തിരുവനന്തപുരം: തന്റെ യൂറോപ്യൻ സന്ദർശനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഇത് മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ വികസനത്തിന് അടിത്തറ പാകുന്ന രീതിയിലുള്ള ചർച്ചകൾ അവിടെ വച്ച് നടന്നു. പ്രളയ പുനർ നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഉടൻ യോഗം വിളിക്കും. പുനർ നിർമാണത്തിൽ നെതർലാൻഡ്‌സിന്റെ മാതൃക നടപ്പിലാക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും. വിദേശ സന്ദർശനം പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തിയ ശേഷം വിളിച്ച വാർത്താ സമ്മേളത്തനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്ത ചില സംഭവങ്ങൾക്ക് പിന്നിൽ ആരാമെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ശബരിമലയെ സംരക്ഷിക്കുന്ന നിലാടാണ് സർക്കാരിനുള്ളത്. ഇനിയും ഈ നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന എക്‌സിറ്റ് പോളുകളെ വിശ്വാസിക്കാൻ കഴിയില്ല. 2004ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തുമെന്നാണ് എല്ലാവരും പ്രവചിച്ചത്. എന്നാൽ അന്ന് യു.പി.എ സർക്കാർ അധികാരത്തിൽ കയറിയത് എല്ലാവരും കണ്ടതാണ്. ഇനി 23 വരെ കാത്തിരിക്കാം. കേരളത്തിൽ ഇടത് മുന്നണി വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതിന്റെ തെളിവുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുയാണ്. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബി.ജെ.പി കയ്യടക്കി വച്ചിരിക്കുന്നത് വല്ലാത്ത ദുർവിധിയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |