ന്യൂഡൽഹി: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റി(ഐഐഎം)ലെ വിദ്യാർത്ഥികൾ നൂറ് ശതമാനം പ്ലേസ്മെന്റിന് നേടി. ബിരുദാനന്തര ബിരുദ ബാച്ചിലെ വിദ്യാർത്ഥികളാണ് പ്ലേസ്മെന്റ് നേടിയത്. 29.5 ലക്ഷം രൂപയാണ് ശരാശരി പ്രതിവർഷ ശമ്പളം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31.3 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ലത്. 546 പേർക്കാണ് പ്ലേസ്മെന്റ് ലഭിച്ചത്.
എൻഐആർഎഫ് 2021 പ്രകാരം മികച്ച നാല് റാങ്കുകൾ ലഭിച്ച കോഴിക്കോട് ഐഐഎമ്മിൽ നിന്ന് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാൻ 116 കമ്പനികളാണ് എത്തിയത്. 571 പേർക്കാണ് ഈ കമ്പനികൾ ജോലി വാഗ്ദ്ധാനം ചെയ്തത്. ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ രജത ജൂബിലി ആഘോഷിക്കുന്നതിനിടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കൂടാതെ ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, സെൻട്രൽ യൂണിവേഴ്സിറ്റി, സിഎഫ്ഐകൾ എന്നിവയിൽ ഏറ്റവും നൂതന വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം എന്ന അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് കോഴിക്കോട് ഐഐഎം.
ആമസോൺ, അമേരിക്കൻ എക്സ്പ്രസ്, ഏഷ്യൻ പെയിന്റ്‌സ്, സിറ്റി ബാങ്ക്, ഫ്ലിപ്കാർട്ട്, മഹീന്ദ്ര, മൈക്രോസോഫ്ട്, റിലയൻസ്, സാംസങ്, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികളായിരുന്നു റിക്രൂട്ട്മെന്റ് നടത്തിയത്. ഈ വർഷം 39 പുതിയ കമ്പനികൾ കൂടി റിക്രൂട്ട്മെന്റ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |