് തീർത്തും എതിരായിരുന്നു. എസ്.എൻ.ഡി.പിയും അനുകൂലമായിരുന്നില്ല. മന്നം ജയന്തി ദിനമായ ജനുവരി രണ്ടാം തീയതി തന്നെ ഇങ്ങനെ ഒരു ആചാര ലംഘനം നടന്നത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഉറപ്പിച്ചു. ശബരിമല വിശ്വാസികൾക്കുള്ള ഇടമാണ്, അവിടെ ആക്ടിവിസ്റ്റുകൾക്ക് സ്ഥാനമില്ല ; രാത്രിയുടെ മറവിൽ ആചാരം ലംഘിച്ച് രണ്ടു വനിതകൾ ശബരിമലയിൽ ദർശനം നടത്തിയത് തികച്ചും വേദനാജനകമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പത്രക്കുറിപ്പിലൂടെ പരിതപിച്ചു.

2018 സെപ്തംബർ 28 വരെ ശബരിമലയിലെ സ്ത്രീ പ്രവേശം കേരളീയ സമൂഹത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നില്ല. പത്തിനും അമ്പതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾ യാതൊരു കാരണവശാലും ശബരിമലയിൽ ദർശനം നടത്താൻ പാടില്ലെന്ന വിധി 1991 ൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നിന്ന് ഉണ്ടായതാണ്. ആ വിധി വരുന്നതിന് മുമ്പും ആചാരം അതുതന്നെയായിരുന്നു. പത്ത് - അമ്പത് എന്ന പ്രായപരിധി മാത്രമാണ് ഹൈക്കോടതി പുതുതായി നിശ്ചയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ബോധിപ്പിക്കാൻ സർക്കാരോ ദേവസ്വം ബോർഡോ തത്പര കക്ഷികൾ ആരെങ്കിലുമോ തയ്യാറായില്ല. ആ വിധി അന്തിമമായി തന്നെ കണക്കാക്കി. ജനാധിപത്യ മഹിളാ അസോസിയേഷനോ കേരള മഹിളാ സംഘമോ മറ്റേതെങ്കിലും വനിതാ സംഘടനകളോ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടത് ലിംഗസമത്വത്തിന്റെ പൂർത്തീകരണത്തിന് ആവശ്യമാണെന്ന് ഒരു സമയത്തും വാദിച്ചിരുന്നില്ല. ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ കാര്യവും തഥൈവ. അവരെ സംബന്ധിച്ചിടത്തോളം അടിയന്തര പ്രാധാന്യമുള്ള മറ്റു വിഷയങ്ങൾ നിരവധിയുണ്ടായിരുന്നു. ശബരിമല അതുകൊണ്ടു തന്നെ ആർക്കും താത്പര്യമുള്ള കാര്യമായിരുന്നില്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന അഭിപ്രായമുള്ള ഒരേയൊരു കൂട്ടർ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റ സംസ്ഥാന തല നേതാക്കളിൽ ചിലർ മാത്രമായിരുന്നു. അവർ തന്നെയും കേവലം അഭിപ്രായ പ്രകടനത്തിനപ്പുറം പോകാൻ താത്പര്യപ്പെട്ടില്ല. ഏറെക്കാലത്തിനുശേഷമാണ് ഉത്തരേന്ത്യയിലുള്ള ചില വനിതാ അഭിഭാഷകരും സ്ത്രീപക്ഷപാതികളും ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വാവകാശത്തിന്റെ ലംഘനമാണെന്നാരോപിച്ച് സുപ്രീം കോടതിയിൽ ഹർജി കൊടുത്തത്. ആ ഹർജി പരമോന്നത നീതിപീഠത്തിനു മുന്നിൽ ഏറെക്കാലം പൊടി പിടിച്ചു കിടന്നു. ഇടക്കാലത്ത് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിൽ വാദത്തിനു വന്നപ്പോഴാണ് അതു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ശബരിമലയിലെ സ്ത്രീ പ്രവേശം ഏറെക്കുറേ വ്യക്തിപരമായ ഒരു അജണ്ട എന്ന രീതിയിലാണ് ദീപക് മിശ്ര കൈകാര്യം ചെയ്തത്. തന്റെ ഔദ്യോഗിക കാലാവധി അവസാനിക്കും മുമ്പ് ഈ അസമത്വത്തിന് ഒരു അറുതി വരുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം തന്നെ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേട്ടു. ആദ്യഘട്ടം മുതൽ ഭൂരിപക്ഷം ജഡ്‌ജിമാരും ഈ ആചാരത്തിന് എതിരായ നിലപാടാണ് കൈക്കൊണ്ടത്. ഇടതുപക്ഷ നിയന്ത്രണത്തിലുള്ള കേരള സർക്കാർ സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായ പ്രയാർ ഗോപാലകൃഷ്‌ണൻ നേർ വിപരീതമായ നിലപാട് കൈക്കൊണ്ടുവെന്ന് മാത്രമല്ല കേസിന്റെ വിജയത്തിനുവേണ്ടി പ്രധാനക്ഷേത്രങ്ങളിൽ പൂജാദി കർമ്മങ്ങൾ ചെയ്യിക്കുകപോലുമുണ്ടായി. 2018 സെപ്തംബർ 28 -ാം തീയതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നു. അഞ്ചിൽ നാലു ജഡ്ജിമാരും ലിംഗസമത്വം ഉയർത്തിപ്പിടിച്ചു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നിഷേധിക്കാൻ പാടില്ലെന്ന് അസന്നിഗ്ദ്ധമായി വിധി കല്പിച്ചു. അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജി ഇന്ദു മൽഹോത്ര നേർ വിപരീത നിലപാട് കൈക്കൊണ്ടു. ശബരിമലയിൽ നിലനിൽക്കുന്ന ആചാരം ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വാവകാശത്തിന്റെ ലംഘനമല്ലെന്ന് അഭിപ്രായപ്പെട്ടു.

ശബരിമലക്കേസിലെ വിധിന്യായത്തെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളൊക്കെ സ്വാഗതം ചെയ്യുകയാണ് ആദ്യമുണ്ടായത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും ഏകസ്വരത്തിൽ വിധിയെ സ്വാഗതം ചെയ്തു. എന്നാൽ ശബരിമല ശാസ്താവിനെ അകമഴിഞ്ഞു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഭക്തർ വിശേഷിച്ച് സ്ത്രീകൾ ഈ വിധി അംഗീകരിക്കാൻ കൂട്ടാക്കിയില്ല. പന്തളത്തും മറ്റും നടന്ന നാമജപ ഘോഷയാത്രകൾ ജനവികാരത്തെക്കുറിച്ച് ശക്തമായ സൂചന നൽകി. അതോടെ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ നിലപാടു മാറ്റി. വിവിധ ഹിന്ദു സമുദായ സംഘടനകളും സുപ്രീം കോടതി വിധിയെ അപലപിച്ചു. അങ്ങനെയൊരു ഘട്ടത്തിൽ ഹിന്ദു സമുദായ സംഘടനകളുടെ യോഗം വിളിച്ച് സമവായം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ മുഖ്യമന്ത്രി പാറ പോലെ ഉറച്ചു നിന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി കൊടുക്കാൻ താത്പര്യപ്പെട്ടെങ്കിലും പാർട്ടി അതും വിലക്കി. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന വാഗ്ദാനമൊന്നുമല്ല ശബരിമലയിലെ സ്ത്രീ പ്രവേശനം. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന് സ്തുതിപാടുന്ന യക്ഷ കിന്നര ഗന്ധർവ വർഗ്ഗവും പെട്ടെന്ന് ഭരണഘടനാ ധാർമ്മികതയുടെ വക്താക്കളായി മാറി. സുപ്രീം കോടതി വിധി അന്തിമമാണ്, അതു നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട് ; സ്ത്രീ സമത്വവും ലിംഗനീതിയും ഉറപ്പു വരുത്താൻ ശബരിമല ക്ഷേത്രത്തിൽ യൗവന യുക്തരായ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇവർ ഉച്ചൈസ്ഥരം പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ 14 ജില്ലകളിലും സ്ത്രീ ശാക്തീകരണ മഹായോഗങ്ങൾ നടന്നു. പതിനാലിടത്തും മുഖ്യമന്ത്രി നേരിട്ടു പോയി ഒന്നൊന്നര മണിക്കൂർ വീതം പ്രസംഗിച്ചു. എല്ലായിടത്തും അദ്ദേഹം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും തുടങ്ങിവച്ച നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചും വാചാലനായി.യോഗത്തിലെ ആൾക്കൂട്ടം തന്റെ നിലപാടിനുള്ള അംഗീകാരമായും സ്ത്രീശാക്തീകരണത്തിനുള്ള പിന്തുണയായും മുഖ്യമന്ത്രി തെറ്റിദ്ധരിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് ഇടതു മുന്നണിയുടെ പരമ്പരാഗത ഹിന്ദു വോട്ട് ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രമുഖ സി.പി.എം, സി.പി.ഐ നേതാക്കൾക്കൊക്കെ കൃത്യമായ ധാരണയുണ്ടായിരുന്നു. യഥാർത്ഥ ഹിന്ദുമത വിശ്വാസികളല്ല രഹന ഫാത്തിമയെപ്പോലെയുള്ള ആക്ടിവിസ്റ്റുകളാണ് ശബരിമലയിൽ ദർശനം നടത്താൻ വെമ്പി നിൽക്കുന്നതെന്നും അവർക്ക് അറിയാമായിരുന്നു. പക്ഷേ മുഖ്യനെ പേടിച്ച് അതാരും തുറന്നു പറഞ്ഞില്ല. മാത്രമല്ല, തങ്ങളുടെ പുരോഗമന പ്രതിഛായ അതോടെ വികൃതമാകുമെന്നും അവർ ഭയപ്പെട്ടു. ശബരിമല വിഷയം മുൻനിറുത്തി നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സാമുദായിക സംഘടനകളുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കാനും മുഖ്യമന്ത്രി മുൻകൈയെടുത്തു. നവോത്ഥാന പാരമ്പര്യത്തിൽ അഭിമാനിക്കുമ്പോൾ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തോടു വിയോജിപ്പാണ് എസ്.എൻ.ഡി.പി അടക്കമുള്ള മിക്കവാറും ഹിന്ദു സമുദായ സംഘടനകളും പ്രകടിപ്പിച്ചത്. ശബരിമല മുൻനിറുത്തി സംസ്ഥാനത്ത് സവർണ - അവർണ വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും അതിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം വാചാലനായതും മുല മുറിച്ച നങ്ങേലിയുടെ കഥ പറഞ്ഞ് വൈകാരികത സൃഷ്ടിക്കാൻ ശ്രമിച്ചതും. ഹിന്ദു പിന്നാക്ക വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ, മുസ്ളിം വിഭാഗങ്ങളുടെ പിന്തുണയും അദ്ദേഹം പ്രതീക്ഷിച്ചു. ആ വികാരം ആളിക്കത്തിക്കാൻ വേണ്ടിയാണ് 2019 ജനുവരി ഒന്നിന് വനിതാ മതിൽ തീർത്തതും പിറ്റേന്ന് പുലർച്ചെ ഇരുളിന്റെ മറവിൽ രണ്ടു വനിതകളെ ശബരിമല കയറ്റിയതും.

ശബരിമല ഒരു അബ്രാഹ്മണ ക്ഷേത്രമാണെന്നും മാലയിട്ട് മല കയറുന്നവരിൽ ഏറിയ പങ്കും അവർണ സമുദായക്കാരാണെന്നും മുഖ്യമന്ത്രിക്ക് അറിയുമായിരുന്നില്ല. യുവതികളെ മല കയറ്റാൻ ശ്രമിച്ചപ്പോൾ മുറിവേറ്റത് യഥാർത്ഥ വിശ്വാസികളുടെ വികാരങ്ങൾക്കായിരുന്നു. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്തുകൊണ്ടിരുന്ന ഹിന്ദു പിന്നാക്ക സമുദായക്കാരിൽ വലിയൊരു വിഭാഗം അതോടെ സർക്കാരിനും പാർട്ടിക്കും എതിരായി. മുറിവേറ്റവരുടെ ആ വികാരമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ പത്രക്കുറിപ്പിൽ പ്രതിഫലിച്ചത്. പ്രത്യേകിച്ച് ഒരു പാർട്ടിയിലും അംഗത്വമില്ലാത്ത ചില തീവ്ര സ്ത്രീപക്ഷ വാദികളും അരാജകവാദികളും മാത്രമാണ് ശബരിമലയിൽ രണ്ടു മദ്ധ്യവയസ്കകൾ പ്രവേശിച്ചപ്പോൾ ആഹ്ളാദിച്ചത്.

ശബരിമലയെച്ചൊല്ലി കലാപമുണ്ടാക്കിയതും പൊലീസിന്റെ അടിവാങ്ങിയതും ബി.ജെ.പിക്കാരായിരുന്നെങ്കിൽ അതിന്റെ ഫലം കൊയ്തത് യു.ഡി.എഫായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ലീഗ് നേതാവ് ഡോ. എം.കെ. മുനീറുമടക്കമുള്ള നേതാക്കൾ ശബരിമല സന്നിധാനത്തു ചെന്ന് സമരക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതിലപ്പുറം അവരൊന്നും ചെയ്തില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാൻ അതുമതിയെന്ന് യു.ഡി.എഫ് നേതാക്കൾക്ക് അറിയാമായിരുന്നു. സംസ്ഥാനത്ത് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണയിച്ച പ്രധാന ഘടകങ്ങളിലൊന്ന് ശബരിമല സ്ത്രീ പ്രവേശനം തന്നെയായിരുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതിനെത്തുടർന്നുണ്ടായ കോൺഗ്രസ് അനുകൂല വികാരവും പോലെ ശബരിമല വിഷയവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പരമ്പരാഗത ഹിന്ദുവോട്ടുകളിൽ ഗണ്യമായ ഒരു ഭാഗം ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് കിട്ടി. ചെറുതല്ലാത്ത ഒരു ഭാഗം യു.ഡി.എഫിലേക്കും പോയി. അതിന്റെ ഫലമായി എൽ.ഡി.എഫിന്റെ വോട്ടുകൾ കുത്തനെ കുറഞ്ഞു. ആറ്റിങ്ങലിൽ എ. സമ്പത്തും പാലക്കാട്ട് എം.ബി. രാജേഷും കാസർകോട്ട് സതീശ് ചന്ദ്രനും പോലെ അന്യഥാ ജയിക്കുമായിരുന്ന സ്ഥാനാർത്ഥികൾ പോലും തോറ്റുപോയി. പാലക്കാട്ട് വി.കെ. ശ്രീകണ്ഠൻ ജയിച്ചപ്പോൾ കെ.പി.സി.സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പോലും അത്ഭുതപ്പെട്ടു. 20 ൽ 19 സീറ്റും ജയിച്ച് യു.ഡി.എഫ് ചരിത്ര നേട്ടം കൈവരിച്ചു. കേരളീയ പൊതുസമൂഹം പിണറായി വിജയൻ സ്വപ്നം കാണുന്ന നവോത്ഥാനത്തിന് തീരെയും പാകമായിട്ടില്ലെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു. അതിനുശേഷം മാർക്സിസ്റ്റ് പാർട്ടിയും മുഖ്യമന്ത്രിയും നവോത്ഥാനത്തിൽ നിന്ന് പതുക്കെ പിന്നാക്കം പോയി. സംസ്ഥാനത്തെ വമ്പിച്ച ജനമുന്നേറ്റം സുപ്രീം കോടതിയിൽ പോലും പ്രകമ്പനം സൃഷ്ടിച്ചു. പതിവിനു വിപരീതമായി പുന: പരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കാൻ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. അപ്പോഴേക്കും ദീപക് മിശ്ര വിരമിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സുദീർഘമായി വാദം കേട്ടു. 2019 നവംബർ 14 -ാം തീയതിയിലെ ഉത്തരവ് വിജയകരമായ പിന്മാറ്റമായിരുന്നു. ശബരിമലക്കേസിന്റെ തീരുമാനം സമാനമായ മറ്റേതാനും കേസുകൾക്കൊപ്പം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടുകയാണ് ഉണ്ടായത്. പഴയ വിധി ഇപ്പോൾ അപ്രസക്തമാണെന്നും അതിന്റെയടിസ്ഥാനത്തിൽ ഇനിമേലിൽ ഒരു യുവതിക്കും ശബരിമല സന്നിധാനത്ത് പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്നും പിന്നീട് സുപ്രീം കോടതി തന്നെ വ്യക്തമാക്കി. അങ്ങനെ നവോത്ഥാനം ജലരേഖയായി. മുഖ്യമന്ത്രിയാകട്ടെ, ഇടതു മുന്നണിയിലെ മറ്റേതെങ്കിലും നേതാവാകട്ടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചോ ലിംഗസമത്വം, സ്ത്രീശാക്തീകരണം, ഭരണഘടനാ ധാർമ്മികത എന്നിവയെക്കുറിച്ചോ പിന്നീട് ഇതുവരെ ഒരക്ഷരം മിണ്ടിക്കേട്ടിട്ടില്ല.

പുന:പരിശോധനാ ഹർജിയിലെ ഉത്തരവോടെ ശബരിമല വിഷയം തത്കാലം കെട്ടടങ്ങി. 2020 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലോ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ അതൊരു വിഷയമേ ആയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയിൽ വന്ന് ശരണം വിളിച്ചിട്ടും കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തിനപ്പുറം പോയില്ല. മാളികപ്പുറത്തമ്മയുമായി ശബരിമല അയ്യപ്പന്റെ വിവാഹം നടന്നുവെന്ന് പ്രസംഗിച്ച യുവ മാർക്സിസ്റ്റ് നേതാവ് എം. സ്വരാജ് തൃപ്പൂണിത്തുറ മണ്ഡലത്തിൽ പരാജയപ്പെട്ടതു മാത്രമാണ് എടുത്തു പറയാവുന്ന ഒരേയൊരു പ്രത്യാഘാതം. ശബരിമലയിലെ സ്ത്രീ പ്രവേശനം സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ഏതെങ്കിലും ഒരു കാലത്ത് തീർപ്പു കല്പിക്കും. വിധി എന്തുതന്നെയായാലും അന്നത്തെ ഭരണാധികാരികൾ അതിന്റെ നാനാവശങ്ങളും പരിഗണിച്ചശേഷമേ നടപ്പാക്കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ നവോത്ഥാനം ശബരിമലയിൽ ആരംഭിച്ച് ശബരിമലയിൽ തന്നെ അവസാനിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.