SignIn
Kerala Kaumudi Online
Monday, 14 September 2026 8.58 PM IST

കൊവിഡ് ഉത്തരവാദിത്തമില്ല, ഉദ്യോഗസ്ഥരെ വിമർശിച്ച് കിം മരുന്ന് വിതരണത്തിന് സൈന്യത്തിന്റെ സഹായം തേടി

v

പ്യോഗ്യാംഗ്: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഉത്തരവാദിത്വത്തോടെ പെരുമാറാത്ത ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. മരുന്ന് വിതരണത്തിന് സഹായിക്കാൻ അദ്ദേഹം സൈന്യത്തോട് ആവശ്യപ്പെട്ടു. രാജ്യത്ത് 10 ലക്ഷം പേർക്കെങ്കിലും കൊവിഡ് ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ. മരണം 50 ആയി.

ഫാർമസികൾ 24 മണിക്കൂറും തുറക്കുന്നതിലും മരുന്ന് വിതരണം ചെയ്യുന്നതിലും അനാസ്ഥ കാണിച്ചതിനാണ് കിം ഉദ്യോഗസ്ഥരെ വിമർശിച്ചത്.

കിം നേരിട്ടാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദിനവും അടിയന്തര പൊളിറ്റ് ബ്യൂറോ മീറ്റിംഗുകൾ നടത്തി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. നിലവിലെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നതെന്ന് കിം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും മോശം ആരോഗ്യ സംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയ. ആശുപത്രികളിൽ വിരലിലെണ്ണാവുന്ന തീവ്ര പരിചരണ വിഭാഗങ്ങളാണുള്ളത്. കൊവിഡ് ചികിത്സാ സംവിധാനങ്ങളും ആർ.ടി.പി.സി.ആർ അടക്കമുള്ളകൊവിഡ് പരിശോധനാ സംവിധാനങ്ങളും വളരെ കുറവാണ്. മരുന്ന് ക്ഷാമവും രൂക്ഷമാണ്.

 അന്താരാഷ്ട്ര സഹായം ആവശ്യമോ?
രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന ഒമിക്രോൺ വകഭേദത്തെ തുടച്ച് നീക്കാൻ കിമ്മിന് അന്താരാഷ്ട്ര സഹായം അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ചൈനയോടാവും കിം ആദ്യം സഹായം ആവശ്യപ്പെടുക. പിന്നീട്,അമേരിക്കയോടും ദക്ഷിണ കൊറിയയോടും സഹായം ആവശ്യപ്പെട്ടേക്കാം. നേരത്തെ ചൈന തദ്ദേശീയ വാക്സിനുകൾ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കിം അത് നിരസിച്ചിരുന്നു. തങ്ങൾ ചൈനയുടെ കൊവിഡ് നിയന്ത്രണ നയം സ്വായത്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

കൊവിഡ് പ്രതിരോധത്തിൽ ഉത്തര കൊറിയൻ ജനതയെ സഹായിക്കാൻ തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സക് - യോൾ ഇന്നലെ പറഞ്ഞു. വാക്സിനുകൾ, ആരോഗ്യ പ്രവർത്തകർ, മരുന്നുകൾ എന്നിവയടക്കമുള്ള സഹായമാണ് യോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, വിഷയത്തിൽ ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല. അതേസമയം, ആണവായുധ നിർമ്മാണം കിം ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. ലോംഗ് ഡോർമെന്റ് ആണവ റിയാക്ടറിന്റെ നിർമ്മാണം രാജ്യം വീണ്ടും ആരംഭിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. അടുത്ത ആഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദക്ഷിണ കൊറിയ സന്ദർശിക്കുന്നുണ്ട്. ഉത്തര കൊറിയയുടെ ആയുധ പദ്ധതികളാവും ബൈഡന്റെ പ്രധാന ചർച്ചാവിഷയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360