ഇത് അടിയന്തരാവസ്ഥയുടെ അമ്പതാം വർഷം. അതായത് സുവർണ ജൂബിലി വർഷം. ആഘോഷിക്കപ്പെടേണ്ടതല്ല, ഇന്ത്യൻ ജനാധിപത്യം ഇരുപത്തഞ്ചാമാണ്ടിലേക്ക് കടന്നപ്പോൾ നേരിട്ട ആ കറുത്ത നാളുകൾ. പക്ഷേ ഓർമ്മകൾ ഉണ്ടായിരിക്കണം, ആ ദുരവസ്ഥയെക്കുറിച്ച്. പാഠങ്ങൾ ഉൾക്കൊള്ളണം, ഭയപ്പെടുത്തുന്ന ആ ഓർമ്മകളിൽ നിന്ന്. രാഷ്ട്രം ഭരണഘടനഹത്യാ ദിനമായാണ് ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിയഞ്ച് ആചരിച്ചത്. കേരളത്തിലും പലയിടങ്ങളിൽ ആ ഓർമ്മ ദിനം ആചരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് കേരള ഗവർണർ പങ്കെടുത്ത സമ്മേളനം ഭാരതാംബയെ ചൊല്ലി വിവാദമായത് നിർഭാഗ്യകരം. ഇന്ത്യയിൽ ഇനി ഒരിക്കൽക്കൂടി ഒരു അടിയന്തരാവസ്ഥ ഉണ്ടാവുമോ, ഉണ്ടായാൽ അതിനെ ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യൻ ജനാധിപത്യത്തിനും ജനതയ്ക്കും വീണ്ടും കഴിയുമോ എന്നൊക്കെയുള്ള പ്രസക്തമായ ചോദ്യങ്ങൾ ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഇന്നും അലട്ടുന്നുണ്ട്. പക്ഷേ അത്തരം സാഹചര്യം ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവിൽ വന്നിട്ടുണ്ടെന്നത് ആശ്വാസകരം.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന ബോദ്ധ്യം അക്കാലത്ത് അനുകൂലിച്ച പലർക്കും പിൽക്കാലത്തുണ്ടായി. ചിലർ അത് തുറന്നു പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്നവർ പോലും 'പ്രസ്സ് സെൻസർഷിപ്പ്" എന്ന പത്രമാരണ നിയമത്തെ തള്ളിപ്പറയാൻ മടിക്കാറില്ല. വാക്കിനു മാത്രമല്ല, വരയ്ക്കും വിലക്ക് ഏർപ്പെടുത്തി. ഒ.വി. വിജയനെ പോലുള്ളവർ കാർട്ടൂൺ വര അക്കാലത്ത് നിറുത്തി വച്ചു. കലയ്ക്കും വീണു, കൂച്ചുവിലങ്ങ്. ചോ രാമസ്വാമിയുടെയും മറ്റും നാടകങ്ങൾ നിരോധിക്കപ്പെട്ടു. പത്രസ്വാതന്ത്ര്യത്തിന്റെ അഭാവം മൂലം അടിയന്തരാവസ്ഥക്കാലത്തെ യഥാർത്ഥ ചിത്രം ജനങ്ങൾക്കെന്ന പോലെ അന്നത്തെ പ്രധാനമന്ത്രിക്കും ലഭ്യമല്ലാതായി.
