SignIn
Kerala Kaumudi Online
Sunday, 04 October 2026 11.33 PM IST

കോൺഗ്രസ് മുതൽ എസ് ഡി പി ഐ വരെ; സജി ചെറിയാനെതിരെ പരാതികളുടെ പ്രവാഹം, കടുത്ത വിമർശനവുമായി സി പി ഐയും, പിണറായി മന്ത്രിസഭയ്ക്ക് അടുത്ത തലവേദന

saji-cheriyan-pinarayi

തിരുവനന്തപുരം: ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണപക്ഷത്ത് നിന്ന് തന്നെ ശക്തമായ എതിർപ്പുയരുന്നു. സിപിഎമ്മിലെ എം എ ബേബി അടക്കമുള്ള നേതാക്കൾ മന്ത്രി രാജിവക്കേണ്ട എന്ന നിലപാടെടുത്തപ്പോൾ ഘടകകക്ഷിയായ സിപിഐ ശക്തമായ എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്. മല്ലപ്പള്ളി പ്രസംഗം അനുചിതമായിരുന്നെന്നും വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാദ്ധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തിയിരുന്നു.

ഇടതുമുന്നണിയിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടിയായ സിപിഐയുടെ ഈ നിലപാട് പിണറായി മന്ത്രിസഭയെ കൂടുതൽ പ്രതിരോധത്തിലാക്കിയേക്കും. സ്വപ്ന വിഷയവും. എ കെ ജി സെന്ററിലെ ബോംബ് ആക്രമണവും പി സി ജോർജിന്റെ അറസ്റ്റുമെല്ലാമായി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് കേരള മന്ത്രിസഭ. അതിനിടയിൽ വരുന്ന സജി ചെറിയാന്റെ വിവാദ പ്രസംഗം പിണറായി മന്ത്രിസഭയെ സമ്മർദ്ദത്തിലാക്കുമെന്ന് ഉറപ്പാണ്.

ഇതിനോടകം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. എന്നാൽ ഭരണപക്ഷത്തെ കുഴക്കുന്നത് സജി ചെറിയാനെതിരെ രാജ്ഭവനിൽ ഇതിനോടകം എത്തിയ പരാതികളുടെ പ്രളയമാണ്. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖന്റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി ഗവർണർക്ക് പരാതി നൽകി. പരാതി നൽകിയ ശേഷം മാദ്ധ്യമപ്രവർത്തകരുമായി രാജ്ഭവന് പുറത്തുവച്ച് സംസാരിച്ച കുമ്മനം ഭരണഘടനയുടെ അന്തസ്സത്തയെ ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. നിയമസഭയ്ക്കക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകി. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രടറി പഴകുളം മധു ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. ജനപക്ഷം നേതാവ് പിസി ജോർജ് കേരള ഗവർണർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി. സംഭവത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.

വിവാദ പ്രസംഗത്തിനെതിരെ എസ് ഡി പി ഐയും രംഗത്തെത്തി. സജി ചെറിയാന്റെ പരാമർശം ഫാസിസ്റ്റ് സമീപനമാണെന്നും ഭരണഘടനയെ നിന്ദിക്കാൻ മന്ത്രി തന്നെ രംഗത്ത് വന്നത് അപകടരമായ പ്രവണതയെന്നും എസ് ഡി പി ഐ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJI CHERIYAN, PINARAYI VIJAYAN, KERALA, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA