മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ എൻസിപി നേതാക്കളുടെ യോഗം വിളിച്ച് ശരത് പവാർ. ഇന്ന് രാവിലെ 11 മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, സേനാ നേതാക്കളുടെ യോഗം 11.30ന് മാതോശ്രീയിൽ നടക്കും.
മൂന്ന് സേനാ എംഎൽഎമാർകൂടി വിമതപക്ഷത്ത് എത്തിയ സാഹചര്യത്തിലാണ് തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ ഒരുങ്ങുന്നത്. ദീപക് കെസാകർ, മംഗേഷ് കുടൽക്കർ, സദാ സർവൻക്കർ എന്നിവരാണ് ഇന്ന് രാവിലെ മുംബയിൽ നിന്ന് ഗുവാഹത്തിയിലേയ്ക്ക് തിരിച്ചത്. ഇതോടെ വിമത നേതാവും സേനാ മന്ത്രിയുമായ ഏകനാഥ ഷിൻഡെയുടെ പക്ഷത്തുള്ള എംഎൽഎമാരുടെ എണ്ണം 36 ആയി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടാതെ ശിവസേനയെ തകർക്കാൻ ഇനി ഷിൻഡെ ക്യാമ്പിന് ഒരാളെ കൂടി മതി. അഞ്ച് സ്വതന്ത്ര എംഎൽഎമാരും ഷിൻഡെക്കൊപ്പമുണ്ട്. ഇതേത്തുടർന്ന് ശിവസേന എംഎൽഎമാരുടെ വീടുകളുടെ സുരക്ഷ വർദ്ധിപ്പിച്ചു. ശിവസേന പ്രവർത്തകരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് നടപടി. മുംബയിൽ കൂടുതൽ സിആർപിഎഫ് സേനയെ വിന്യസിക്കും.
രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിമതനായ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് മഹാരാഷ്ട്രയിലെ ശിവസേനയുടെ സഖ്യകക്ഷികളായ കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഷിൻഡെ മുഖ്യമന്ത്രി പദം നിരസിച്ചെന്നാണ് സൂചന. ബിജെപി സംഖ്യം പുനഃസ്ഥാപിക്കുകയാണ് ശിവസേന ചെയ്യേണ്ടതെന്നാണ് ഷിൻഡെയുടെ വാദം.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധി മുറുകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാലെ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |