SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.28 PM IST

ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാനം നിർദേശിക്കുന്ന പാനലിൽ നിന്നുവേണം, നിയന്ത്രണവും തങ്ങൾക്ക് വേണമെന്ന നിർദേശവുമായി കേരളം കേന്ദ്രത്തിന് മുന്നിൽ

Increase Font Size Decrease Font Size Print Page
governor

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ, ഗവർണറുടെ അധികാരം എന്നിവ സംബന്ധിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷന്റെ ശുപാർശകളിന്മേൽ കേന്ദ്രത്തിന് കൈമാറാൻ സംസ്ഥാന നിയമ വകുപ്പ് തയാറാക്കിയ കരട് നിർദ്ദേശങ്ങൾ വിശദ ചർച്ചയ്ക്കായി മാറ്റിവച്ചു.

ഭരണഘടനാതത്വങ്ങൾക്കും കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച നിയമങ്ങൾക്കും അനുസൃതമായാണോ ഇവയെന്ന് പഠിക്കണമെന്ന മന്ത്രിമാരുടെ അഭിപ്രായത്തെ തുടർന്നാണ് മാറ്റിവച്ചത്. മന്ത്രിസഭായോഗം അംഗീകരിച്ച ശേഷമാണ് സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് കൈമാറേണ്ടത്. ഇതേക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ പിന്നീട് നിയോഗിച്ചേക്കും.

ഗവർണർ പദവിയുടെ അധികാരങ്ങൾ സംബന്ധിച്ചും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, ചാൻസലർ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ഇതിന് ബന്ധമില്ല.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കാൻ 2010ലാണ് കേന്ദ്രസർക്കാർ ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ചെയർമാനായുള്ള കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ നൽകിയ നിരവധി ശുപാർശകളിൽ 116 എണ്ണത്തിലാണ് സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം തേടിയത്. ഏതാനും വർഷങ്ങളായി ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ആശയവിനിമയം നടന്നുവരുന്നുണ്ട്.

33 വിഷയങ്ങളിലാണ് ഇനി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് തീരുമാനമെടുക്കാനുള്ളത്. ഇതിലാണ് ഗവർണർപദവിയുടെ അധികാരങ്ങൾ വരുന്നത്. ഗവർണറുടെ പ്രവർത്തനം സംസ്ഥാന താല്പര്യത്തിന് വിധേയമായിട്ടാകണം, ഗവർണറുടെ നിയമനത്തിലും ചുമതലകളിലും സംസ്ഥാനസർക്കാരിന് നിയന്ത്രണമുണ്ടാകണം തുടങ്ങിയ നിർദ്ദേശങ്ങൾ നിയമവകുപ്പ് തയാറാക്കിയ കരട് ശുപാർശകളിലുണ്ടായിരുന്നു. അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളിൽ സ്വീകാര്യമായത് കേന്ദ്രം പരിഗണിക്കും.

നിയമ വകുപ്പിന്റെ കരട് നിർദ്ദേശം

ചുമതലകളിൽ വീഴ്ച വരുത്തിയാൽ ഗവർണറെ നീക്കം ചെയ്യാമെന്ന വ്യവസ്ഥ നിയമനക്കാര്യത്തിൽ ഉൾപ്പെടുത്തണം.

സംസ്ഥാനസർക്കാരിന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം ഗവർണറെ നിയമിക്കണം.

സംസ്ഥാനസർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്നാവണം നിയമനം.

സജീവ രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരാളെ സർവകലാശാലാ ചാൻസലർ പദവിയിൽ നിയമിക്കണം.

TAGS: GOVERNOR, KERALA, GOVERNOR APPOINTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY