ഭക്ഷണം പാഴാക്കുന്നത് ഒരിക്കലും സഹിക്കാൻ കഴിയാത്ത ആളാണ് മോഹൻലാൽ എന്ന് നടൻ മനോജ് കെ ജയൻ. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഇക്കാര്യം തനിക്ക് മനസിലായതെന്ന് മനോജ് പറയുന്നു.
'സാഗർ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടക്കുന്ന സമയം. രാവിലെ 7.30 ന് ഷൂട്ടിംഗ് തുടങ്ങി. ഒറ്റ സ്ട്രെച്ചിന് എടുത്തു തീർക്കേണ്ടതായതുകൊണ്ട് രാവിലെ ഭക്ഷണം കുറച്ചു താമസിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സംവിധായകൻ അമൽ നീരദ് ബ്രേക്ക് എടുക്കാൻ പറഞ്ഞു. അങ്ങനെ ലാലേട്ടൻ എന്നെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. വേറെ സ്ഥലമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പജേറോയിലാണ് ഞങ്ങൾ ഇരുന്നത്. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെയായിരുന്നു ഭക്ഷണം. ഞാൻ സാമ്പാർ കഴിക്കില്ല, ചമ്മന്തിയുടെ ആളാണ് ഞാൻ.
എന്നാൽ കഴിച്ചു തുടങ്ങിയതും ചമ്മന്തി വളിച്ചു പോയെന്ന് മനസിലായി. എങ്ങനെ കഴിക്കുമെന്ന് ആലോചിച്ച് കുച്ച് മറിച്ചിരിക്കുമ്പോഴാണ് ലാലേട്ടനെ ശ്രദ്ധിച്ചത്. ഒന്നും മിണ്ടാതെ വളരെ ആസ്വദിച്ച് കഴിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് ലാലേട്ടൻ ഈ കേടായ ഭക്ഷണം കഴിക്കുന്നതെന്ന് അത്ഭുതപ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം എന്നെ നോക്കിയത്. എന്താ മനോജ്, കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല ലാലേട്ടാ ചമ്മന്തി അൽപം മോശമാണെന്ന് പറഞ്ഞു.
പിന്നെന്തിനാ മോനെ ഇത്രയും ഇഡ്ഡലിയൊക്കെ എടുത്ത് വേസ്‌റ്റാക്കിയതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഭക്ഷണം ഒരിക്കലും നമ്മൾ പാഴാക്കരുതെന്നും, ഒരു നേരത്തെ അന്നത്തിനായി ഒരുപാട് പേർ കഷ്‌ടപ്പെടുന്നുണ്ടെന്നും ലാലേട്ടൻ ഓർമ്മിപ്പിച്ചു. ഒട്ടും കഴിക്കാൻ പറ്റില്ലേ എന്ന് എന്നോട് ചോദിച്ച അദ്ദേഹം ഇല്ല എന്ന എന്റെ മറുപടി കേട്ടതോടെ ഞാൻ കുഴച്ചുമറിച്ചുവച്ച ഇഡ്ഡലിയും ചമ്മന്തിയും അൽപം പോലും കളയാതെ വാങ്ങിക്കഴിക്കുകയായിരുന്നു'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |