കോഴിക്കോട്:'ഹാഫ് ഷവായ്, പിന്നെ മൂന്ന് കുബൂസും, ഹോട്ടലാണെന്ന് കരുതി ഫോണലൂടെ ഓർഡർ നൽകിയ എ.ആർ ക്യാമ്പ് എ.എസ്.ഐയോട് 'ഒരു രക്ഷയുമില്ല" എന്ന വൈറൽ മറുപടിയുമായി ഫറോക്ക് അസി. കമ്മിഷണർ. എ.ആർ ക്യാമ്പിൽ ഭക്ഷണം എത്തിക്കണമെന്നായിരുന്നു അബദ്ധവിളിയിൽ എ.സി.പി എം.എം. സിദ്ദിഖിനോട് എ.എസ്.ഐ നിർദ്ദേശിച്ചത്. വിളി അബദ്ധമാണെന്നറിഞ്ഞ എ.എസ്.ഐ ക്ഷമ പറയുന്നതും അത് സാരമില്ലെന്ന എ.സി.പിയുടെ മറുപടിയുമാണ് ആ സംഭാഷണത്തെ വൈറലാക്കിയത്.
കോഴിക്കോട് എ.ആർ ക്യാമ്പിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് ദിവസത്തേക്ക് കൺട്രോൾ റൂമിലേക്ക് നിയോഗിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞതോടെ തങ്ങൾ മടങ്ങുകയാണെന്ന് എ.എസ്.ഐ കൺട്രോൾ റൂമിന്റെ ചുമതലയുള്ള എ.സി.പി എം.എം. സിദ്ദിഖിനെ ഫോണിൽ വിളിച്ച് അറിയിച്ചു. അതുകഴിഞ്ഞാണ് ഫോട്ടലിലേക്കെന്ന് കരുതിനേരത്തേ വിളിച്ച എ.സി.പിയുടെ നമ്പറിലേക്ക് വീണ്ടും വിളിച്ചത്. തനിക്ക് പറ്റിയ അബദ്ധവും എ.സി.പിയുടെ മറുപടിയും എ.എസ്.ഐതന്നെയാണ് പൊലീസുകാരുടെ ഗ്രൂപ്പിൽ പങ്കുവച്ചത്.
പൊലീസുകാരാണ്, ഭക്ഷണം ഉടൻ വേണം
പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയാണ് എ.എസ്.ഐ ഭക്ഷണത്തിന് ഓർഡർ നൽകിയത്. തങ്ങൾ ഫറോക്കിൽ എത്താറായെന്നും ഹാഫ് ഷവായും മൂന്ന് കുബൂസും ഉടൻ എത്തിക്കണമെന്നും അറിയിച്ചു. ഏത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് എ.സി.പി തിരിച്ച് ചോദിച്ചപ്പോഴും എ.എസ്.ഐയ്‌ക്ക് സംശയമുണ്ടായില്ല. ഭക്ഷണം വേഗം എടുത്ത് വയ്‌ക്കണമെന്ന് അഭ്യർത്ഥിച്ചപ്പോഴാണ് പൊലീസുകാരെ ഞെട്ടിച്ച ആ മറുപടി എത്തിയത് - 'ഒരു രക്ഷയുമില്ല. ഞാൻ ഫറോക്ക് എ.സി.പിയാണ്".
ഇതോടെ എ.എസ്.ഐയുടെ ക്ഷമാപണപ്പെരുമഴയും ഒപ്പമെത്തി. ' നോ പ്രോബ്ളം, തമാശയായി കണ്ടാൽ മതി. അബദ്ധം ആർക്കും പറ്റൂലേ" എന്ന് പറഞ്ഞാണ് എ.സി.പി
രംഗം തണുപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |