SignIn
Kerala Kaumudi Online
Sunday, 06 July 2025 1.02 PM IST

അപൂർവം രാജ്യങ്ങളേ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നുള്ളൂ, ആളുകൾ സാമ്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്, 'കൊറോണ'യുടെ സുനാമി വരുമ്പോൾ

Increase Font Size Decrease Font Size Print Page
lock-down-

ഒമിക്രോൺ ഭീതിയിൽ ലോകരാജ്യങ്ങൾ വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. എന്നാൽ കൊവഡിന്റെ ആദ്യഘട്ടത്തിൽ ചെയ്തപോലെ സമ്പൂർണ അടച്ചിടലിന് അപൂർവമായേ രാജ്യങ്ങൾ മുതിരുന്നുള്ളു. ഇതിനുള്ള പ്രധാന കാരണം ആളുകൾ സാമ്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുന്നതിനാലാണെന്ന് അഭിപ്രായപ്പെടുകയാണ് യു എൻ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. കൊവിഡ് കണക്കുകളിൽ വിവിധ രാജ്യങ്ങളുടെ അവസ്ഥ പരിശോധിച്ചാൽ 'കൊറോണ'യുടെ സുനാമിയാണ് കാണാനാവുന്നത്. ഇത്രയും നാൾ പിന്തുടർന്ന ശീലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ദീർഘമായ കുറിപ്പെഴുതുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് പോസിറ്റിന്റെ പൂർണരൂപം

കൊറോണയുടെ സുനാമി വരുന്പോൾ

പുതുവർഷത്തിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, നിർമ്മിത ബുദ്ധി, സ്മാർട്ട് ഗവർണൻസ് ഇവയെ കുറിച്ചൊക്കെ എഴുതണമെന്നാണ് പ്ലാൻ ചെയ്തിരുന്നത്, അതാണ് ആഗ്രഹവും.

കൊറോണയെപ്പറ്റി രണ്ടു വർഷമായി എഴുതുന്നു. നാട്ടിൽ എൺപത് ശതമാനം ആളുകൾക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ കിട്ടിക്കഴിഞ്ഞു. അപ്പോൾ 2022 ൽ കൊറോണ വലിയ വിഷയമാകില്ല എന്നാണ് കഴിഞ്ഞ വർഷം നവംബർ വരെ കരുതിയിരുന്നത്.

പക്ഷെ കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല പോയതും പോകുന്നതും. കോവിഡ് കാലം തുടങ്ങിയതിൽ പിന്നെ പ്ലാനുകളിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ ഉണ്ടാകുന്നത് ആദ്യമായല്ല, ഇത് അവസാനവും ആകില്ല.

യൂറോപ്പിലും അമേരിക്കയിലും ഒക്കെ കോവിഡിന്റെ പുതിയ തരംഗം ഒരു സുനാമി പോലെ മുന്നേറുകയാണ്. മുൻപത്തെ മൂന്നു തരംഗത്തിലും ഉണ്ടായതിന്റെ മൂന്നും നാലും ഇരട്ടി കേസുകളാണ് ഓരോ രാജ്യത്തും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്റെ മൂന്നിലൊന്നു ജനസംഖ്യയുള്ള സ്വിറ്റ്‌സർലൻഡിൽ പ്രതിദിന കേസുകൾ മുപ്പതിനായിരം ആയി. അമേരിക്കയിൽ പ്രതിദിന കേസുകളുടെ എണ്ണം ദശലക്ഷത്തോട് അടുക്കുന്നു. പ്രതിദിനം ഒരു ലക്ഷത്തിലധികം കേസുകൾ ഉള്ള രാജ്യങ്ങൾ പലതായി. ഇന്ത്യ അവിടേക്ക് വീണ്ടും എത്തുന്നു.

കേസുകൾ കൂടുന്നു എന്ന് മാത്രമല്ല നമ്മൾ തരംഗത്തിന്റെ ഉച്ഛസ്ഥായിയിൽ ഇതുവരെ എത്തിയിട്ടില്ല എന്നാണ് ട്രെൻഡുകൾ കാണിക്കുന്നത്. എവിടെയാണ് ഈ തരംഗത്തിന്റെ ഗതി താഴേക്ക് വരുന്നതെന്ന് ഉദാഹരിക്കാൻ നമുക്ക് മറ്റൊരു രാജ്യത്ത് നിന്നും മാതൃകയില്ല. ലോക്ക് ഡൌൺ ഉൾപ്പടെ കർശന നിയന്ത്രണങ്ങൾ കൊണ്ട് നവംബറിലെ തരംഗത്തെ തിരിച്ചു വിട്ട ഓസ്‌ട്രിയയിലും നെതർലാൻഡ്‌സിലും കേസുകൾ വീണ്ടും ഉയരുകയാണ്.

മുൻപ് രോഗം ഉണ്ടായിട്ടുള്ളവർക്കും രണ്ടു ഡോസ് വാക്സിനും അതിനപ്പുറം ബൂസ്റ്ററും എടുത്തവർക്കും രോഗം വരുന്നു.

ഇതിനിടക്കുള്ള ഏക ആശ്വാസം മുൻപ് രോഗം ഉണ്ടായിട്ടുള്ളവരിലും ബൂസ്റ്റർ എടുത്തവരിലും രോഗം അത്ര തീഷ്ണമാവുന്നില്ല എന്നത് മാത്രമാണ്. ഇപ്പോൾ വാക്‌സിൻ എടുക്കാത്തവർക്ക് കോവിഡ് രോഗം ഉണ്ടാകുന്പോൾ ആശുപത്രിയിൽ എത്തിക്കേണ്ട സാധ്യതയുടെ പത്തിലൊന്നേ വാക്സിൻ എടുത്തവർക്ക് ഉള്ളൂ എന്നാണ് ന്യൂ യോർക്കിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നത്.

നമ്മൾ ചിന്തിക്കേണ്ട കാര്യം, ലോകത്ത് അനവധി പ്രദേശങ്ങളിൽ ഇപ്പോൾ ആഞ്ഞടിക്കുന്ന കോവിഡിന്റെ ഈ വന്പൻ തരംഗം കേരളത്തിലും എത്തുമോ എന്നതാണ്.

കേരളത്തിലെ കേസുകൾ പ്രതിദിനം രണ്ടായിരത്തിന് താഴെ നിന്നത് വീണ്ടും മുകളിലേക്കാണ്. ഇതിനി ഒന്നാമത്തെ തരംഗത്തിന്റെ ഉച്ഛസ്ഥായിയായിരുന്ന നാല്പതിനായിരം കടക്കുമോ, പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ പോകുമോ, അതെങ്ങനെ ഒഴിവാക്കാം, അതുണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതൊക്കെയാണ് ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത്.

ആളുകൾ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അപൂർവ്വം രാജ്യങ്ങളേ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നുള്ളൂ. പുതുതായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച നെതർലാൻഡ്‌സ് പോലുള്ള സ്ഥലങ്ങളിൽ ജനം തെരുവിലിറങ്ങി അതിനെതിരെ പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായി. ആളുകൾക്ക് മടുത്തു.

പക്ഷെ അതിപ്പോൾ വൈറസിനോട് പറയാൻ പറ്റുമോ. നിയന്ത്രണങ്ങൾ വേണ്ടി വരും. കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിൽ നിന്ന് തന്നെ കൂടുതൽ നിയന്ത്രണങ്ങൾ, യാത്രകൾക്ക് ഉൾപ്പടെ, വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വർക്ക് ഫ്രം ഹോം സാധിക്കുന്നവർക്കൊക്കെ അത് നിർദ്ദേശിച്ചേക്കും. കേരളത്തിലും പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകും, നിയന്ത്രണങ്ങളും.

അതൊക്കെ സർക്കാർ ചിന്തിക്കുന്ന കാലത്ത് നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്.

1. നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുക. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്സിൻ എടുത്തവരെക്കാൾ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്സിൻ തന്നെയാണ്.

2. ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും, രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക.

3. ഒപ്പം വാക്സിൻ എടുത്തത് കൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.

4. നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഈ വർഷത്തേക്ക് പുതുക്കി കയ്യിൽ വക്കുക. ആവശ്യം വന്നാൽ സാന്പത്തിക പരാധീനതയിൽ പെടരുതല്ലോ.

5. മാസ്ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.

6 . കല്യാണങ്ങൾ ഒക്കെ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സർക്കാർ നിർദ്ദേശം എഴുപത്തി അഞ്ചും നൂറ്റന്പതും ഒക്കെ ആണെങ്കിലും. ഇക്കാര്യങ്ങളിൽ പരമാവധി കരുതൽ എടുക്കുക.

7 . ഉത്സവങ്ങളും, പെരുന്നാളുകളും, പാർട്ടി സമ്മേളനങ്ങളും, വോളിബോൾ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേർത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തു എന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.

8. മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മൾ വ്യക്തിപരമായി പരമാവധി സന്പർക്കം കുറക്കുക. യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റർ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിൽ കാണുക. വർക്ക് ഫ്രം ഹോം സാധ്യതയുള്ളവർ അടുത്ത ഒരു മാസം അത് ചെയ്യുക.

9. നിങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങൾ ഉള്ളവർ ഒക്കെ ഉണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.

10. ഇതൊക്കെ പറയുന്പോഴും നല്ല മാനസിക ആരോഗ്യം നിലനിർത്താൻ മനഃപൂർവ്വം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഓ. ടി. ടി. യിൽ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ,

സുരക്ഷിതരായിരിക്കുക

#WeShallOvercome

മുരളി തുമ്മാരുകുടി

TAGS: MURALI THUMMARUKUDI, FACEBOOK POST, CORONA, COVID, TSUNAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.