കോട്ടയം: കാൽനടപ്പാതയിലൂടെ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് ആർ.ടി.ഒ റദ്ദാക്കി. തിരക്കേറിയ സമയത്ത് റോഡിന്റെ ഇടതുഭാഗത്തു കൂടി ഓവർടേക്ക് ചെയ്‌ത് കാൽനടപ്പാതയിലൂടെ ബസോടിച്ച കോട്ടയം – വടവാതൂർ റൂട്ടിൽ സർവീസ് നടത്തുന്ന കളത്തിൽ ബസിലെ ഡ്രൈവറുടെ ലൈസൻസാണ് റദ്ദാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ 27നു കഞ്ഞിക്കുഴിയിലുണ്ടായ സംഭവത്തെ തുടർന്നാണ് നടപടി.
ബസ് കാൽനടക്കാർക്കുള്ള പാതയിലൂടെ ഓടിച്ചത് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡാണ് കണ്ടെത്തിയത്. തുടർന്ന് റിപ്പോർട്ട് ആർ.ടി.ഒ.യ്‌ക്കു സമർപ്പിച്ചതോടെയാണ് ലൈസൻസ് റദ്ദാക്കിയത്. വിവിധ കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 200 ഡ്രൈവർമാരുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. പ്രധാന കവലകളിൽപോലും ബസ് ഡ്രൈവർമാർ ട്രാഫിക് സിഗ്നൽപോലും പാലിക്കാറില്ലെന്നാണ് ഓട്ടോ, കാർ, ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ പരാതിപ്പെട്ടിരുന്നു.
മറ്റു വാഹനങ്ങൾക്ക് ഓടാനും സൈഡ് നൽകാനും റോഡിൽ സൗകര്യം ഉണ്ടോ എന്നുപോലും ബസ് ഡ്രൈവർമാർ പലരും ശ്രദ്ധിക്കാറില്ലെന്നും ഇവർ പറയുന്നു. യാത്രക്കാർ ഇത്തരം സംഭവങ്ങൾ അറിയിച്ചാൽ നടപടി സ്വീകരിക്കുമെന്നു ആർ.ടി.ഒ ബാബു ജോൺ അറിയിച്ചു. സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങളുടെ നിയമലംഘനം വാട്സാപ്പിലൂടെ അധികൃതരെ അറിയിക്കാം. ഫോൺ: 9447359891
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |