ന്യൂഡൽഹി: ഐശ്വര്യ റായിയെ അപമാനിച്ചുകൊണ്ടുളള ട്വീറ്റിന് മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്. തനിക്ക് സ്ത്രീകളെ അപമാനിക്കുന്ന കാര്യം ചിന്തിക്കാൻ പോലും ഇഷ്ടമല്ലെന്നും 2000 നിർദ്ധനരായ പെൺകുട്ടികൾക്ക് വേണ്ടി കഴിഞ്ഞ പത്ത് വർഷമായി താൻ പ്രവർത്തിച്ച് വരികയാണെന്നും വിവേക് പറഞ്ഞു.
'ഒരു സ്ത്രീയെങ്കിലും എന്റെ വാക്കുകൾ കൊണ്ട് വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ പറയേണ്ടതാണ്. ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ആദ്യകാഴ്ചയിൽ തമാശയായി ഒരാൾക്ക് തോന്നുന്ന കാര്യം മറ്റൊരാൾക്ക് അങ്ങനെ ആവണമെന്നില്ല. കഴിഞ്ഞ പത്ത് വർഷമായി 2000 നിർദ്ധന പെൺകുട്ടികൾക്ക് വേണ്ടി ഞാൻ പ്രവർത്തിക്കുകയാണ്. അങ്ങനെയുള്ള എനിക്ക് ഒരിക്കലും സ്ത്രീകളെ അപമാനിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആകില്ല.' വിവേക് ഒബ്‌റോയ് പറഞ്ഞു,
എന്നാൽ അൽപ്പം മുൻപുവരെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പിന്നെന്തിന് താൻ മാപ്പ് പറയണം എന്നുമാണ് ഒബ്റോയ് പറഞ്ഞിരുന്നത് . ഇന്നലെ ട്വീറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര വനിതാ കമ്മീഷൻ വിവേക് ഒബ്റോയിക്ക് നോട്ടീസ് അയച്ചിരുന്നു. ട്വീറ്റ് അനവസരത്തിലുളളതും ഔചിത്യമില്ലാത്തതും ആണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേർ ട്വിറ്റർ വഴിയും പ്രതികരിച്ചിരുന്നു.
'എനിക്ക് മാപ്പ് പറയാൻ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷെ ഞാൻ എന്തിന് അത് ചെയ്യണം എന്ന് പറയൂ. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് പറയാം. എന്നാൽ തെറ്റ് ചെയ്തുവെന്ന് ഞാൻ കരുതുന്നില്ല.' വിവേക് ഒബ്റോയ് മുൻപ് പറഞ്ഞിരുന്നു.
സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, എന്നിവരുമായും താനുമായും ഉണ്ടായിരുന്ന ഐഷ്വര്യ റായിയുടെ പ്രണയബന്ധങ്ങളെയും തിരഞ്ഞെടുപ്പ് പോളിനെയും താരതമ്യം ചെയ്തുകൊണ്ടുളള ഒരു 'മീം' വിവേക് ഒബ്റോയ് ട്വിറ്ററിൽ പോസ്റ്ര് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വിവാദങ്ങൾ അണപൊട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |