SignIn
Kerala Kaumudi Online
Wednesday, 30 September 2026 12.32 AM IST

22ാം വാർഡ് ഉപതിരഞ്ഞെടുപ്പ്: ആലുവാ നഗരസഭയിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി

ആലുവ: ആലുവാ നഗരസഭ 22-ാം വാർഡിൽ ജൂലായ് 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. വിദ്യാ ബിജു (യു.ഡി.എഫ്), കവിത അജിക്കുട്ടൻ (എൽ.ഡി.എഫ്), പി. ഉമാദേവി (എൻ.ഡി.എ) എന്നിവരെയാണ് മുന്നണികൾ കളത്തിലിറക്കുന്നത്. കോൺഗ്രസിന് നഗരസഭാ ഭരണം കേവല ഭൂരിപക്ഷത്തിൽ നിലനിർത്താൻ ഉപതിരഞ്ഞെടുപ്പ് വിജയം അനിവാര്യമാണ്.

2020ൽ ഇടതു - വലതു മുന്നണികൾ നേരിട്ടാണ് ഏറ്റുമുട്ടിയതെങ്കിൽ ഇക്കുറി ബി.ജെ.പി സാന്നിദ്ധ്യം കോൺഗ്രസിന് ഭീഷണിയാണ്. ജെബി മേത്തർ തുടർച്ചയായി മൂന്ന് വട്ടം ജയിച്ചെങ്കിലും 22 -ാം വാർഡ് യു.ഡി.എഫിന്റെ കുത്തകയല്ല. കോൺഗ്രസിന്റെ നഗരസഭാ ചെയർമാനായിരുന്ന രാജശേഖരൻപിള്ള വരെ അടിയറവ് പറഞ്ഞിട്ടുണ്ട്. 2005ലും ഇടതുപക്ഷത്തിനായിരുന്നു ജയം. 2015ൽ 28 വോട്ട് നേടിയ ബി.ജെ.പി ഇക്കുറി മത്സരിപ്പിക്കുന്ന ഉമാദേവി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അടുത്ത ബന്ധുവാണ്. അതിനാൽ കുടുംബ വോട്ടുകൾ ഭിന്നിച്ചേക്കാം. അദ്ധ്യാപികയെന്ന പരിഗണനയും ബി.ജെ.പി സ്ഥാനാർത്ഥിക്കുണ്ട്. കോൺഗ്രസ് വോട്ട് ഭിന്നിക്കുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യും. മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിന്റെ സഹതാപവും കവിതയ്ക്ക് ലഭിക്കുമെന്നാണ് ഇടതുപക്ഷം കണക്കാക്കുന്നത്.

ഇതേ വാർഡിൽ മൂന്ന് വട്ടം കൗൺസിലറും രണ്ടര വർഷത്തോളം നഗരസഭാ ചെയർമാനുമായിരുന്ന രാജശേഖരൻപിള്ളയുടെ മകൻ ബിജുവിന്റെ ഭാര്യയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിദ്യാ ബിജു. വാർഡിൽ ടൈലറിംഗ് യൂണിറ്റ് നടത്തുന്നയാളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കവിത. സി.പി.എം ബ്രാഞ്ച് അംഗം അജിക്കുട്ടന്റെ ഭാര്യയാണ്. ആലുവ വിദ്യാധിരാജ സ്കൂളിലെ റിട്ട. അദ്ധ്യാപികയാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി. ഉമാദേവി. 2010ൽ 39 വോട്ടിനും 2015ൽ 148 വോട്ടിനും 2020ൽ 119 വോട്ടിനുമാണ് യു.ഡി.എഫിലെ ജെബി മേത്തർ വിജയിച്ചത്. പുതിയതായി ചേർത്തവർ ഉൾപ്പെടെ 450 വോട്ടർമാരാണ് ആകെയുള്ളത്. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് രണ്ടാണ്. സൂക്ഷ്മപരിശോധന ജൂലായ് നാലിനും സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് ആറുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ELECTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL