മലപ്പുറം: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഐസിസ് ഭീകരൻ നജീബ് അൽഹിന്ദി പൊന്മളയിൽ നിന്ന് കാണാതായ എംടെക് വിദ്യാർത്ഥിയാണെന്ന് സംശയം. അഞ്ച് വർഷം മുൻപാണ് യുവാവിനെ കാണാതായത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേത് തന്നെയാണെന്നും എന്നാൽ കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും പൊലീസ് അറിയിച്ചു.
2017ലാണ് വെല്ലൂർ കോളേജിൽ എംടെക് വിദ്യാർത്ഥിയായിരുന്ന മകനെ കാണാനില്ലെന്ന് കാണിച്ച് നജീബിന്റെ മാതാവ് മലപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാണാതാകുമ്പോൾ 23 വയസായിരുന്നു. കോളേജിൽ നിന്നാണ് യുവാവിനെ കാണാതായത്. ഇയാൾക്കെതിരെ എൻഐഎ അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
നജീബ് ഐസിസിൽ ചേർന്നതായും കൊല്ലപ്പെട്ടതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോൾ വീണ്ടും ഐസിസ് മുഖപത്രത്തിൽ വന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഐസിസ് ഖൊറാസൻ ഭീകര സംഘടനയുടെ മുഖപത്രമായ ' വോയിസ് ഒഫ് ഖൊറാസൻ ' ആണ് മരണവാർത്ത ചിത്രം സഹിതം പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |