ന്യൂഡൽഹി: ഔദ്യോഗിക നേതൃത്വത്തെ അവഗണിച്ച് തനിക്കൊപ്പം ഗുവാഹത്തിയിലെത്തിയ വിമത എം.എൽ.എമാർ അറിയാതെ രാത്രി നടത്തിയ രഹസ്യ ചർച്ചകളുടെ കഥകൾ വെളിപ്പെടുത്തി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.ബി.ജെ.പിയെക്കാൾ ശിവസേനയ്‌ക്ക് എം.എൽ.എമാർ കുറവായിട്ടും ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തനിക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. തനിക്കു പിന്നിൽ പാറ പോലെ ഉറച്ചു നിൽക്കുമെന്ന് അമിത് ഷാ പറഞ്ഞു. വിമത നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച 'വലിയ കലാകാരൻ' ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരുന്നു. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിമത എം.എൽ.എമാർക്കൊപ്പം കഴിഞ്ഞ നാളുകളിൽ നടന്ന രഹസ്യ ചർച്ചകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ഒപ്പമുള്ള എം.എൽ.എമാർ അറിയാതെ താൻ ഫഡ്നാവിസിനെ കാണാൻ പോയിരുന്നു. ബാക്കിയുള്ളവർ ഉണരും മുമ്പ് ഹോട്ടലിൽ തിരിച്ചെത്തി.
ഫഡ്‌നാവിസ് എപ്പോൾ എന്തു ചെയ്യുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ഷിൻഡെ പറഞ്ഞു. 2019ൽ തനിക്ക് ഉപമുഖ്യമന്ത്രി പദം വാഗ്‌ദാനം ചെയ്‌താണ്. ശിവസേനയിലെ ചിലരാണ് അതിന് തടയിട്ടത്. ബി.ജെ.പി-ശിവസേന സർക്കാർ വിടേണ്ടി വന്നപ്പോൾ ഫഡ്‌നാവിസ് എല്ലാപിന്തുണയും നൽകിയെന്നും ഷിൻഡെ ഒാർത്തു.
ശിവസേനയിൽ നേരിട്ട അടിച്ചമർത്തലാണ് വിമത നീക്കത്തിന് പ്രേരിപ്പിച്ചതെന്നും ഷിൻഡെ വെളിപ്പെടുത്തി. എന്നാൽ താൻ എന്നും ഉറച്ച ശിവസൈനികനായി തുടരും. ഗുവാഹതിയിലെ കാമാഖ്യക്ഷേത്ര ദർശനം നടത്തിയപ്പോൾ '40 കാളകളെ' ബലികഴിക്കാൻ കൊണ്ടുപോകുന്നു എന്നാണ് സ്വന്തം പാർട്ടിയിലെ ചിലർ വിശേഷിപ്പിച്ചത്. ഇപ്പോൾ ആരാണ് ബലികഴിക്കപ്പെട്ടതെന്ന് വ്യക്തമായെന്നും ഷിൻഡെ പറഞ്ഞു. വിമതർ ജീവനോടെ തിരിച്ചു മുംബയിലെത്തില്ലെന്ന് സഞ്ജയ് റാവത്ത് എം.പി പറഞ്ഞ കാര്യവും ഷിൻഡെ എടുത്തു പറഞ്ഞു. എന്നാൽ, ആരോടും പ്രതികാരം ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |