തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ കരാർ ലോബിക്കായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയും രംഗത്തെത്തിയതോടെ കൊള്ളക്കാരുടെ സ്വാധീനത്തിന്റെ ആഴം വ്യക്തം. ആയിരം കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കുന്ന കരാറുകൾ റദ്ദാക്കരുതെന്ന് 2018ൽ വിരമിച്ച പോൾ ആന്റണി ഈ മാസം മൂന്നിന് കത്തു നൽകുകയായിരുന്നു.
റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകാതിരുന്നിട്ടും സംസ്ഥാനം കഴിഞ്ഞ ആറ് വർഷമായി വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്ന കരാറുകൾ റദ്ദാക്കണമെന്ന് കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയും സി.എ.ജി.യും ആവശ്യപ്പെട്ടിട്ടും ഇതുസംബന്ധിച്ച ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ല. ഈ ഫയലിലെ വിവരങ്ങൾ ഉൾപ്പെടുത്തി കരാർ റദ്ദാക്കരുതെന്നാവശ്യപ്പെട്ടാണ് പോൾ ആന്റണി സർക്കാരിന് അസാധാരണ കത്ത് നൽകിയത്. കോൺഫിഡൻഷ്യലായ ഫയൽ മുൻ ചീഫ് സെക്രട്ടറിക്ക് എങ്ങനെ കിട്ടിയതെന്നത് ദുരൂഹമാണ്. ഇത് അന്വേഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും ഒന്നും നടന്നില്ല. കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട ബി.അശോക് തെറിക്കുകയും ചെയ്തു.
കരാർ റദ്ദാക്കിയാൽ സംസ്ഥാനത്തിന് വൻ ബാദ്ധ്യതയാകുമെന്നും ആയിരം കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മാത്രമല്ല ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾക്ക് പ്രതിസന്ധിയുണ്ടാകുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരാറിനെതിരായ സി.എ.ജിയുടെ പരാമർശങ്ങൾ പിന്നീട് നീക്കപ്പെട്ടെന്ന ഫയലിലെ വിവരവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇന്നലെ നിയമസഭയിൽ വൈദ്യുതി വിഷയം ചർച്ചയായെങ്കിലും വിവാദ ബില്ലിൽ നിന്ന് എല്ലാവരും അകലം പാലിച്ചു. സംസ്ഥാനത്തിന് 800 കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തുന്ന അനധികൃത കരാർ റദ്ദാക്കിയാൽ വൈദ്യുതി ബോർഡിനും സംസ്ഥാനത്തിനും വൻ നേട്ടമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. എന്നാൽ, കെ.എസ്.ഇ.ബിയെ ലാഭത്തിലെത്തിച്ച ചെയർമാനെ മാറ്റിയതിന് പിന്നിലെ താത്പര്യത്തെക്കുറിച്ച് സംസാരമുണ്ടായില്ല.
എങ്ങുമെത്താതെ
വിജി. അന്വേഷണം
അനധികൃത കരാർ കെ.എസ്.ഇ.ബിക്ക് പ്രതിവർഷം 150 കോടിയിലേറെ രൂപയാണ് നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഇടപാട് ഒരു അനുമതിയുമില്ലാതെ തുടരുന്നതിന് പിന്നിലെ ശക്തികൾക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പാണ്. അന്ന് വിജിലൻസ് സംഘം കെ.എസ്.ഇ.ബി ആസ്ഥാനത്തെത്തി ഒറിജിനൽ ഫയലുകളെല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു. എന്നാൽ തുടർ നടപടിയൊന്നുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |