കണ്ണൂരിലെ കല്യാണക്കലവറയിൽ നിന്നുള്ള അടിപൊളിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരം. ജോലിക്കിടയിലും ജീവിതത്തിലെ കൊച്ചു കൊച്ചു നിമിഷങ്ങൾ ആഘോഷമാക്കുന്ന കുറച്ച് ചെറുപ്പക്കാരുടെ വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. 'അത് പൊളിച്ചു' എന്ന അടിക്കുറിപ്പോടുകൂടിയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്.
കണ്ണൂർ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടിൽ നിന്ന് പകർത്തിയ വീഡിയോ ആണിത്. വധുവിന്റെ വീട്ടിലെ വിവാഹാഘോഷങ്ങൾക്കിടെ ഏതാനും ചെറുപ്പക്കാർ കലവറയിൽ വിവിധ ജോലികൾ ചെയ്യുകയും ഒപ്പം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ 'ഉയ്യാരം പയ്യാരം' എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കല്യാണവീട്ടിലെ ഗാനമേളയ്ക്കൊപ്പമായിരുന്നു ചെറുപ്പക്കാർ നൃത്തം ചെയ്തത്. വീഡിയോ ഇതിനോടകം തന്നെ ഏറെ പ്രചാരം നേടിയിരിക്കുകയാണ്.
എൽ ജി എം വെഡ്ഡിംഗ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫോട്ടോഗ്രാഫറായ ഷിജിൽ ആണ് വീഡിയോ പകർത്തിയത്. ജനുവരിയിൽ പകർത്തിയ വീഡിയോ രണ്ടുദിവസം മുൻപായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ ഇത് വൈറലാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |