കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളി. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നോയെന്നതടക്കം പരിശോധിക്കാൻ കാർഡ് പരിശോധനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഏപ്രിലിൽ നാലിനു നൽകിയ ഹർജി എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയാണ് തള്ളിയത്. മെമ്മറികാർഡ് ഒരിക്കൽ പരിശോധിച്ച് ഫോറൻസിക് വിദഗ്‌ദ്ധന്റെ മൊഴി രേഖപ്പെടുത്തിയതു ചൂണ്ടിക്കാട്ടി മേയ് ഒമ്പതിനാണ് കോടതി അപേക്ഷ തള്ളിയത്.
ഇത്തരമൊരു വിധി വന്ന കാര്യം അറിഞ്ഞില്ലെന്ന് ഇന്നലെ അസി. പബ്ളിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ കോടതിയെ അറിയിച്ചു. വിധിയുടെ പകർപ്പ് കേസന്വേഷണ ചുമതലയുള്ള നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അയച്ചിട്ടുണ്ടെന്നും, വിധിപ്പകർപ്പ് പ്രോസിക്യൂഷൻ ഏറ്റുവാങ്ങാത്ത സാഹചര്യത്തിലാണിതെന്നും കോടതി വിശദീകരിച്ചു. വിധിപ്പകർപ്പ് പ്രോസിക്യൂഷൻ ഏറ്റുവാങ്ങാത്തതിൽ കോടതി അതൃപ്തിയും രേഖപ്പെടുത്തി. കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നതായി ആരോപിച്ച് അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം വിചാരണക്കോടതി പരിഗണിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ ജാമ്യം:
ഹർജി മാറ്റി
കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി മേയ് 31ലേക്ക് മാറ്റി. ഈ കേസിൽ പ്രോസിക്യൂഷൻ തെളിവായി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരുടെ ശബ്ദരേഖകൾ സമർപ്പിച്ചത് കോടതി പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |