SignIn
Kerala Kaumudi Online
Tuesday, 15 September 2026 9.16 AM IST

സ്വപ്നയുടെ ആരോപണങ്ങൾ ശരിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സതീശൻ

vd-satheesan

തിരുവനന്തപുരം: രാജ്ഭവനിലേക്കു പോകേണ്ട ഷാർജ ഭരണാധികാരി റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് പോയതു സംബന്ധിച്ച സ്വപ്ന സുരേഷിന്റെ ആരോപണം ശരിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ഇതുൾപ്പെടെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷണം വേണം.

പ്രോട്ടോകോൾ പ്രകാരമുള്ള അനുവാദം വാങ്ങാതെയാണ് കോൺസൽ ജനറൽ മുഖ്യമന്ത്രിയെ കണ്ടതെന്ന ആരോപണവും ഗുരുതരമാണ്. സ്വകാര്യ ആവശ്യങ്ങൾ ഷാർജ ഭരണാധികാരിക്കു മുന്നിൽ മുഖ്യമന്ത്രി ഉന്നയിച്ചു എന്നും ആരോപണമുണ്ട്. ഇത് ശരിയോയെന്ന് മുഖ്യമന്ത്രി പറയട്ടെ.

ക്ലിഫ് ഹൗസിലെ സി.സി ടി.വി കാമറകൾ പരിശോധിക്കണമെന്നാണ് സ്വപ്ന ആവശ്യപ്പെടുന്നത്. ഒരു കാലവും കണക്കുചോദിക്കാതെ കടന്നുപോകില്ല. അന്ന് ഉമ്മൻ ചാണ്ടിയോട് സി.സി ടി.വി ഫൂട്ടേജ് ആവശ്യപ്പെട്ട പിണറായി വിജയൻ ഇപ്പോൾ ക്ലിഫ് ഹൗസിലെ ദൃശ്യങ്ങൾ കാട്ടിക്കൊടുക്കട്ടെ.

സ്പ്രിൻക്ലറിൽ തന്നെ ബലിയാടാക്കിയെന്ന് ശിവശങ്കർ പറഞ്ഞെന്നാണ് സ്വപ്ന പറയുന്നത്. ഡാറ്റ വിറ്റെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്.

 അവകാശലംഘനത്തിന് നോട്ടീസ്

മകളുടെ കമ്പനിയിലെ മെന്ററുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണത്തിൽ മുഖ്യമന്ത്രി തെറ്റായ വിവരമാണ് നിയമസഭയിൽ നൽകിയത്. ഡിപ്ലോമാറ്റിക് ചാനൽ വഴി ബാഗ് കൊണ്ടു പോയിട്ടില്ലെന്ന് നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞ മുഖ്യമന്ത്രി പിന്നീട് മാറ്റിപ്പറഞ്ഞു. ഇക്കാര്യങ്ങളിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകും. ഡിപ്ലോമാറ്റിക് ചാനലിൽ എന്തിനാണ് ആറന്മുള കണ്ണാടി അയച്ചതെന്ന ചോദ്യത്തിനും മറുപടി വേണം. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ സോളാർ കേസിലേതുപോലെ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA