SignIn
Kerala Kaumudi Online
Wednesday, 07 October 2026 9.46 PM IST

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം,​ പൊളിഞ്ഞത് സി.പി.എം - പൊലീസ് ഗൂഡാലോചനയെന്ന് വി ഡി സതീശൻ  

vd-satheeshan

തിരുവനന്തപുരം : വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായതെന്ന് സതീശൻ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷമാണ് യുവാക്കള്‍ പ്രതിഷേധിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞത് ദുഷ്ടലാക്കോടെയാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിച്ച് നടക്കേണ്ടി വന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്, സി.പി.എം നേതാക്കളും പൊലീസ് തലപ്പത്തെ ഉന്നതരും ചേര്‍ന്ന് കള്ളക്കഥ മെനഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നല്‍കിയ റിപ്പോര്‍ട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്‍പ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജരെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയത് പൊലീസ് അസോസിയേഷന്റെ മുന്‍ ഭാരവാഹിയായ എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ ഇന്‍ഡിഗോയ്ക്ക് നല്‍കിയ പരാതിയിലും കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവിട്ടി താഴെയിട്ട് മൃഗീയമായി മര്‍ദ്ദിച്ച ഇ.പി ജയരാജനെതിരെ കേസെടുക്കാനും പൊലീസ് തയാറായിട്ടില്ല പ്രതിഷേധിച്ച ഈ ചെറുപ്പക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന പച്ചക്കള്ളം ഇ.പി ജയരാജന്‍ പലകുറി ആവര്‍ത്തിച്ചു. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും അപകീര്‍ത്തികരമായ പ്രസ്താവന തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ ഭരണ മുന്നണി കണ്‍വീനര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESHAN, VD SATHEESAN, CPM, CONGRESS, YOUTH CONGRESS, HIGH COURT, INDIGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA