SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.25 PM IST

സി.എൻ.ജി വേണ്ട, ഇ- ബസ് മതിയെന്ന് കെ.എസ്.ആർ.ടി.സി, ഡീസലിനുള്ള നികുതി ഒഴിവാക്കണമെന്നും ആവശ്യം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് സി.എൻ.ജി ബസ് വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച കെ.എസ്.ആർ.ടി.സി തങ്ങളുടെ ആ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചു. ആസൂത്രണബോർഡ് അംഗങ്ങളുമായി നടന്ന ചർച്ചയിലാണ് സി.എൻ.ജി ബസ് കെ.എസ്.ആർ.ടി.സിക്ക് യോജിച്ചതല്ലെന്ന് ആവർത്തിച്ചത്. ഇലക്ട്രിക് ബസുകളാണ് സി.എൻ.ജിയെക്കാൾ നല്ലതെന്നും മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.

കിഫ്ബി പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ഇ- ബസുകൾ വാങ്ങുന്നതിനായി മാറ്റണം. ഡീസലിനുള്ള നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ കെ.എസ്.ആർ.ടി.സിക്ക് ആവശ്യമുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു യോഗം.

ഡീസൽ ബസിന്റെ ഇരട്ടി വിലയ്ക്ക് മൈലേജ് കുറഞ്ഞ 700 സി.എൻ.ജി ബസ് വാങ്ങാനുള്ള തീരുമാനം വലിയ ബാദ്ധ്യതയാകുമെന്ന് മേയ് 23ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സ്വിഫ്ടിനുവേണ്ടി 455 കോടിയ്ക്ക് സി.എൻ.ജി ബസ് വാങ്ങാനുള്ള ടെൻഡർ കെ.എസ്.ആർ.ടി.സി പിൻവലിച്ചിരുന്നു.

സി.എൻ.ജിയുടെ വില ഉയരുന്നത് പ്രതികൂലമാണെന്ന് യോഗത്തിൽ കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടി. ഇലക്ട്രിക് ബസുകളുടെ വില കുറഞ്ഞു വരുന്നത് അനുകൂല ഘടകമാണെന്നും വ്യക്തമാക്കി.

ശമ്പള വിതരണം

പൂർത്തിയായില്ല

എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പളം നൽകാൻ ഇതുവരെ കെ.എസ്.ആർ.ടി.സിക്കായിട്ടില്ല. ഹയർ ഡിവിഷൻ ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ വിഭാഗത്തിനും കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ 30 കോടി കൂടി വേണം. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ശമ്പളം കൃത്യമായി നൽകണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആന്റണി രാജു എം.ഡിക്ക് നിർദ്ദേശം നൽകി. അതേസമയം, സി.ഐ.ടി.യു അസൗകര്യം അറിയിച്ചതിനെത്തുടർന്ന് തൊഴിലാളി സംഘടനകളുമായി മന്ത്രി 27ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.

TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY