പാലക്കാട്: കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും നിയന്ത്രണം ലംഘിച്ച് സിപിഎം. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോട് സിപിഎം സംഘടിപ്പിച്ച കന്നുപൂട്ട് മത്സരം കാണാനെത്തിയത് 200ലേറെ പേരാണ്. എന്നാൽ പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മത്സരം നടത്തിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
പൊല്‍പ്പുള്ളി മുൻ ലോക്കൽ സെക്രട്ടറി ജി വേലായുധന്റെ 17ാം ചരമവാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായാണ് സിപിഎം മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലായി 100ഓളം ഉരുക്കൾ പ്രദർശനത്തിൽ പങ്കെടുത്തതായി പൊൽപ്പുള്ളി ലോക്കൽ സെക്രട്ടറി വിനോദ് അറിയിച്ചു. 200ഓളം നാട്ടുകാരും പ്രദർശനം കാണാൻ എത്തിയിരുന്നു.
കൊവിഡ് കേസുകൾ ദിനംപ്രതി ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായതിന് പിന്നാലെയാണ് കന്നുപൂട്ട് മത്സരവും നടത്തിയത്. മലമ്പുഴ എംഎൽഎ എ പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. പരിപാടി മുമ്പേ നിശ്ചയിച്ചിരുന്നതാണെന്നും പൂർണമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം സംഘടിപ്പിച്ചതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. നിലവിൽ 21ശതമാനത്തിനു മുകളിലാണ് പാലക്കാട് ജില്ലയിലെ ടിപിആർ നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |