SignIn
Kerala Kaumudi Online
Sunday, 04 October 2026 10.03 AM IST

വിഖ്യാത നാടക, സിനിമാ സംവിധായകൻ പീറ്റർ ബ്രൂക്ക് അന്തരിച്ചു

peter-brook

ലണ്ടൻ: മഹാഭാരതത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വിഖ്യാത ബ്രിട്ടീഷ് നാടക, സിനിമാ സംവിധായകൻ പീറ്റർ ബ്രൂക്ക് (97) അന്തരിച്ചു.

ശനിയാഴ്ച പാരീസിലായിരുന്നു അന്ത്യം.

20ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള നാടക സംവിധായകരിൽ ഒരാളായിരുന്നു. 1925ൽ ലണ്ടനിൽ ജനിച്ച് വളർന്ന അദ്ദേഹം 1970ൽ പാരീസിൽ താമസമാക്കി. 17ാം വയസിലാണ് നാടക കലാരംഗത്തെത്തി. നാടക സിനിമാ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2021ൽ ഇന്ത്യ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

ഷേക്സ്‌പിയറിന്റെ കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം സംവിധാനം ചെയ്ത 'എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം' ലോക നാടകവേദിയിലെ ഒരു വഴിത്തിരിവായിരുന്നു.

1985ൽ 'ദ മഹാഭാരതം' എന്ന 9 മണിക്കൂർ നീണ്ട മാസ്റ്റർപീസ് നാടകത്തിലൂടെ അദ്ദേഹം ലോകമെമ്പാടും പ്രശസ്തനായി. 1970ൽ എഴുത്തുകാരനായ ജീൻ ക്ലൗഡ് കാരിയറുമൊത്താണ് ഇന്ത്യൻ ഇതിഹാസമായ മഹാഭാരതം നാടകരൂപത്തിലാക്കാൻ ആരംഭിച്ചത്. 1985ൽ ഇത് വേദിയിലെത്തി. പിന്നീട് സീരിയലുകളായി ടെലിവിഷനിൽ പ്രദർശിപ്പിച്ചു.

ദ്വീപിൽ അകപ്പെടുന്ന സ്‌കൂൾ വിദ്യാർത്ഥികളെക്കുറിച്ചുള്ള 'ലോർഡ് ഓഫ് ദി ഫ്‌ളൈസ്' (1963) ആയിരുന്നു ആദ്യ സിനിമ.
പാരീസിൽ ബൗഫെസ് ഡു വിൽ നാടക ഗവേഷണത്തിനുള്ള അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിച്ചു.

മികച്ച സംവിധായകനുള്ള ടോണി ആൻഡ് എമ്മി അവാർഡ്, ലോറൻസ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.

1951 ൽ നടി നതാഷ് പാരിയെ വിവാഹം ചെയ്തു. ഇവർ 2015ൽ അന്തരിച്ചു.

നടിയും സംവിധായികയുമായ ഐറിന, സംവിധായകൻ സൈമൺ എന്നിവർ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, PETER BROOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360