'ദീപസ്തംഭം മഹാശ്ചര്യം" എന്ന് മാദ്ധ്യമങ്ങൾ ഭരണത്തെ വാഴ്ത്തിപ്പാടി. പ്രതികൂലമായ പ്രവണതകളും അതിക്രമങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ വളർന്നുവന്ന രോഷവും പത്രങ്ങൾ മറച്ചുവച്ചു. ഇന്ദിരാ ഗാന്ധിക്ക് ചുറ്റുമുള്ള സ്തുതിപാഠകരായ കോൺഗ്രസ് നേതാക്കളാരും 'രാജാവ് നഗ്നനാണ്" എന്ന് വിളിച്ചുപറയാൻ ധൈര്യപ്പെട്ടില്ല. അതിനു മുതിർന്നവരെ തുറുങ്കിലടച്ചു. എന്തിനേറെ, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പോലും തെറ്റായ ചിത്രമാണ് പ്രധാനമന്ത്രിക്ക് നൽകിയിരുന്നത്. അങ്ങിങ്ങുള്ള ഒറ്റപ്പെട്ട പ്രതിഷേധമൊഴിച്ചാൽ, രാഷ്ട്രം ഇന്ദിരാ ഗാന്ധിയുടെ ഇരുപതിന പരിപാടിയെയും മകൻ സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയെയും സർവാത്മനാ സ്വാഗതം ചെയ്യുന്നു എന്നാണ് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാവാം അടിയന്തരാവസ്ഥയിൽ അയവു വരുത്തി ശ്രീമതി ഗാന്ധി തിരഞ്ഞെടുപ്പിന് ഒരുമ്പെട്ടത്. പക്ഷെ അവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടുള്ള ഫലമാണ് പിന്നെ പുറത്തുവന്നത്.
അടിയന്തരാവസ്ഥ നിലനിന്ന 1975- 76 കാലഘട്ടത്തിൽ വിദ്യാർത്ഥിയായിരുന്ന എന്റെ മാദ്ധ്യമ മോഹത്തിന്മേൽ കരിനിഴൽ വീഴുന്നതുപോലെ തോന്നി. 'പ്രസ്സ് സെൻസർഷിപ്പ്" ഇനി ഒരു കാലത്തും പിൻവലിക്കപ്പെടില്ലെന്ന വിശ്വാസം അത്ര ശക്തമായിരുന്നു അന്ന്. അതുകൊണ്ടാവാം, ലാൽകൃഷ്ണ അഡ്വാനിയുടെ വാക്കുകൾ കടമെടുത്താൽ, കുനിയാൻ ആവശ്യപ്പെട്ടപ്പോൾ മാദ്ധ്യമങ്ങൾ കാൽമുട്ടിലിഴഞ്ഞത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ, രാജ ഭരണകാലത്തെ പ്രഖ്യാപനത്തിന് വിരുദ്ധമായി, 'ഈശ്വരൻ എന്നല്ല ചെകുത്താൻ തെറ്റു ചെയ്താൽപ്പോലും അത് റിപ്പോർട്ട് ചെയ്യാനാവില്ല" ഇന്ത്യയിൽ ഇനി ഒരിക്കലും എന്ന് തോന്നിപ്പോയി. അന്ന് പഠനത്തോടൊപ്പം ദിവസവേതനത്തിന് പണിയെടുത്തിരുന്ന 'ആകാശവാണി"യിലൂടെ 'പുന്നപ്ര വയലാർ" എന്ന സിനിമയിലെ 'എന്തിനാണീ കൈവിലങ്ങുകൾ...." എന്ന അർത്ഥഗർഭമായ ഗാനം പ്രക്ഷേപണം ചെയ്ത് പരിതപിച്ചു. അതുമാത്രമേ കഴിയുമായിരുന്നുള്ളൂ.
പക്ഷെ, പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്തി, രാഷ്ട്രീയ വിശ്വാസങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പത്രപ്രവർത്തനം നടത്തുകയെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യാവസരം ഒരുക്കിത്തന്നത് ആ പത്തൊമ്പത് മാസങ്ങൾ ആയിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ വാർത്തകൾ രഹസ്യമായി അച്ചടിച്ച് വിതരണം ചെയ്തിരുന്ന 'കുരുക്ഷേത്രം", 'സുദർശനം", 'വൃത്താന്തം" എന്നീ പ്രസിദ്ധീകരണങ്ങൾ ഒരർത്ഥത്തിൽ എന്റെ മാദ്ധ്യമ പരിശീലനക്കളരിയായി. ആ പ്രവർത്തനവുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം കുറിക്കട്ടെ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്നെന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ് അനുകൂല കേരള വിദ്യാർത്ഥി യൂണിയൻ (കെ.എസ്.യു) തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു.
കോൺഗ്രസുകാരായ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ സംബന്ധിച്ച സമ്മേളനത്തിൽ അദ്ധ്യക്ഷനായി വന്നത് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.എൻ. രാജ്. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആസൂത്രണ കമ്മിഷനിലെ താരമായിരുന്ന രാജിന് പിൽക്കാലത്ത് ഡൽഹി സർവകലാശാലാ വൈസ് ചാൻസലർ പദവി രാജിവയ്‌ക്കേണ്ടി വന്നത് അവിടെ എ.ബി.വി.പിക്കാരുമായി ഉണ്ടായ പ്രശ്നത്തെ തുടർന്നാണ്. അതൊക്കെക്കൊണ്ട് ആ സമ്മേളനത്തിൽ അദ്ധ്യക്ഷനാവാൻ രാജ് തികച്ചും അനുയോജ്യനെന്ന് കെ.എസ്.യുക്കാർ കരുതിയിട്ടുണ്ടാവും. അടിയന്തരാവസ്ഥയെ അടിമുടി പിന്താങ്ങിയ സി.പി.ഐയുടെ നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായ സി. അച്ചുതമേനോനാണ് രാജിനെ തിരുവനന്തപുരത്ത് 'സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡിസ്" എന്ന മികവിന്റ കേന്ദ്രം (സെന്റർ ഒഫ് എക്സലൻസ്) സ്ഥാപിക്കാനായി കേരളത്തിലേക്കു ക്ഷണിച്ചത്.
ഇനി 'ആന്റിക്ലൈമാക്സ്." രാജിന്റെ അദ്ധ്യക്ഷ പ്രസംഗം കേൾക്കാൻ സ്റ്റുഡന്റ്സ് സെന്ററിൽ കതോർത്തിരുന്ന ഈയുള്ളവൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അടിയന്തരാവസ്ഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സംഘടിപ്പിച്ച സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ അടിയന്തരാവസ്ഥയെ അതിനിശിതമായി വിമർശിച്ചുകൊണ്ടാണ് സംസാരിച്ചത്. പ്രസംഗം പൂർത്തിയാക്കുന്നതിനു മുമ്പേ രാജിനെ അറസ്റ്റ് ചെയ്യുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചത്. എന്നാൽ ഒന്നും സംഭവിച്ചില്ല. പ്രസംഗം പൂർത്തിയാക്കിയ ശേഷം മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാനിരിക്കാതെ പുറത്തിറങ്ങിയ രാജ് കാറിൽ കയറി ദളവാക്കുന്നിലെ സ്വവസതിയിലേക്കു പോയി. സ്വന്തം കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനാവാതെ, രാജ് രംഗം വിടുന്നതുവരെ ഒരത്ഭുതജീവിയെ കാണുന്ന പോലെ അദ്ദേഹത്തെ വേദിയിലും സദസിലും ഉണ്ടായിരുന്നവർ നോക്കിയിരുന്നു. അത് രാജിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. 'ഞാനൊരു മാർക്സിസ്റ്റ് മാത്രല്ല കെയ്നീഷ്യൻ കൂടിയാണ്" എന്ന് അദ്ദേഹം പറയുമായിരുന്നു.
അടുത്ത ദിവസത്തെ പത്രങ്ങൾ കെ.എൻ. രാജിന്റെ പ്രസംഗത്തിലെ ഒരു വാചകം പോലും റിപ്പോർട്ട് ചെയ്തില്ല. ഡോ. കെ.എൻ. രാജ് അദ്ധ്യക്ഷനായിരുന്നു എന്നൊരു വാചകം മാത്രം ചേർത്തിരുന്നു; കെഎസ്.യുവിന്റെ ഐക്യദാർഢ്യ സമ്മേളനത്തെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകളുടെ അവസാന വരിയിൽ. എന്നാൽ അടുത്ത ആഴ്ച പുറത്തിറങ്ങിയ 'കുരുക്ഷേത്ര"ത്തിൽ രാജിന്റെ ഐതിഹാസിക പ്രസംഗത്തിന്റെ പൂർണരൂപം അച്ചടിച്ച് ചേർത്തിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ഈ മാദ്ധ്യമ വിദ്യാർഥിയുടെ കന്നി റിപ്പോർട്ട് അങ്ങനെ എത്തേണ്ടിടത്തൊക്കെ എത്തി. രഹസ്യമായി മാത്രം വിതരണം ചെയ്തിരുന്ന 'കുരുക്ഷേത്ര"ത്തിന്റെ ആ പതിപ്പ് രാജിനും രഹസ്യമായി എത്തിച്ചുകൊടുത്തിരുന്നു.
പിൽക്കാലത്ത് ചില ദേശീയ സാമ്പത്തിക പത്രങ്ങളിൽ പണിയെടുക്കവേ, ഇടയ്ക്കിടെ വാർത്താപരമായ ആവശ്യങ്ങൾക്ക് രാജിനെ കാണുമ്പോൾ ഈ ചെറിയ സംഭവം ആ വലിയ മനുഷ്യൻ ഓർക്കുകയും ഈയുള്ളവനെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥയെ വിമർശിച്ചുകൊണ്ടുള്ള ഡോ. കെ.എൻ. രാജിന്റെ തിരുവനന്തപുരം പ്രസംഗം മാത്രമല്ല, അത്തരം ഒട്ടനവധി പ്രസംഗങ്ങളും പ്രസ്താവനകളും അക്കാലത്ത് തമസ്‌കരിക്കപ്പെട്ടിരുന്നു. സി.പി.എം നേതാവ് എ.കെ. ഗോപാലന്റെ പാർലമെന്റിലെ ഉജ്ജ്വല പ്രസംഗവും എ.ഐ.സി.സിയുടെ ഗുവാഹത്തി സമ്മേളനത്തിലെ യുവ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസംഗവും അവയുടെ കൂട്ടത്തിൽ എടുത്തു പറയേണ്ടവയാണ്. രാജിനെപ്പോലെ എ.കെ.ജി യും തന്റെ പ്രസംഗം വായിച്ചത് 'കുരുക്ഷേത്ര"ത്തിൽ തന്നെ.
ഇന്നും ജീവിച്ചിരിപ്പുണ്ട്, അടിയന്തരാവസ്ഥയിൽ കാരാഗൃഹവാസം അനുഭവിച്ചവരും കടുത്ത പീഡനം നേരിട്ടവരും. കേരളത്തിൽ മാത്രം ഏഴായിരത്തിലേറെ പേർ തടവിലായി എന്നാണ് കണക്ക്. അവരിലേറെയും ആർ.എസ്.എസിൽ പ്പെട്ടവർ. അവരെ കൂടാതെ നക്സലൈറ്റുകാർ, മാർക്സിസ്റ്റുകാർ, കോൺഗ്രസ് പരിവർത്തനവാദികൾ, സോഷ്യലിസ്റ്റുകാർ, സർവോദയ പ്രസ്ഥാനക്കാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ തൊട്ടുകൂടായ്മയ്ക്ക് ആദ്യമായി അവധി നൽകിയത് ആക്കാലത്താണ്. എന്തിനേറെ, ഇവിടെ കേരളത്തിൽ ജയിലിൽ കഴിയവേ മുസ്ലിം ലീഗ് നേതാവ് ചെറിയ മമ്മുക്കേയിക്ക് നിസ്‌കാരത്തിന് ജലവും മറ്റും എത്തിച്ച് സൗകര്യം ചെയ്തുകൊടുത്തിരുന്നത് ജനസംഘം നേതാവ് കെ. ജി. മാരാർ ആയിരുന്നത്രെ.
ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ, ഗാന്ധിയൻ ശൈലിയിൽ അഹിംസാത്മകമായിരുന്നു അടിയന്തരാവസ്ഥയ്ക്ക് എതിരെ ആ വർഷം നവംബർ പതിനാലിന് ആരംഭിച്ച സാഹസികമായ സത്യഗ്രഹ സമരം. വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ, ജനതയുടെ മാറ്റുരയ്ക്കപ്പെട്ട ആ നാളുകൾ ലോകത്തോട് വിളിച്ചു പറഞ്ഞത്, ജനാധിപത്യം ഇന്ത്യയിലെ ജനങ്ങളുടെ ചോരയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നാണ്. ജനായത്ത ഭരണം ഇന്ത്യക്കാർ അർഹിക്കുന്നില്ലെന്നു പറഞ്ഞ് പണ്ട് പുച്ഛിച്ച വിൻസ്റ്റൻ ചർച്ചിലിനുള്ള ശക്തമായ മറുപടി. ആ സഹനസമരത്തെ നമുക്ക് രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |