തിരുവനന്തപുരം : തിരക്കേറിയ ആരാധനാലയങ്ങളിലും, ബസുകളിലും യാത്രക്കാരുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന സംഘങ്ങളെ പലപ്പോഴും പിടികൂടാറുണ്ട്. അന്യസംസ്ഥാനക്കാരായ സ്ത്രീകളെയാണ് ഇത്തരത്തിലുള്ള മോഷണകുറ്റത്തിന് പലപ്പോഴും പിടികൂടാറുള്ളത്. അടുത്തിടെ പ്രായമുള്ള സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കുന്ന സംഘങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിലെ നിരവധി ഇടങ്ങളിൽ കവർച്ച നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തതോടെയാണ് ഇവർക്ക് പിന്നിലുള്ള കരങ്ങളെ തേടി പൊലീസ് വലയെറിഞ്ഞത്. കഴിഞ്ഞമാസം തമിഴ്നാട് സ്വദേശികളായ ജ്യോതി, ജയന്തി എന്നിവരെ ഹൊസ്ദുർഗ് പൊലീസ് പിടികൂടിയ സംഭവമാണ് വഴിത്തിരിവായത്.പൊലീസിന് തെറ്റായ മേൽവിലാസം നൽകിയാണ് ഇവർ കേസിൽ തുടരന്വേഷണത്തിന്റെ മുനയൊടിക്കുന്നത്. തിരുപ്പൂർ സ്വദേശികളാണെന്നും, കേരളത്തിൽ പൂവിൽപ്പനയ്ക്കായി വന്നതാണെന്നുമാണ് ജ്യോതിയും ജയന്തിയും പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇതെല്ലാം കളവായിരുന്നുവെന്ന് പൊലീസിന് തുടരന്വേഷണത്തിൽ മനസിലാവുകയായിരുന്നു.
ഇവരുടെ യഥാർത്ഥ താമസ സ്ഥലം ശിവഗംഗയിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെ എത്തിയപ്പോൾ ശരിക്കും ഞെട്ടിയത് പിടിയിലായവരുടെ ആഢംബര ജീവിതം കണ്ടായിരുന്നു. പണക്കാർ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയയിലെ കൊട്ടാര സദൃശ്യമായ വീടുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇരുവരുടെയും മക്കൾ കൊടൈക്കനാലിലെ റസിഡൻഷ്യൽ സ്‌കൂളുകളിലാണ് പഠനം നടത്തുന്നത്. ലക്ഷങ്ങൾ ഫീസ് നൽകിയാൽ മാത്രമേ ഇവിടെ പഠിക്കുവാനാവൂ.
കവർച്ചയ്ക്ക് ലക്ഷ്യമിടുന്നത് പ്രായമായ സ്ത്രീകളെ
സ്വർണാഭരണം കവരാനായി പ്രായമുള്ള സ്ത്രീകളെയാണ് ഇവർ ലക്ഷ്യമിടുന്നത്. തിരക്കേറിയ സ്ഥലങ്ങളിൽ നിന്നും സ്വർണാഭരണങ്ങൾ പൊട്ടിച്ച് ഓടുന്നതാണ് ഇവരുടെ രീതി. പിന്തുടർന്ന് പിടികൂടിയാൽ രക്ഷപ്പെടാനായി മലമൂത്ര വിസർജനം നടത്തുന്ന പതിവും ഇവർക്കുണ്ട്. ഇത് കൂടാതെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ഉച്ചത്തിൽ നിലവിളിക്കും. സ്ത്രീകൾക്കെതിരെ അക്രമം നടത്തി എന്ന ആരോപണമുണ്ടാവുമെന്ന് ഭയന്ന് വെറുതെ വിടുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇങ്ങനെ പെരുമാറുന്നത്. പൊതു ഇടങ്ങളിൽ ഒന്നിലേറെ പേരുമായെത്തി തിക്കും തിരക്കുമുണ്ടാക്കി ആഭരണം കവരുന്ന രീതിയും ഇവർക്കുണ്ട്. അറസ്റ്റിലാവുന്ന കവർച്ചക്കാർക്ക് നിയമ സംരക്ഷണമൊരുക്കാനുള്ള സംവിധാനം വരെയുള്ള വമ്പൻ സ്രാവുകൾ ഇവർക്ക് പിന്നിലുണ്ടെന്നാണ് അന്വേഷണത്തിൽ പൊലീസിന് മനസിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |