തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഫിസിക്സ് പരീക്ഷണങ്ങൾ ഇനി കമ്പ്യൂട്ടറിൽ ഡിജിറ്റൽ രൂപത്തിൽ ചെയ്യാം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇതിനായി എക്സ്‌പൈസ് (എക്സ്പിരിമെന്റ് ഫോർ യംഗ് എൻജിനിയേഴ്സ് ആൻഡ് സയന്റിസ്റ്റ്) എന്ന പേരിൽ ഒരു ഉപകരണം നിർമ്മിച്ചിരിക്കുകയാണ്. ലാപ്ടോപ്പുമായും കമ്പ്യൂട്ടറുമായും യു.എസ്.ബി കേബിൾ വഴി എക്സ്‌പൈസ് ഘടിപ്പിക്കാം. നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മുപ്പത്തിയാറോളം പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇവയെല്ലാം എക്സ്പൈസിന്റെ സഹായത്താൽ ചെയ്യാനാകും. ഓരോ സ്കൂളുകളിലും ഈ അദ്ധ്യയന വർഷത്തോടെ ഉപകരണങ്ങൾ വിതരണം ചെയ്യും. ഒരു ഫിസിക്സ് അദ്ധ്യാപകന് ഒരു ഉപകരണം എന്ന കണക്കിൽ മൂവായിരം രൂപ വിലവരുന്ന എക്സ്‌പൈസ് സൗജന്യമായാണ് സ്കൂളുകൾക്ക് നൽകുന്നത്.
ഗുണങ്ങൾ
സാധാരണ ലാബിലെ പരീക്ഷണങ്ങൾ വഴി ലഭിക്കുന്ന ഡേറ്റയുടെ ഫലപ്രദമായ വിശകലനം സാദ്ധ്യമാക്കാം.
എ.സി, ഡി.സി സിഗ്നലുകളുടെ നിർമ്മാണം, സോണോമീറ്റർ, സിമ്പിൾ പെൻഡുലം, ഹെലിക്കൽ സ്പ്രിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കൃത്യമായി ചെയ്യാം
അദ്ധ്യാപകന് തിയറി പഠിപ്പിക്കുന്നതോടൊപ്പം തന്നെ ക്ലാസ് മുറിയിൽ പരീക്ഷണങ്ങൾ ഡിജിറ്റൽ രൂപത്തിൽ കാണിക്കാനാകും.
'ഹയർസെക്കൻഡറിയിലെ അവധിക്കാല ഐ.ടി പരിശീലനത്തിന്റെ ഭാഗമായി മുഴുവൻ ഫിസിക്സ് അദ്ധ്യാപകർക്കും ഉപയോഗിക്കാനുള്ള എക്സ്‌പൈസ് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ സ്കൂളുകളിലും എത്തിക്കും.'
-കെ.അൻവർ സാദത്ത്, കൈറ്റ് വൈസ്
ചെയർമാൻ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |