
'ബെസി'ലെ മെല്ലപ്പോക്കിൽ വിമർശനം
തിരുവനന്തപുരം: പീക്ക് സമയത്ത് ടേംഎഹെഡ് മാർക്കറ്റിൽനിന്ന് യൂണിറ്റിന് 10 രൂപവരെ നൽകി വൈദ്യതി വാങ്ങാനുള്ള കെ.എസ്.ഇ.ബി നടപടിയെ ചോദ്യം ചെയ്ത് റഗുലേറ്ററി കമ്മിഷൻ. ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ നടന്ന ഹിയറിങ്ങിലാണ് വൈദ്യുതിവാങ്ങലിന്റെ ആവശ്യകതയിൽ കമ്മിഷൻ വിശദാംശങ്ങൾ തേടിയത്.
വൈദ്യുതി ആവശ്യകത, പകൽ സോളാറിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്, പകൽ വിവിധ കരാറുകൾ വഴി ലഭിച്ച അധിക വൈദ്യുതി തിരിച്ചടയ്ക്കേണ്ടിവരുന്നതിന്റെ വിശദാംശം തുടങ്ങിയവ കഴിഞ്ഞ 21ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് വ്യക്തമായ മറുപടി ഇന്നലെവരെയും നൽകാത്ത സാഹചര്യത്തിലാണ് കമ്മിഷൻ നിലപാട് കടുപ്പിച്ചത്. ഇവ ഉടൻ ലഭ്യമാക്കാൻ നിർദേശിച്ചു. അടിയന്തിരഘട്ടങ്ങളിൽ വിപണിവില നൽകി വൈദ്യുതി വാങ്ങുന്നതിനെ എതിർക്കുന്നില്ലെന്നും എന്നാൽ ഇത്തരം സാഹചര്യം ഉണ്ടായതെങ്ങനെയെന്ന് പരിശോധിക്കണമെന്നും കമ്മിഷൻ നിലപാടെടുത്തു. സോളാർ വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കാവുന്ന 'ബെസ്' പദ്ധതി വേഗത്തിലാക്കാത്തത് പ്രതിസന്ധിക്ക് കാരണമാണെന്ന് നിരീക്ഷിച്ച കമ്മിഷൻ, ഇത്തരം പദ്ധതികളിൽ കെ.എസ്.ഇ.ബി തുടരുന്ന മെല്ലെപ്പോക്കിനെ വിമർശിച്ചു.
വൈദ്യുതി വാങ്ങാനായില്ലെങ്കിൽ
പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി
പീക്ക് സമയയത്ത് ടേം എഹെഡ് മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാനായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്ഇ.ബി വാദിച്ചു.
അതേസമയം, 6000 മെഗാവാട്ട് കടന്ന് മുന്നോട്ടുപോയ പീക്ക് സമയ ഉപയോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവുണ്ടായ ആശ്വാസത്തിലാണ് കെ.എസ്.ഇ.ബി. വ്യാഴാഴ്ചയിലെ പീക്ക് സമയ ഉപയോഗം 5950 മെഗാവാട്ടും പ്രതിദിന ഉപയോഗം 115.2818 ദശലക്ഷം യൂണിറ്റുമായിരുന്നു.പീക്ക് സമയ ഉപയോഗം 5300 മെഗാവാട്ട് വരെയായാലും കരാറുകൾപ്രകാരം വൈദ്യുതി വാങ്ങി വിതരണം ചെയ്യാനാവുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |