SignIn
Kerala Kaumudi Online
Thursday, 19 February 2026 1.35 AM IST

അനധികൃത ഓഫ് റോഡ് ഡ്രൈവ്: നടൻ ജോജുവിനെതിരെ കേസ്

Increase Font Size Decrease Font Size Print Page
p

ഇടുക്കി: വാഗമണ്ണിൽ ഓഫ്‌ റോഡ് ഡ്രൈവ് നടത്തിയ നടൻ ജോജു ജോർജിനും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തു. ഇടുക്കിയിൽ ഓഫ് റോഡ് റൈഡിന് ജില്ലാ കളക്ടർ ഏർപ്പെടുത്തിയ നിരോധനം മറികടന്ന് നിയമവിരുദ്ധമായി പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. കേസിൽ മൂന്നാം പ്രതിയാണ് ജോജു. ഒന്നാം പ്രതി എം.എം.ജെ പ്ലാന്റേഷൻ ഉടമയും രണ്ടാം പ്രതി പരിപാടി സംഘടിപ്പിച്ച ഓഫ് റോഡ് അസോസിയേഷൻ ഒഫ് കേരളയുമാണ്. ഐ.പി.സി 188, 336, 34, ദുരന്ത നിവാരണ നിയമം 30(2)(3) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏഴു ദിവസത്തിനുള്ളിൽ ഇടുക്കി ആർ.ടി.ഒ ഓഫീസിൽ വാഹനത്തിന്റെ രേഖകൾ സഹിതം ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് നോട്ടീസും നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജോജു ജോർജിന്റെ ലൈസൻസും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യുമെന്ന് ആർ.ടി.ഒ ആർ.രമണൻ പറഞ്ഞു. ഇടുക്കിയിൽ ഓഫ് റോഡ് ഡ്രൈവ് ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതു ലംഘിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് റിപ്പോർട്ട് നൽകും.

ശനിയാഴ്ച വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഒട്ടേറെ വാഹനങ്ങൾ പങ്കെടുത്ത ഓഫ് റോഡ് ഡ്രൈവിംഗ് സംഘടിപ്പിച്ചത്. സംഭവത്തിൽ നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നൽകിയത്. തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുത്തത്. അതേസമയം സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നെന്നും പരിചയ സമ്പന്നരാണ് വാഹനം ഓടിച്ചതെന്നുമാണ് സംഘാടകരുടെ വിശദീകരണം. സ്വകാര്യ സ്ഥലമായതിനാൽ അനുമതി വാങ്ങേണ്ടതില്ലെന്നും സാഹസിക പരിപാടികൾക്ക് അനുമതി നൽകാൻ പ്രത്യേക സംവിധാനം ഇല്ലെന്നുമാണ് ഇവരുടെ പ്രതികരണം.

TAGS: JOJUGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY