കൊച്ചി: പത്തനംതിട്ട ജില്ലയിലെ പുറമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയചർച്ചയിൽ പങ്കെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയൻ ഉൾപ്പെടെ ഏഴ് അംഗങ്ങൾ
കേന്ദ്രസേനയുടെ സംരക്ഷണംതേടി ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിലപാട് തേടിയ ജസ്റ്റിസ് അനുശിവരാമൻ ഹർജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. ജൂലായ് ഏഴിനാണ് അവിശ്വാസ പ്രമേയ ചർച്ച.
ജൂൺ 22ന് ചർച്ചയ്‌ക്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ക്വാറം തികയാത്തതിനാൽ നടന്നില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങൾ പ്രസിഡന്റിനെ ആക്രമിച്ചെന്നും ഇവരുടെയാളുകൾ പഞ്ചായത്തിന്റെ വാഹനം തകർത്തെന്നും ഹർജിയിൽ പറയുന്നു.വനിതാസംവരണമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് പിന്തുണയോടെയാണ് സ്വതന്ത്രയായ സൗമ്യ വിജയൻ തിരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ പഞ്ചായത്തിൽ കോൺഗ്രസിന് അഞ്ചും സി.പി.എമ്മിന് മൂന്നും അംഗങ്ങളാണുള്ളത്. അഞ്ചുപേർ സ്വതന്ത്രരാണ്.