SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

അൺ ലക്കി ലക്നൗ

Increase Font Size Decrease Font Size Print Page
rcb

എലിമിനേറ്ററിൽ ആർ.സി.ബിയോട് തോറ്റ് ലക്നൗ സൂപ്പർജയന്റ്സ് പുറത്ത്

ആർ.സി.ബി 207/4, ലക്നൗ 193/6

രജത് പാട്ടീദാറിന് സെഞ്ച്വറി 112 നോട്ടൗട്ട്

കൊൽക്കത്ത : റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെതിരായ ഐ.പി.എൽ എലിമിനേറ്ററിൽ തോറ്റ് ലക്നൗ സൂപ്പർ ജയന്റ്സ് ഐ.പി.എല്ലിൽ നിന്ന് പുറത്തായി. ഇന്നലെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ളൂർ നാലുവിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തപ്പോൾ ലക്നൗവിന്റെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസിലെത്തിയതേയുള്ളൂ.

സെഞ്ച്വറി നേടിയ രജത് പാട്ടീദാറിന്റെയും (54പന്തുകളിൽ 12 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 112 റൺസ്),ദിനേഷ് കാർത്തികിന്റെയും (22 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 37 റൺസ് ),വിരാട് കൊഹ്‌ലിയുടെയും (24 പന്തുകളിൽ 25 റൺസ് )മികവിലാണ് ആർ.സി.ബി ഇന്നലെ 207/4 എന്ന സ്കോറിലെത്തിയത്.

ലക്നൗ നിരയിൽ നായകൻ കെ.എൽ രാഹുൽ 58 പന്തുകളിൽ മൂന്ന് ഫോറും അഞ്ചുസിക്സും അടക്കം 79 റൺസുമായി പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. അവസാന ഓവറുകളിൽ ലക്നൗവിന്റെ മദ്ധ്യനിര ബാറ്റർമാരെ കാലുറപ്പിക്കാൻ അനുവദിക്കാതെ പുറത്താക്കിയതാണ് ആർ.സി.ബിയുടെ വിജയത്തിന് വഴിയൊരുക്കിയത്.

എലിമിനേറ്ററിൽ ജയിച്ചെങ്കിലും ആർ.സി.ബിക്ക് ഫൈനൽ ഉറപ്പായിട്ടില്ല. വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ജയിച്ചാലേ ആർ.സി.ബിക്ക് ഗുജറാത്ത് ടൈറ്റാൻസുമായുള്ള ഫൈനലിന് ടിക്കറ്റ് ലഭിക്കുകയുള്ളൂ.

മഴ മൂലം കൊൽക്കത്തയിൽ എലിമിനേറ്റർ മത്സരം അരമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ടോസ് നേടിയ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്ടൻ കെ.എൽ രാഹുൽ ആർ.സി.ബിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ക്യാപ്ടൻ ഫാഫ് ഡുപ്ളെസിയെ ആദ്യ ഓവറിൽത്തന്നെ ആർ.സി.ബിക്ക് നഷ്ടമായിരുന്നു. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ മൊഹ്സിൻ ഖാൻ ഡുപ്ളെസിയെ ക്വിന്റൺ ഡി കോക്കിന്റെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലൊരുമിച്ച വിരാട് കൊഹ്‌ലിയും രജത് പാട്ടീദാറും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പാണ് ആർ.സി.ബിയെ മുന്നോട്ടുകൊണ്ടുപോയത്.

രണ്ടാം വിക്കറ്റിൽ 66 റൺസാണ് വിരാടും രജതും ചേർന്ന് കൂട്ടിച്ചേർത്തത്.ഒൻപതാം ഓവറിൽ വിരാടിനെ ആവേഷ് ഖാൻ മൊഹ്സിന്റെ കയ്യിലെത്തിച്ച് സഖ്യം പൊളിച്ചു.തുടർന്നിറങ്ങിയ മാക്സ‌്‌വെല്ലും (9) ലൊമോറും (14) പെട്ടെന്ന് മടങ്ങിയെങ്കിലും രജത് പാട്ടീദാർ ക്രീസിൽ ഉറച്ചുനിന്ന് സെഞ്ച്വറിയിലേക്ക് നീങ്ങി.11-ാം ഓവറിൽ മാക്സ്‌വെല്ലിനെ ക്രുനാൽ പാണ്ഡ്യയും 14-ാം ഓവറിൽ ലൊമോറിനെ രവി ബിഷ്ണോയ്‌യുമാണ് പുറത്താക്കിയത്. ഇതോടെ ആർ.സി.ബി 13.1ഓവറിൽ 115/4 എന്ന നിലയിലായി.

തുടർന്ന് ഈ സീസണിലെ ഏറ്റവും മികച്ച ഫിനിഷർ ദിനേഷ് കാർത്തിക് കളത്തിലേക്ക് ഇറങ്ങി. ഞൊടിയിടയിൽ റൺസുയർത്തി ദിനേഷും രജത്തും തിളങ്ങിയതോടെ ബാംഗ്ളൂർ 200 കടന്നു.

മറുപടിക്കിറങ്ങിയ ലക്നൗവിന് ആദ്യ ഓവറിൽത്തന്നെ ഇൻഫോം ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ(6) നഷ്ടമായി. സിറാജിന്റെ പന്തിൽ ഡുപ്ളെസിക്ക് ക്യാച്ച് നൽകിയാണ് ഡികോക്ക് മടങ്ങിയത്.തുടർന്ന് കെ.എൽ രാഹുലും മനൻ വോറയും (21)ചേർന്ന് മുന്നോട്ടുനീങ്ങി.11 പന്തുകളിൽ 19 റൺസെടുത്ത വോറയെ അഞ്ചാം ഓവറിൽ ഹേസൽവുഡാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിൽ ഒരുമിച്ച രാഹുലും ദീപക് ഹൂഡയും ലക്നൗവിന് വിജയപ്രതീക്ഷ നൽകി. 26 പന്തുകളിൽ ഒരു ഫോറും നാലുസിക്സുമടക്കം 45 റൺസടിച്ച ഹൂഡയെ15-ാം ഓവറിൽ ഡിസിൽവ പുറത്താക്കിയതോടെയാണ് കളിയിൽ വഴിത്തിരിവുണ്ടായത്. 18-ാം ഓവറിൽ ഹർഷൽ പട്ടേൽ സ്റ്റോയ്നിസിനെ പുറത്താക്കി. അടുത്ത ഓവറിൽ ഹേസൽവുഡ് അടുത്തടുത്ത പന്തുകളിൽ രാഹുലിനെയും ക്രുനാൽ പാണ്ഡ്യയെയും (0) പുറത്താക്കിയത് ലക്നൗവിന്റെ ചേസിംഗിന്റെ മുനയൊടിച്ചു.

TAGS: RCB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY