തിരുവനന്തപുരം: ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ഉടമ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനത്തിന് വിധേയമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിലെ എല്ലുകളും കഴുത്തിലെ കശേരുക്കളും തകർന്നാണ് മരണമെന്നും ശരീരമാസകലം മുറിവുകളുണ്ടെന്നും കണ്ടെത്തി. വായിലെ മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയതായും റിപ്പോർട്ടിലുണ്ട്.
വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമകളിലൊരായ ഇഴപ്പഴിഞ്ഞി ശ്രീലെയ്‌നിൽ കീർത്തനം വീട്ടിൽ ജസ്റ്റിൻ രാജിനെ (59 ) കൊലപ്പെടുത്തിയ അതേ ഹോട്ടലിലെ ജീവനക്കാരായ വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39),ഡൽഹി സ്വദേശി ഡേവിഡ് ദിൽകുമാർ (31) എന്നിവരെ മണിക്കൂറികൾക്കകം പൊലീസ് സാഹസികമായി പിടികൂടിയിരുന്നു.
ചൊവാഴ്ച ഉച്ചയോടെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ഇടപ്പഴിഞ്ഞിയിലെ വാടക വീടിന് പിറകിൽ ജസ്റ്റിൻ രാജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സി.പി.എം മുൻ ജില്ലാ സെക്രട്ടറി പരേതനായ എം.സത്യനേശന്റെ മരുമകനും മുൻ ജയിൽ സൂപ്രണ്ട് പരേതനായ സെൽവരാജിന്റെയും മകനുമാണ് ജസ്റ്റിൻ രാജ്. സംഭവത്തിൽ ചൊവ്വാഴ്ച രാത്രി പത്തോടെ പൊലീസുകാർ പ്രതി രാജേഷിന്റെ അടിമലത്തുറയിലെ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിനുള്ള ശ്രമത്തിനിടെ പ്രതികളുടെ ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
പി.ഡബ്ലിയു.ഡി കോൺട്രാക്ടർ കൂടിയായ ജസ്റ്റിൻ രാജ് എട്ടുമാസം മുമ്പാണ് കേരള കഫേയുടെ പാർട്ണറായത്. 4 പാർട്ണർമാരിൽ ഒരാളായ ജസ്റ്റിനാണ് ദിവസവും പുലർച്ചെ 5ന് ഹോട്ടൽ തുറക്കുന്നത്.
ഹോട്ടലിൽ 8 ജീവനക്കാരാണുള്ളത്. പാചകക്കാരിൽ ഒരാളായ രാജേഷും വെയ്റ്ററായ ഡേവിഡും സംഭവദിവസം ജോലിക്കെത്തിയിരുന്നില്ല. രാവിലെ സുഹൃത്തായ സ്റ്റാൻലിക്കൊപ്പം സ്‌കൂട്ടറിൽ റിയൽ എസ്‌റ്റേറ്റ് ബിസിനസ് സംബന്ധമായി സ്ഥലം കാണാൻ ജസ്റ്റിൻ പോയിരുന്നു. തിരികെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് പ്രതികളായ രണ്ടുപേരും ജോലിക്കെത്തിയിട്ടില്ലെന്ന കാര്യമറിഞ്ഞത്. സ്റ്റാൻലിയെ അവിടെ ഇരുത്തി, അയാളുടെ സ്‌കൂട്ടർ വാങ്ങിയാണ് പാചകക്കാർ താമസിക്കുന്ന വാടക വീട്ടിൽ അന്വേഷിച്ച് പോയത്. ജസ്റ്റിൻ അവിടെ എത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. ജോലിക്ക് എത്താത്തതിന്റെ കാരണം ചോദിക്കുന്നതിനിടെ വഴക്കായി. കൃത്യനിഷ്ഠയില്ലാത്തതിനാൽ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതായി ജസ്റ്റിൻ പറയുകയും വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇതോടെ അക്രമാസക്തരായ രാജേഷും ഡേവിഡും ജസ്റ്റിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ജസ്റ്റിൻ കൊല്ലപ്പെട്ടതോടെ മൃതദേഹം മറവുചെയ്യാൻ ഇരുവരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം വീടിന് പിറകിലെത്തിച്ച് പോക്കറ്റിലുണ്ടായിരുന്ന പണവും സ്‌കൂട്ടറിന്റെ താക്കോലും കൈക്കലാക്കി. പുറത്ത് കിടത്തി മെത്ത ഉപയോഗിച്ച് മൃതദേഹം മൂടിയിട്ട ശേഷം ഇരുവരും സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
ജസ്റ്റിൻ മടങ്ങിവരാതായതോടെ സുഹൃത്ത് സ്റ്റാൻലി അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഉച്ചയോടെ ജീവനക്കാരിലൊരാൾക്കൊപ്പം വാടക വീട്ടിലേക്ക് സ്റ്റാൻലിയും പോയി. വീട്ടിലെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. സ്‌കൂട്ടറും രണ്ട് ജീവനക്കാരെയും കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അടിമലത്തുറയിൽ നിന്നും ഇരുവരെയും പിടികൂടിയത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒരാഴ്‌ച മുൻപാണ് ഇരുവരും ഇവിടെ ജോലിക്കെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
വിദേശത്തുള്ള മകനും മരുമകളും തിരിച്ചെത്തിയ ശേഷം നാളെ രാവിലെ 8ഓടെ ഇടപ്പഴിഞ്ഞിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം നെയ്യാറ്റിൻകര ഓലത്താന്നിയിലെ കുടുംബവീട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: അജിത
(റിട്ട.എക്സിക്യുട്ടീവ് എൻജിനീയർ,ഇറിഗേഷൻ വകുപ്പ്). മകൻ:ഡോ.കിരൺ (ദുബായ്),മരുമകൾ: സോഫിയ (ദുബായ് ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |