SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.12 PM IST

എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സി പി എം - കോൺഗ്രസ് സംഘർഷം, മലപ്പുറത്ത് സുധാകരന്റെ യോഗസ്ഥലത്ത് ഡി വൈ എഫ് ഐ പ്രതിഷേധം

dheeraj

ഇടുക്കി: പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനങ്ങൾ സംസ്ഥാനത്ത് പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. മലപ്പുറത്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പങ്കെടുക്കുന്ന യോഗസ്ഥലത്ത് പ്രകടനമായി എത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ യോഗം നടക്കുന്ന ടൗൺഹാളിന് മുമ്പാകെ പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒരുവശത്ത് കോൺഗ്രസ് പ്രവർത്തകരും നിലയുറപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ആദ്യം എസ് എഫ് ഐ പ്രവർത്തകരാണ് ഇവിടേക്ക് പ്രകടനമായി എത്തിയത്. ചെറിയതോതിൽ സംഘർഷമുണ്ടായതോടെ പൊലീസ് ഇടപ്പെട്ട് ഇവരെ പിരിച്ച് വിട്ടു. പിന്നാലെ ഡി വൈ എഫ് ഐ പ്രവർത്തകർ എത്തി സുധാകരനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളികളോടെ രംഗത്ത് എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇടപ്പെട്ട് രണ്ട് വിഭാഗം പ്രവർത്തകരെയും സ്ഥലത്ത് നിന്ന് മാറ്റി. മലപ്പുറം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ചവറയിൽ എൻ കെ പ്രേമചന്ദ്രൻ എം പിയുടെ വാഹനത്തെ ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി ഉയർന്നു. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡി വൈ എഫ് ഐ പ്രവർത്തകരാണ് എം പിയുടെ വാഹനം തകർക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം.

പുനലൂരിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ് എഫ് ഐ പ്രവർത്തകർ കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചു. ഒറ്റപ്പാലത്ത് കേരളാ ബാങ്കിന്റെ ബ്രാഞ്ചിന് നേരെ കല്ലേറ് ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് ആരോപണം. ബാങ്കിന്റെ സായാഹ്ന ശാഖാ ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHEERAJ, PROTEST, KERALA, IDUKKI, CONGRESS, CPM, DYFI, YOUTH CONGRESS, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA