മുംബയ്: രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞതിന് പിന്നാലെ പല സംരംഭങ്ങളിലും സജീവ പ്രവർത്തനം കാഴ്ചവയ്ക്കുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കോളിവുഡിലൂടെ സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർതാരം വിജയ് ചിത്രത്തിലൂടെ താരം സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വിരമിക്കലിന് ശേഷം കോഴിവളർത്തൽ, കൃഷി, ജിംനേഷ്യം, തുണിത്തരങ്ങളുടെ കച്ചവടം, എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവർത്തിച്ചുവരികയാണ് ധോണി. ഇതിന് പിന്നാലെ 'ധോണി എന്റർടെയിൻമെന്റ്' എന്ന പേരിൽ ചലച്ചിത്ര നിർമാണ കമ്പനിയും ആരംഭിച്ചിരുന്നു. വിജയ്‌യുടെ 68ാം ചിത്രം ധോണി പ്രൊഡക്ഷൻസിന്റെ ബാനറിലായിരിക്കുമെന്നും ചിത്രത്തിൽ അതിഥി വേഷത്തിൽ താരമെത്തുമെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളിലാണ് താരം.
ധോണിയുടെ ആദ്യ ചിത്രത്തിൽ നയൻതാര നായികയാകുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ധോണി തന്നെ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |