
മുംബയ്: പണ്ടൊക്കെ ജോലിസ്ഥലത്ത് നിന്നും അവധി കിട്ടാൻ പനിയും തലവേദനയും കഴിഞ്ഞാൽ അടുത്ത നുണ ബന്ധുക്കളുടെ മരണവാർത്തകളായിരിക്കും പലരും പറയുക. എന്നാൽ കാലം മാറിയിട്ടുണ്ടെന്നതിന് ഉത്തമ ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ഒരു ലീവ് ലെറ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
കാമുകിക്കൊപ്പം സമയം ചെലവഴിക്കാൻ അവധി വേണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവാവ്. പ്രമുഖ ഓറൽ കെയർ ബ്രാൻഡിന്റെ ഡയറക്ടറായ വീരേൻ ഖുല്ലറാണ് തന്റെ ജീവനക്കാരൻ അയച്ച ഇമെയിലിന്റെ സ്‌ക്രീൻഷോട്ട് ലിങ്ക്ഡിന്നിൽ പങ്കുവച്ചത്.
ഡിസംബർ 16ന് തനിക്ക് അവധി വേണമെന്നായിരുന്നു ജീവനക്കാരന്റെ ആവശ്യം. കാരണം മറ്റൊന്നുമല്ല ഉത്തരാഖണ്ഡിലെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കാമുകിക്കൊപ്പം സമയം ചെലവഴിക്കണം. ജനുവരി ആദ്യമേ കാമുകി തിരിച്ചെത്തുകയുള്ളൂവെന്നും അതിനാൽ യാത്രയ്ക്ക് മുൻപുള്ള അവസാന ദിവസം ഒപ്പമുണ്ടാവണമെന്നും യുവാവ് ഇമെയിലിൽ കുറിച്ചു. അവധിക്ക് ഒട്ടേറെ ദിവസങ്ങൾക്ക് മുൻപ് മെയിൽ അയച്ചതും ശ്രദ്ധേയമായി.
ജീവനക്കാരന്റെ സത്യസന്ധത ബോസിനും വലിയ ഇഷ്ടമായി. 'പത്ത് വർഷം മുൻപായിരുന്നെങ്കിൽ രാവിലെ 9:15ന് 'സിക്ക് ലീവ്' മെസേജ് ആയിട്ടായിരിക്കും ഇത് വരിക. ഇന്ന് കാര്യങ്ങൾ മാറി. എല്ലാം സുതാര്യമായി. പ്രണയത്തിന് മുന്നിൽ നമുക്ക് നോ പറയാനാകില്ലല്ലോ അവധി അനുവദിച്ചിരിക്കുന്നു' വീരേൻ ഖുല്ലർ ലിങ്ക്ഡിന്നിൽ പങ്കുവച്ച സ്ക്രീൻ ഷോട്ടിൽ പറഞ്ഞു.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സംഗതി വൈറലായി. ജീവനക്കാരന്റെ സത്യസന്ധതയേയും ബോസിന്റെ പോസിറ്റീവ് മനോഭാവത്തേയും ഒത്തിരിപേർ പിന്തുണച്ചു. ഇക്കാര്യത്തിൽ യുവാവിന്റെ സത്യസന്ധതയ്ക്കും നൂറ് മാർക്ക് കൊടുക്കാം. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾക്കിടയിൽ ഇത്തരം കാരുണ്യവും പരസ്പര വിശ്വാസവും മികച്ച തൊഴിൽ സംസ്‌കാരം വളർത്താൻ സഹായിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |