SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

സ്പ്രിൻക്ളർ: വ്യക്തി വിവരങ്ങൾ ചോർന്നില്ലെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
s

കൊച്ചി: കൊവിഡ് കാലത്തെ സ്പ്രിൻക്ളർ കരാറുമായി ബന്ധപ്പെട്ട് പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് രോഗികളെ തിരിച്ചറിയാൻ മാത്രമാണ് സർക്കാർ അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ളറിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെങ്കിലും മഹാമാരിയുടെ അസാധാരണ സാഹചര്യം പരിഗണിക്കുമ്പോൾ സർക്കാരിന്റെ നടപടി ന്യായമാണെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്രിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കരാറിനെതിരെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുരേന്ദ്രൻ എന്നിവരടക്കം നൽകിയ പൊതുതാത്പര്യ ഹർജികളിലെ തുടർനടപടികൾ കോടതി അവസാനിപ്പിക്കുകയും ചെയ്തു.

വ്യക്തിവിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയത് സ്വകാര്യതയുടെ ലംഘനമാണെന്നും പൊതു കരാറുകൾ സംബന്ധിച്ച, ഭരണഘടനയുടെ 299-ാം അനുച്‌ഛേദത്തിന് വിരുദ്ധമാണെന്നും ആരോപിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കരാറിന് പിന്നിൽ അന്നത്തെ ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാപിത താത്പര്യമാണെന്നും ആരോപിച്ചിരുന്നു.

സേവനം സൗജന്യമായിരുന്നെന്നും വിവരങ്ങൾ തങ്ങളുടെ പക്കൽ സുരക്ഷിതമാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഡേറ്റ ചോർന്നതായി പരാതികളില്ല. അത്യാവശ്യഘട്ടത്തിൽ പൊതുജനാരോഗ്യം മുൻനിറുത്തിയാണ് വിവരശേഖരണത്തിന് തീരുമാനമെടുത്തതെന്നും സർക്കാർ വാദിച്ചു.

സർക്കാർ കരാറുകൾക്ക് 299-ാം അനുച്ഛേദം ബാധകമല്ലെന്ന വാദം കോടതി തള്ളിയെങ്കിലും കൊവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് സർക്കാരിന്റെ വിശദീകരണം അംഗീകരിക്കുകയായിരുന്നു.

TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY