പാലോട്: കാഞ്ചിനട ചെമ്പൻകോട് വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമിലേക്ക്, മാലിന്യം കൊണ്ടുവന്ന ഫാം ഉടമയെയും വാഹനവും പാലോട് റേഞ്ച് ഓഫീസറും സംഘവും ചേർന്ന് പിടികൂടി. കാഞ്ചിനട എം.എസ്.എം പന്നിഫാം നടത്തുന്ന മധു ജോൺസണിനെയാണ് (47) കഴിഞ്ഞ ദിവസം പുലർച്ചെ 3.30ഓടെ പിടികൂടിയത്.
ഇയാൾ മാലിന്യം കൊണ്ടുവന്ന ഇന്നോവയും പിടികൂടി.ഇക്കഴിഞ്ഞ മാർച്ചിൽ ഫാം ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു.നഗരസഭയിലെ നെട്ടയം,കവടിയാർ,പാതിരപ്പള്ളി,കാട്ടായിക്കോണം വാർഡുകളിലെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിച്ച് വനമേഖലയിലും ഫാമിലെടുത്ത കുഴികളിലും നിക്ഷേപിക്കുകയായിരുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാട്ടിനകത്ത് കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു.ഈ ഭാഗത്തെ മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടുകയും ചെയ്യും. ഫാമിൽ നിന്നുള്ള മലിനജലം ഒഴുകി വാമനപുരം നദിയിലെത്തുകയും ഈ ജലം 45ഓളം വിദ്യാലയങ്ങളിലും ഏഴോളം കുടിവെള്ള പദ്ധതി പ്രദേശങ്ങളിലും എത്തിച്ചേരും ഇത് ഗുരുതര പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തുടർന്ന് പ്രദേശവാസികൾ ഡി.കെ.മുരളി എം.എൽ.എയ്ക്ക് പരാതി നൽകി.
എം.എൽ.എ സ്ഥലത്തെത്തിയെങ്കിലും ഫാം ഗേറ്റ് തുറന്ന് നൽകാത്തതിനാൽ മടങ്ങിയിരുന്നു.വനം വകുപ്പ് ഫാം ഉടമയ്ക്ക് നോട്ടീസ് നൽകിയെങ്കിലും ഇയാൾ വീണ്ടും മാലിന്യം എത്തിക്കുകയും വനം വകുപ്പ് പിടികൂടുകയുമായിരുന്നു. പ്രതിയെ വനം കോടതിയിൽ ഹാജരാക്കി.റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്,ബി.എഫ്.ഒ ഡോൺ എന്നിവരാണ് പ്രതിയെയും വാഹനത്തെയും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |