
കോഴിക്കോട്: മാളിക്കടവിൽ ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
വൈശാഖനെ (35) തെളിവെടുപ്പിനായി കൊയിലാണ്ടി കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വൈശാഖനെ തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും. വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ വർക് ഷോപ്പ്, യുവതിയെ കൊല്ലാൻ ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പ്, വൈശാഖന്റെ വീട് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ പിന്നീടാകും തെളിവെടുപ്പ് നടത്തുകയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈശാഖന്റെ വർക് ഷോപ്പിൽ ഫോറൻസിക് സംഘമെത്തി പരിശോധിച്ചിരുന്നു. യുവതിയുടെ കഴുത്തിലെ കയർ മുറിച്ച് താഴെയിറക്കി കിടത്തിയ സ്ഥലത്തെ മണ്ണും വൈശാഖൻ ഉപയാേഗിച്ചിരുന്ന ടവൽ തുടങ്ങിയവയും യുവതിക്ക് നൽകിയ ഉറക്കഗുളികയുടെ അംശവും ലഭിച്ചിരുന്നു. എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
യുവതി എഴുതിയ ഡയറി നേരത്തേ പൊലീസിന് കിട്ടിയിട്ടുണ്ട്. ഒരുമിച്ച് കയർ കൊണ്ട് കുരുക്കുണ്ടാക്കിയെങ്കിലും വൈശാഖൻ യുവതിയെ തന്ത്രപൂർവം കൊല്ലുകയായിരുന്നു . മൃതദേഹത്തിലും ലൈംഗികാതിക്രമം നടത്തിയതിനാൽ സമാനതകളില്ലാത്ത കേസാണിതെന്ന് പൊലീസ് പറഞ്ഞു. യുവതിയോടുള്ള പകയാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനാറ് വയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് പോക്സോ കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |