SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.37 AM IST

രാജി പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ, ആരും നിർബന്ധിച്ചതല്ല, തീരുമാനം സ്വതന്ത്രമെന്ന് പ്രതികരണം

kk

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ചതിനെ തുടർന്നുള്ള വൻ വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാൻ രാജി വച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സിപിഎം പ്രവർത്തകനായ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാജി പ്രഖ്യാപിക്കവെ സജി ചെറിയാൻ വ്യക്തമാക്കി. മാദ്ധ്യങ്ങൾ തന്റെ പ്രസംഗം മുഴുവൻ പ്രേക്ഷേപണം ചെയ‌്തില്ല എന്നതിൽ പരാതിയുണ്ട്. രാജ്യത്തെ ഭരണഘടനയോടും ജനങ്ങളോടും നീതിന്യായ വ്യവസ്ഥയോടും അങ്ങേയറ്റം കൂറുപുലർത്തിയ വ്യക്തിയെന്ന നിലയിൽ സംഭവിച്ച കാര്യങ്ങളിൽ അതിയായ ദുഖമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ആരും നിർബന്ധിച്ചിട്ടല്ല രാജിയെന്നും, മുഖ്യമന്ത്രിയോട് രാജി വയ‌്ക്കുകയാണന്ന് താൻ അങ്ങോട്ട് പറയുകയായിരുന്നെന്നും സജി ചെറിയാൻ വ്യക്തമാക്കി.

ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് സജി ചെറിയാൻ പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് ഈ ദുഷ്‌പ്രാചരണം നടത്തുന്നത്. ഇത് സി.പി. എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നയസമീപനങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ട്. ഞാന്‍ ഒരിക്കല്‍ പോലും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

എന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാന്‍ മനസിലാക്കുന്നു. ആ സാഹചര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്. അതിനാല്‍, ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്ന് രാജി പ്രഖ്യാപിച്ചു കൊണ്ട് സജി ചെറിയാൻ പറഞ്ഞു.

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. എതിരാളികൾക്ക് ആയുധം നൽകുന്ന പ്രവർത്തിയായിരുന്നെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. കോടതിയിൽ നിന്ന് തീരുമാനം വരുന്നതുവരെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കട്ടെയെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ തീരുമാനമെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJI CHERIYAN, RESIGNATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA